കോട്ടയം: യാക്കോബായ സുറിയാനി സഭ മലബാർ ഭദ്രാസന മുൻമെത്രാപ്പോലീത്തായും മർത്തമറിയം വനിതാസമാജം പ്രസിഡന്റുമായ സഖറിയാസ് മാർ പോളിക്കാർപ്പോസ് (51) കാലംചെയ്തു. കബറടക്കം ജൂൺ 22 ബുധനാഴ്ച ഉച്ചകഴിഞ്ഞു മൂന്നിനു മാതൃഇടവക ദൈവാലയമായ കുറിച്ചി സെന്റ് മേരീസ് സൂനോറോ പുത്തൻപള്ളിയിൽ. ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നത്തെത്തുടർന്നു മെത്രാപ്പോലീത്ത ആറുമാസം മുമ്പ് മലബാർ ഭദ്രാസനത്തിന്റെ ചുമതല ഒഴിഞ്ഞിരുന്നു. ചൊവ്വാഴ്ച രാവിലെ ഒമ്പതിനു മണർകാട് സെന്റ് മേരീസ് ആശുപത്രിയിലായിരുന്നു അന്ത്യം.
കോട്ടയം കുറിച്ചി പകലോമറ്റം അമ്പലക്കടവിൽ കൊച്ചില്ലത്ത് പരേതരായ ചാക്കോ ഏബ്രഹാമിന്റെയും മറിയാമ്മ ചാക്കോയുടെയും ഏഴാമത്തെ പുത്രനായി 1970 ജൂലൈ 23നാണ് ജനനം. തങ്കച്ചൻ, രാജു, സണ്ണി, സാബു, കുഞ്ഞമ്മ, ആലീസ് എന്നിവർ സഹോദരങ്ങളാണ്.
എംജി യൂണിവേഴ്സിറ്റിയിൽനിന്ന് ആംഗലേയ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയിൽനിന്ന് ഹിന്ദിയിൽ ബിരുദാനന്തര ബിരുദവും നേടി. സെറാമ്പൂർ യൂണിവേഴ്സിറ്റിയിൽ വേദശാസ്ത്രത്തിൽ ബിരുദവും കരസ്ഥമാക്കി.
മർക്കോസ് മാർ കൂറിലോസ് മെത്രാപ്പോലീത്തായിൽനിന്ന് ശെമ്മാശ പട്ടവും കശീശ സ്ഥാനവും സ്വീകരിച്ചു. പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവാ മെത്രാപ്പോലീത്തസ്ഥാനത്തേക്ക് ഉയർത്തി.
മലബാർ ഭദ്രാസന മെത്രാപ്പോലീത്ത, അഖില മലങ്കര യൂത്ത് അസോസിയേഷൻ പ്രസിഡന്റ്, കേഫ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ്, അഖില മലങ്കര മർത്തമറിയം വനിതാ സമാജം പ്രസിഡന്റ്, നിരണം ഭദ്രാസന യൂത്ത് അസോസിയേഷൻ വൈസ്പ്രസിഡന്റ, പരുമല പദ്ധതി കൺവീനർ, പകലോമറ്റം അമ്പലക്കടവ് കുടുംബയോഗം പ്രസിഡന്റ് എന്നി നിലകളിൽ പ്രവർത്തിച്ചു.
നിരണം ഭദ്രാസനത്തിലെ മുൻവൈദികനായിരുന്നു. കാവുഭാഗം സെന്റ് ജോർജ്, മേപ്രാൽ സെന്റ് ജോൺസ്, ചേപ്പാട് സെന്റ് ജോർജ്, കുന്നന്താനം സെന്റ് പീറ്റേഴ്സ്, ആഞ്ഞിലിത്താനം സെന്റ് മേരീസ്, പുറമറ്റം സെന്റ് ജോർജ്, കല്ലൂപ്പാറ സെന്റ് ഗ്രീഗോറിയോസ്, മഴുവങ്ങാട് സെന്റ് മേരീസ് എന്നി ഇടവകകളിൽ വികാരിയായി സേവനം അനുഷ്ഠിച്ചു.
സാമൂഹിക വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് മാന്യമിത്ര, ഗുരുശ്രേഷ്ഠ, അഗതികളുടെ മിത്രം എന്നി ബഹുമതികൾ ലഭിച്ചിട്ടുണ്ട്. മലബാർ ഭദ്രാസനത്തിന്റെ ആത്മീകവും ഭൗതികവുമായ വളർച്ചയ്ക്ക് നേതൃത്വം നൽകിയ മെത്രാപ്പോലീത്ത മീനങ്ങാടി സെന്റ് മേരീസ് കോളജ്, കാലിക്കട്ട് യൂണിവേഴ്സിറ്റി അഫിലിയേഷനോടെ എൽദോ മോർ ബസേലിയോസ് ആർട്സ് ആൻഡ് സയൻസ് കോളജ് എന്നിവ സ്ഥാപിച്ചു. ഭദ്രാസനത്തിലെ പള്ളികളിലെ ആരാധനക്രമങ്ങൾക്ക് ഏകീകരണം നടപ്പാക്കി. വിവിധ പള്ളികളെ സഭയുടെ വിശ്വാസത്തിൽ നിലനിർത്തുവാനും എല്ലാ ഇടവകകളിൽ വിശുദ്ധ ഗ്രന്ഥ പാരായണം, വിശുദ്ധ ഗ്രന്ഥമുള്ള ഇടവകയാക്കാൻ നേതൃത്വം നൽകി.
യാക്കോബായ സുറിയാനി സഭ മലബാർ ഭദ്രാസന മുൻമെത്രാപ്പോലീത്ത സഖറിയാസ് മാർ പോളിക്കാർപ്പോസിന്റെ സംസ്‌കാരം ജൂൺ 22 ബുധനാഴ്ച
Advertisements