കോട്ടയം: നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ടയെ കരുതൽ തടങ്കലിലാക്കി. കോട്ടയം ജില്ലയിലെ അറിയപ്പെടുന്ന ഗുണ്ടയും കൊലപാതകശ്രമം, കവർച്ച, ക്വട്ടേഷൻ തുടങ്ങി നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ വെള്ളാവൂർ പള്ളത്തുപാറ കുന്നുംഭാഗം കിഴക്കേകര രമേശ് കുമാറിനെ (രമേശൻ -40)യാണ് ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കിയത്.
കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോട്ടയം ജില്ലാ മജിസ്‌ട്രേട്ട് കൂടിയായ ജില്ലാ കളക്ടറാണ് കാപ്പ ചുമത്തി ഉത്തരവ് പുറത്തിറക്കിയത്. ഇതേ തുടർന്നു രമേശ് കുമാറിനെ മണിമല പൊലീസ് അറസ്റ്റ് ചെയ്ത് വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാക്കി. മണിമല, കറുകച്ചാൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ അതിക്രമിച്ചു കയറി വസ്തുവകകൾ നശിപ്പിക്കുക, ദേഹോപദ്രവമേൽപ്പിക്കുക, കൂട്ടായ്മ കവർച്ച, കൊലപാതകശ്രമം എന്നീ കുറ്റകൃത്യങ്ങളിൽ പ്രതിയായ രമേശ് കുമാറിനെതിരെ കാഞ്ഞിരപ്പള്ളി, കണ്ണൂർ ജില്ലയിലെ കേളകം എന്നീ പോലീസ് സ്റ്റേഷനുകളിൽ സ്ത്രീപീഢന കേസ്സുകളും നിലവിലുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പത്തനംതിട്ട ചിറ്റാർ പോലീസ് സ്റ്റേഷനിലെ ദേഹോപദ്രവ കേസ്സിലും മണിമല പോലീസ് സ്റ്റേഷനിലെ നരഹത്യാശ്രമ കേസ്സിലും റിമാന്റിൽ കഴിഞ്ഞുവരവെയാണ് കാപ്പാ നിയമ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടത്. ജില്ലയിലെ ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കുമെതിരെ ശക്തമായ നടപടികൾ തുടർന്നും സ്വീകരിക്കുന്നതാണെന്ന് ജില്ലാ പൊലീസ് അറിയിച്ചു.