എസ്.എഫ്.ഐ നേതാവിന് കെ.എസ്.യു പ്രവർത്തകരുടെ മർദനം; ചോദ്യം ചെയ്യാനെത്തിയ എസ്.എഫ്.ഐ – കെ.എസ്.യു പ്രവർത്തകർ തമ്മിൽ ഉന്തും തള്ളും; കോട്ടയം ബസേലിയസ് കോളേജിൽ വിദ്യാർത്ഥി സംഘർഷം

കോട്ടയം: എസ്.എഫ്.ഐ നേതാവിന് കെ.എസ്.യു പ്രവർത്തകരുടെ ക്രൂര മർദനം. ചോദ്യം ചെയ്യാനെത്തിയ എസ്.എഫ്.ഐ പ്രവർത്തകരും കെ.എസ്.യു പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും. ബസേലിയസ് കോളേജിൽ വിദ്യാർത്ഥി സംഘർഷം. കെ.എസ്.യു പ്രവർത്തകരുടെ അക്രമത്തിൽ പരിക്കേറ്റ എസ്.എഫ്.ഐ മുൻ കോട്ടയം ഏരിയ ഭാരവാഹി പ്രണവ് ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധ ശ്രമത്തിന് കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്തു.
തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് എസ്.എഫ്.ഐ മുൻ കോട്ടയം ഏരിയ പ്രസിഡന്റ് പ്രണവിനു നേരെ കെ.എസ്.യു പ്രവർത്തകരുടെ ആക്രമണം ഉണ്ടായത്. വീടിനു സമീപത്തു നിന്ന പ്രണവിനെ ഒരു സംഘം കെ.എസ്.യു പ്രവർത്തകർ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. ചവിട്ടി വീഴ്ത്തിയ ശേഷം തലയ്ക്ക്് അടിക്കുകയും ക്രൂരമായി ആക്രമിക്കുകയും ചെയ്യുകയായിരുന്നു. അടിയേറ്റ് വീണ പ്രണവിനെ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ച് സ്‌കാനിങിനു വിധേയനാക്കി. തുടർന്നു പ്രണവിന്റെ മൊഴിയെടുത്ത കോട്ടയം വെസ്റ്റ് പൊലീസ് കെ.എസ്.യു ബസേലിയസ് കോളേജ് യൂണിറ്റ് പ്രസിഡന്റ് മാഹിൻ അടക്കം കണ്ടാലറിയുന്ന കെ.എസ്.യു യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുക്കുകയും ചെയ്തു.
ചൊവ്വാഴ്ച ഉച്ചയോടെ എസ്.എഫ്.ഐ പ്രവർത്തകർ കോളേജ് ക്യാമ്പസിലെത്തിയ മാഹിനെ ചോദ്യം ചെയ്യുകയായിരുന്നു. പ്രണവിനെ ആക്രമിച്ചതിനെപ്പറ്റി ചോദ്യം ചെയ്യാനെത്തിയ എസ്.എഫ്.ഐ പ്രവർത്തകരെ കെ.എസ്.യു പ്രവർത്തകർ കയ്യേറ്റം ചെയ്യുകയും ഉന്തുകയും തള്ളുകയും ചെയ്തതായി എസ്.എഫ്.ഐ ആരോപിച്ചു. കോളേജ് ക്യാമ്പസിനുള്ളിൽ സംഘർഷം ഒഴിവാക്കാൻ എസ്.എഫ്.ഐ ഭാരവാഹികൾ ഇടപെട്ടതോടെയാണ് സംഘർഷം ഒഴിവായത്. വിവരം അറിഞ്ഞ് കോട്ടയം ഈസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ യു.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്.
എസ്.എഫ്.ഐ ഭാരവാഹിയെ ആക്രമിച്ചതിലും, ഇത് ചോദ്യം ചെയ്യാൻ എത്തിയ പ്രവർത്തകരെ കയ്യേറ്റം ചെയ്തതിലും പ്രതിഷേധിച്ച് എസ്.എഫ്.ഐ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം നഗരത്തിൽ പ്രകടനം നടത്തി.

Advertisements

Hot Topics

Related Articles