കുടയംപടിയിൽ നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
കോട്ടയം: കുടയംപടിയിൽ വഴിതെറ്റിയെത്തിയ കണ്ടെയ്‌നർ ലോറി പ്രദേശത്തെയാകെ ഇരുട്ടിൽ മുക്കി. ആംബുലൻസുകൾ അടക്കം കടന്നു പോകുന്ന കോട്ടയം മെഡിക്കൽ കോളേജ് റോഡിനെയും വഴിതെറ്റിയെത്തിയ കണ്ടെയ്‌നർ ലോറി ഗതാഗതക്കുരുക്കിലാക്കി. ചൊവ്വാഴ്ച വൈകിട്ട് ഏഴു മണിയോടെ എത്തിയ ലോറിയാണ് നാലു മണിക്കൂറോളമായി കുടയംപടി കവലയിൽ മുന്നോട്ടും പിന്നോട്ടും പോകാനാവാതെ കിടക്കുന്നത്. റോഡിലെ ഗതാഗതം പൂർണമായും തടസപ്പെടുത്തിയ ലോറി, പ്രദേശത്തെയാകെ വൈദ്യുതി പോസ്റ്റുകളും കേബിളുകളും തകർത്തിട്ടുണ്ട്.
എംസി റോഡിലൂടെ എറണാകുളം ഭാഗത്തേയ്ക്കു പോകേണ്ട ലോറി വഴി തെറ്റി മെഡിക്കൽ കോളേജ് റോഡിലേയ്ക്കു പ്രവേശിക്കുകയായിരുന്നു. ചുങ്കം പാലം കഴിഞ്ഞതിനു ശേഷം റോഡരികിലെ വൈദ്യുതി ലൈനുകളിൽ ഉടക്കിയ ലോറി, ചുങ്കം മുതൽ കുടയംപടി വരെയുള്ള പ്രദേശത്തെ വൈദ്യുതി വിതരണം പൂർണമായും തടസപ്പെടുത്തി. കുടയംപടി പാലത്തിൽ എത്തിയപ്പോഴേയ്ക്കും നാട്ടുകാർ ചേർന്ന് ലോറി തടഞ്ഞു നിർത്തി. തുടർന്ന്, വെസ്റ്റ് പൊലീസിനെ വിവരം അറിയിച്ചു. വെസ്റ്റ് പൊലീസ് സംഘം സ്ഥലത്ത് എത്തിയെങ്കിലും ലോറി പിന്നിലേയ്ക്ക് എടുത്ത തിരിച്ച് വിടാൻ സാധിച്ചിട്ടില്ല.
ഇതേ തുടർന്നു കുടയംപടിയിലും പരിസര പ്രദേശത്തും നാലു മണിക്കൂറിലേറെയായി വൈദ്യുതി മുടങ്ങിക്കിടക്കുകയാണ്. കണ്ടെയ്‌നർ ലോറി റോഡിൽ കിടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതത്തെയും ഇത് ബാധിച്ചിട്ടുണ്ട്. ആംബുലൻസുകൾ അടക്കം ഇതോടെ വഴി തിരിച്ചു വിടുകയാണ് പൊലീസ് സംഘം. കണ്ടെയ്‌നർ ലോറി എങ്ങിനെ തിരിച്ച് എം.സി റോഡ് വഴി വിടുമെന്ന ആശങ്കയാണ് ഇപ്പോൾ കുടയംപടിയിലും പരിസരപ്രദേശത്തും ഉടലെടുത്തിരിക്കുന്നത്.
കോട്ടയം കുടയംപടിയിൽ വഴിതെറ്റിയെത്തിയ കണ്ടെയ്‌നർ തകർത്തത് നാട്ടുകാരുടെ വെളിച്ചം..! ചുങ്കം മുതൽ കുടയംപടി വരെയുള്ള റോഡിലെ വൈദ്യുതി ലൈനുകളും കേബിളുകളും തകർത്ത് കണ്ടെയ്‌നറിന്റെ വിളയാട്ടം; ഒരു പ്രദേശമാകെ ഇരുട്ടിൽ
Advertisements