തൃശൂർ : ഭക്തിഗാനങ്ങളുടെ മാധുര്യം മലയാളിക്കു പകർന്ന കവി ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി (87) അന്തരിച്ചു. ഇന്നലെ രാത്രി 11ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട്.
തൃശിലേരി വാര്യത്തെ സരസ്വതിയാണു ഭാര്യ. മക്കൾ: ഉഷ (ലണ്ടൻ), ഉണ്ണികൃഷ്ണൻ (ലണ്ടൻ), മരുമക്കൾ. ഗീത, പരേതനായ സുരേഷ് ചെറുശേരി.
കേരള കലാമണ്ഡലം വൈസ് ചെയർമാനായിരുന്നു. അദ്ദേഹമെഴുതിയ ‘ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പ’ എന്ന ഭക്തിഗാനം പ്രസിദ്ധമാണ്. കവിതകൾക്കു പുറമെ ചെറുകഥകൾ, തിരക്കഥ, സംഭാഷണം, അഭിനയം, ഡോക്യുമെന്ററി രചന, സംവിധാനം തുടങ്ങിയ കലയുടെ സമസ്ത മേഖലകളിലും നിറസാന്നിധ്യമായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗുരുവായൂർ ക്ഷേത്രത്തിലും ചൊവ്വല്ലൂർ ശിവ ക്ഷേത്രത്തിലും പാരന്പര്യ അവകാശി കുടുംബമായ ചൊവ്വല്ലൂർ വാര്യത്ത് കൊടുങ്ങല്ലൂർ കാവിൽ വാര്യത്ത് ശങ്കുണ്ണി വാര്യരുടെയും പാറുക്കുട്ടി വാരസ്യാരുടെയും മകനായി 1936ൽ ജനനം. കേരളവർമ കോളജിലെ പഠനശേഷം തൃശൂരിൽ നിന്നു പ്രസിദ്ധീകരിച്ച നവജീവൻ പത്രത്തിൽ സബ് എഡിറ്ററായി പത്രപ്രവർത്തന രംഗത്തേയ്ക്കു കടന്നു. മലയാള മനോരമയിൽ നിന്ന് അസിസ്റ്റന്റ് എഡിറ്ററായാണു വിരമിച്ചത്.
വാദ്യകലാനിരൂപകനായിരുന്നു. പ്രഫഷണൽ നാടക രംഗത്ത് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം, ദേവസ്വത്തിന്റെ ജ്ഞാനപ്പാന പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.