കോട്ടയം: നഗരപരിധിയിൽ എസ്.എച്ച് മൗണ്ടിലെ 12 കടകളിൽ മോഷണം. എസ്.എച്ച് മൗണ്ടിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക്ക് കടയിലും ബാറ്ററിക്കടയിലും അടക്കം 12 കടകളിലാണ് മോഷണം നടന്നത്. ചൊവ്വാഴ്ച രാവിലെ കടയുടമകൾ കട തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. തുടർന്ന്, ഇവർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. ഗാന്ധിനഗർ പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
എസ്.എച്ച് മൗണ്ടിൽ ഇന്ത്യൻ കോഫി ഹൗസിന് എതിർവശത്ത് പ്രവർത്തിക്കുന്ന ഷോപ്പിംങ് കോംപ്ലക്സിലെ കടകളിലാണ് മോഷണം നടന്നത്. പല കടകളുടെയും ഷട്ടറുകൾ തകർത്ത് അകത്ത് കയറിയ മോഷ്ടാക്കൾ പണവും സാധനങ്ങളും അപഹരിക്കുകയായിരുന്നു. മോഷണത്തിന്റെ കൃത്യമായ വിവരങ്ങൾ പൊലീസ് നടത്തുന്ന പരിശോധനയോടെ മാത്രമേ പുറത്ത് വരൂ.