കേരള പൊലീസേ നിങ്ങൾക്കിതെന്തു പറ്റി..? നിങ്ങൾ അവരെ അറസ്റ്റ് ചെയ്തു ചെയ്തു നീക്കുന്നോ ഞങ്ങൾ തല്ലിയോടിക്കണോ..! പൊലീസുകാർക്ക് നേരെ ആക്രോശിച്ച് കോട്ടയത്തെ സി.പി.എം നേതാവ്; റോഡ് ഉപരോധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അടിച്ചോടിക്കുമെന്നു ഭീഷണി

പൊളിറ്റിക്കൽ റിപ്പോർട്ട്
BY ആർ.കെ
ജാഗ്രതാ ന്യൂസ്

കോട്ടയം: ഏതു കൊലകൊമ്പന്മാരെയും മലർത്തിയടിക്കുന്ന കേരള പൊലീസിന്റെ കോട്ടയത്തെ ടീമിന് ഇതെന്തു പറ്റി..? നടു റോഡിൽ പട്ടിയെ തല്ലുന്നതു പോലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ എസ്.എഫ്.ഐ – ഡിവൈഎഫ്.ഐ പ്രവർത്തകർ തല്ലിച്ചതച്ചപ്പോൾ നോക്കി നിന്ന പൊലീസ് സംഘം പ്രവർത്തകർ തമ്മിൽ തല്ലിയപ്പോൾ ലാത്തി പോലും വീശിയില്ല. യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൂട്ടത്തിലൊരു പൊലീസുകാരനെ വിരട്ടിയോടിച്ചപ്പോൾ പോലും സംയമനം എന്ന കാർഡ് പുറത്തെടുത്ത് ശാന്തരായി നിൽക്കുകയായിരുന്നു പൊലീസ് ഉദ്യോഗസ്ഥർ. ഒരു മണിക്കൂറോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ എം.സി റോഡ് ഉപരോധിച്ച് ടയർ കത്തിച്ചിട്ടും ഗാന്ധിമാർഗത്തിലായിരുന്നു കേരള പൊലീസ്.

Advertisements

വെള്ളിയാഴ്ച വൈകിട്ട് ഏഴു മണി മുതൽ കോട്ടയം നഗരത്തെ കിടുകിട വിറപ്പിച്ച്, ജനത്തെ മുൾ മുനയിൽ നിർത്തി നഗരത്തിൽ അരങ്ങേറിയ അക്രമ സംഭവങ്ങളിൽ പൊലീസിന് എന്തായിരുന്നു റോളെന്നാണ് നഗരം ചോദിക്കുന്നത്. വൈകിട്ട് അഞ്ചു മണി മുതൽ തന്നെ യൂത്ത് കോൺഗ്രസ് കോൺഗ്രസ് പ്രവർത്തകർ കോട്ടയം നഗരമധ്യം കേന്ദ്രീകരിച്ച് പ്രകടനത്തിനായി തമ്പടിക്കുന്നുണ്ടായിരുന്നു. രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണത്തിൽ പ്രതിഷേധിച്ച് സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിലേയ്ക്കു മാർച്ച് നടത്തുമെന്നായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ആഹ്വാനം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനായി തയ്യാറെടുത്ത് ഏതാണ്ട് ആറര ഏഴു മണിയോടെയാണ് പ്രകടനം ആരംഭിച്ചത്. തിരുനക്കര മൈതാനത്തു നിന്നു പ്രകടനം ആരംഭിച്ചപ്പോൾ തന്നെ സ്വന്തം നേതാവിന്റെ ഓഫിസ് ആക്രമിച്ചതിലെ പ്രകോപനം വ്യക്തമായിരുന്നു. എന്നിട്ടു പോലും സാധാരണ ദിവസങ്ങളിൽ കോട്ടയം നഗരത്തിൽ ഉള്ളതിന്റെ പത്തിലൊന്ന് പൊലീസ് പോലും യൂത്ത് കോൺഗ്രസ് പ്രകടനത്തിനു മുന്നിലുണ്ടായിരുന്നില്ല. വിരലിലെണ്ണാവുന്ന പൊലീസ് സംഘം മാത്രമാണ് പ്രകടനത്തിന്റെ മുന്നിൽ നടന്നത്. പിണറായിയുടെ ചിത്രമുള്ള ഫ്‌ളക്‌സുകൾ പൂർണമായും കീറിയെറിഞ്ഞ് തങ്ങളുടെ പ്രകോപനം മുഴുവനും പുറത്തെടുത്താണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുന്നേറിയത്. അപ്പോഴെങ്കിലും കൂടുതൽ പൊലീസിനെ ഏർപ്പെടുത്താൻ ജില്ലാ പൊലീസ് മേധാവി അടക്കമുള്ളവർ ശ്രദ്ധ കാണിച്ചില്ല.

പ്രകോപനമില്ലാതെ ആക്രമണം
യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധ പ്രകടനം ശീമാട്ടി റൗണ്ടാന ചുറ്റി കോട്ടയം ഗാന്ധിസ്‌ക്വയറിൽ എത്തിയപ്പോഴേയ്ക്കും ഇരുപതോളം വരുന്ന എസ്.എഫ്.ഐ ഡിവൈഎഫ്‌ഐ പ്രവർത്തകർ സി.പി.എമ്മിന്റെ കോട്ടയത്തെ ഏറ്റവും തന്ത്രപ്രധാന കേന്ദ്രമായ മോട്ടോറോഫീസിന് സമീപത്ത് തയ്യാറായി നിൽപ്പുണ്ടായിരുന്നു. പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്തിന്റെ റോഡിനു സമീപം പ്രകടനം എത്തിയപ്പോൾ എസ്.എഫ്.ഐ – ഡിവൈഎഫ്‌ഐ പ്രവർത്തകർ മുദ്രാവാക്യം മുഴക്കി. ഇതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തിരികെ പിണറായി വിരുദ്ധ മുദ്രാവാക്യവുമായി രംഗത്ത് എത്തി. ഇതിനിടെ പൊലീസ് സംഘം പ്രവർത്തകർക്കിടയിൽ ചാടി വീണു. ഇരുവശത്തുമായുള്ള നൂറിലേറെ പ്രവർത്തകരെ നേരിടാൻ ആകെയുണ്ടായിരുന്നത് പത്തോളം പൊലീസുകാർ മാത്രമായിരുന്നു. അപ്പോഴേയ്ക്കും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയിയുടെയും, കെ.പി.സി.സി സെക്രട്ടറി കുഞ്ഞ് ഇല്ലമ്പള്ളിയുടെയും തലകൾ തകർന്ന് ചോരയൊഴുകിയിരുന്നു.

ചോരയൊലിക്കുന്ന തലയുമായി ചിന്റു നടുറോഡിൽ;
എന്തിനെയും നേരിടാൻ തയ്യാറായി ഡിവൈഎഫ്‌ഐ
പ്രകോപന മുദ്രാവാക്യങ്ങളിലൂടെ തുടങ്ങി ചോരചീന്തിയ സമര സംഘർഷമായി പ്രകടനം മാറിയതോടെ പൊലീസ് ഇടപെട്ട് ഇരുകൂട്ടരെയും പിൻതിരിപ്പിച്ചു. ഇതിനിടെ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം കെ.എം രാധാകൃഷ്ണനും, നഗരസഭ പ്രതിപക്ഷ നേതാവും സി.പി.എം ജില്ലാ കമ്മിറ്റി അംഗവുമായി അഡ്വ.ഷീജ അനിലും അടക്കമുള്ളവർ സ്ഥലത്ത് എത്തി. സംഘർഷ വിവരം അറിഞ്ഞ് നിമിഷ നേരം കൊണ്ട് നൂറിലേറെ സി.പി.എം – ഡിവൈ.എഫ്.ഐ – എസ്.എഫ്.ഐ പ്രവർത്തകരും സ്ഥലത്ത് എത്തി. ഇതിനിടെയാണ് കോട്ടയം ഡിവൈഎസ്പി ജെ.സന്തോഷ് കുമാർ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരോട് സി.പി.എം നേതാക്കൾ ആക്രോശിച്ച് രംഗത്ത് എത്തിയത്.

ചിന്റു കുര്യൻ ജോയിയുടെ തല പൊട്ടി രക്തം വാർന്നൊഴുകുന്നതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ എം.സി റോഡ് ഉപരോധിക്കുകയായിരുന്നു. തങ്ങളെ അക്രമിച്ച ഡിവൈഎഫ്‌ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്‌തെങ്കിൽ മാത്രമേ തങ്ങൾ പിരിഞ്ഞ് പോകു എന്നതായിരുന്നു യൂത്ത് കോൺഗ്രസിന്റെ നിലപാട്. ഡിവൈഎഫ്‌ഐ പ്രവർത്തകരെ പിരിച്ചു വിടുന്നതിനായും, സംഘർഷ സാധ്യത ഒഴിവാക്കുന്നതിനുമായി ചർച്ചയ്‌ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥനോടാണ് -ഒരു മണിക്കൂറായി റോഡ് ഉപരോധിക്കുന്നത് നിങ്ങൾ കാണുന്നില്ലേ.. നിങ്ങൾ അവരെ അറസ്റ്റ് ചെയ്യ്.. ഇല്ലെങ്കിൽ ഞങ്ങൾ അടിച്ചോടിക്കാം.. – എന്ന് സി.പി.എം നേതാവ് ആക്രോശിച്ചത്. ഒടുവിൽ പതിനഞ്ചു മിനിറ്റിന് ശേഷം പൊലീസ് നിർദേശം അനുസരിച്ച് സി.പിഎം പ്രവർത്തകർ പ്രകടനമായി പിരിഞ്ഞ് പോയി. ഇതേ തുടർന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരും ആശുപത്രിയിലേയ്ക്കു പോയി.

Hot Topics

Related Articles