മനസിനെ വെളിച്ചത്തിലേക്ക് നയിക്കുന്നത് നല്ല വായന; ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍

ഇരുണ്ട മനസിനെ വെളിച്ചത്തിലേക്ക് നയിക്കുന്നത് നല്ല വായനയാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. വായനാ ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം അടൂര്‍ ഗവ.ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഡെപ്യുട്ടി സ്പീക്കര്‍. ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകനും വായിച്ചു വളരുക ചിന്തിച്ച് വിവേകം നേടുക എന്ന മഹത് സന്ദേശം മലയാളികള്‍ക്ക് നല്‍കുകയും ചെയ്ത പി.എന്‍. പണിക്കരുടെ അനുസ്മരണാര്‍ഥമാണ് വായനാദിനം ആചരിക്കുന്നത്. മികച്ച വായനയിലൂടെ മാത്രമേ വിജ്ഞാനവും വിവേകവും നേടാന്‍ സാധിക്കു. നല്ല പുസ്തകങ്ങളും നല്ല സൗഹൃദങ്ങളുമാണ് നല്ല ചിന്തകളിലേക്ക് നയിക്കുകയെന്നും അറിവാണ് മറ്റെന്തിനേക്കാളും പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികള്‍ സിവില്‍ സര്‍വീസ് പോലെയുള്ള ഉന്നത സ്ഥാനങ്ങളിലേക്ക് എത്തിച്ചേരണം. ചിട്ടയോടെയുള്ള പഠനത്തിലൂടെയും വായനയിലൂടെയും മാത്രമേ അത് നേടിയെടുക്കാന്‍ സാധിക്കൂവെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എ.പി. ജയന്‍ വായനാദിന സന്ദേശം നല്‍കി. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം പ്രൊഫ. ടി.കെ.ജി. നായര്‍ വിദ്യാര്‍ഥികളുമായി വായനാനുഭവം പങ്കുവച്ചു. പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ പ്രസിഡന്റ് ഫാ. ഡോ. ഏബ്രഹാം മുളമ്മൂട്ടില്‍ വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ്, പറക്കോട് ബ്ലോക്ക് വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കുഞ്ഞന്നാമ്മകുഞ്ഞ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ.പി.ജെ. ഫിലിപ്പ്, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി സി.കെ, നസീര്‍, കാന്‍ഫെഡ് ജില്ലാ പ്രസിഡന്റ് അമീര്‍ജാന്‍, അടൂര്‍ എഇഒ സീമാ ദാസ്, പിടിഎ പ്രസിഡന്റ് കെ. ഹരിപ്രസാദ്, അടൂര്‍ ഗവ.ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സജി വര്‍ഗീസ്, ഹെഡ്മിസ്ട്രസ് എല്‍. രാജശ്രീ, സ്റ്റാഫ് പ്രതിനിധി പി.ആര്‍. ഗിരീഷ്, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗം മീരാസാഹിബ്, ഫാ.ഗീവര്‍ഗീസ് ബ്ലാഹേത്ത്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. മണിലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അടൂര്‍ രാമകൃഷ്ണന്‍, മീരാസാഹിബ് എന്നിവര്‍ കവിതകള്‍ ആലപിച്ചു.

Advertisements

Hot Topics

Related Articles