കോട്ടയം: സൈഡ് നൽകിയില്ലെന്നാരോപിച്ച് കെ.എസ്.ആർ.ടി.സി ഓർഡിനറി ബസിന്റെ ചില്ലെറിഞ്ഞ് തകർത്ത യുവാക്കൾ പൊലീസ് പിടിയിലായി. തിരുവല്ല സ്വദേശികളായ യുവാക്കളെയും ചിങ്ങവനം പൊലീസ് പിടികൂടിയത്. തിരുവല്ല ഈസ്റ്റ് ഓതറ തൈപ്പറമ്പിൽ സൗരവ് (22) , മുണ്ടിയപ്പള്ളി തൈപ്പറമ്പിൽ എബിൻ ജേക്കബ് (23) എന്നിവരെയാണ് ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ടി.ആർ ജിജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. കോട്ടയത്തു നിന്നും ചിങ്ങവനം ഭാഗത്തേയ്ക്കു പോകുകയായിരുന്നു കെ.എസ്.ആർ.ടി.സിയുടെ ഓർഡിനറി ബസ്. തിരുവല്ല ഡിപ്പോയിലെ ബസ് തിരുവല്ലയിലേയ്ക്കാണ് സർവീസ് നടത്തിയിരുന്നത്. പള്ളം ഭാഗത്ത് വച്ച് ഈ ബസിനെ മറികടക്കാൻ എബിനും, സൗരവും ശ്രമിച്ചു. എന്നാൽ, ബസ് സൈഡ് നൽകിയില്ല. ഇതിനിടെ അടുത്ത സ്റ്റോപ്പിൽ എത്തിയപ്പോഴാണ് യുവാക്കൾ ബസിനെ മറികടന്നത്.
ഇതിനു ശേഷം ചിങ്ങവനം എസ്.എൻ.ഡി.പിയുടെ ഭാഗത്ത് ബൈക്ക് നിർത്തിയ യുവാക്കൾ ബസ് വരുന്നതും കാത്തു നിന്നു. തുടർന്ന്, ഇവർ ബസിനു നേരെ കല്ലെറിയുകയായിരുന്നു. കല്ലേറിൽ നിന്നു ഡ്രൈവർ കഷ്ടിച്ച് രക്ഷപെട്ടെങ്കിലും ബസിന്റെ ഒരു വശത്തെ ചില്ല് തകർന്നു. തുടർന്നു, പൊലീസ് ബസ് ഡ്രൈവറുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊതുമുതൽ നശിപ്പിച്ചതിനു യുവാക്കൾക്കെതിരെ കേസെടുത്തു. പ്രതികളെ ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സൈഡ് നൽകിയില്ല; എം.സി റോഡിൽ കോട്ടയം ചിങ്ങവനത്ത് യുവാക്കൾ കെ.എസ്.ആർ.ടി.സി ബസിന്റെ ചില്ലെറിഞ്ഞ് തകർത്തു; തിരുവല്ല സ്വദേശികൾ റിമാൻഡിൽ
Advertisements