പാലാ: ബ്ലഡ് ക്യാൻസർ ബാധിച്ച് തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ മജ്ജ മാറ്റിവക്കൽ ശസ്ത്രക്രിയക്കായി കുട്ടിയുടെ ചിത്രത്തോടു കൂടിയ ഫ്ലക്സ് അടിച്ച് നാട്ടുകാരിൽ നിന്നും പണം പിരിച്ച് എടുത്ത ശേഷം കുട്ടിക്ക് നൽകാതെ ധൂർത്തടിച്ച് ആർഭാട ജീവിതം നയിച്ചുവന്ന പിടികിട്ടാപുള്ളി അടങ്ങിയ തട്ടിപ്പ് സംഘത്തെ പാലാ പൊലീസ് പിടികൂടി.
പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ കെ.പി തോംസണിന്റെ നിർദ്ദേശത്തെ തുടർന്ന് സബ് ഇൻസ്പെക്ടർ ഷാജി സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. മലപ്പുറം ചെമ്മൻകടവ് കണ്ണത്തുംപാറ വീട്ടിൽ അബ്ദുൽറസാഖ് മകൻ സഫീർ (38), കോട്ടയം ഒളശ്ശ റാംമതേയിൽ വീട്ടിൽ അനിൽ മകൻ ലെനിൽ (28), ചെങ്ങളം കടയ്ക്കൽ വീട്ടിൽ കൊച്ചുമോൻ മകൻ ജോമോൻ (28) എന്നിവരെയാണ് ഇന്നലെ വൈകി 6.30 മണിയോടെ പാലാ പഴയ ബസ് സ്റ്റാൻഡ് ഭാഗത്തുനിന്നും പിടികൂടിയത്.
വ്യാപാര സ്ഥാപനങ്ങളിലും യാത്രക്കാരോടും കുട്ടിയുടെ ചികിത്സാ സഹായത്തിനായി പണം പിരിക്കുന്നത് കണ്ടു ഫ്ളക്സിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ച് അന്വേഷിക്കുകയായിരുന്നു. ഇതേ തുടർന്നാണ് കൊല്ലം സ്വദേശിയായ കുട്ടിയുടെ കുടുംബം ചികിത്സയ്ക്കായി പണം പിരിക്കുന്നതിന് ആരെയും നിയോഗിച്ചിട്ടില്ല എന്ന് കണ്ടെത്തിയത്. തുടർന്നു തട്ടിപ്പ് സംഘത്തെ കൂടുതൽ ചോദ്യം ചെയ്താണ് തട്ടിപ്പ് വെളിച്ചത്തു കൊണ്ടുവന്നത്. ഇങ്ങനെ പിരിച്ചെടുക്കുന്ന തുക വീതിച്ചെടുത്തു ആർഭാജീവിതത്തിനായാണ് പ്രതികൾ ഉപയോഗിച്ചിരുന്നത് എന്നു സമ്മതിച്ചു. സഫീറിന് മലപ്പുറം കോടതി കൂടാതെ പാലക്കാട് ചിറ്റൂരിൽ ഗഞ്ചാവ് കേസ്സിലും മലപ്പുറം മഞ്ചേരി സെഷൻസ് കോടതിൽ അബ്കാരി കേസ്സിനും പിടികിട്ടാപുള്ളിയായി പ്രഖാപിച്ച് വാറണ്ട് നിലവിലുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എസ്.ഐ ഷാജി സെബാസ്റ്റ്വൻ, എ.എസ്.ഐ ബിജു കെ തോമസ്, സിവിൽ പൊലീസ് ഓഫിസർമാരായ രഞ്ജിത് സി, ജോഷി മാത്യു, ശ്രീജേഷ് കുമാർ എന്നിവർ ചേർന്നാണ് തട്ടിപ്പുസംഘത്തെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡു ചെയ്തു.