തിരുവല്ല : ടി.കെ റോഡിലെ വള്ളംകുളം പാടത്തു പാലത്തിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിലിടിച്ച് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. അയിരൂർ നോർത്ത് ചെറിയ പറമ്പിൽ അശ്വതിയിൽ സി.സി രാജന്റെ ഭാര്യ വിജയമ്മ (57) നാണ് പരിക്കേറ്റത്. ഇന്നുച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു അപകടം. ഇരവിപേരൂർ ഭാഗത്ത് നിന്നും തിരുവല്ലയിലേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.
തിരുവല്ലയിൽ നിന്നുള്ള അഗ്നി രക്ഷാ സേനയെത്തി കാർ റോഡിൽ നിന്നും നീക്കം ചെയ്തു. അപകടത്തിൽ തലയ്ക്ക് സാരമായി പരിക്കേറ്റ വിജയമ്മയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഓടിച്ചിരുന്ന രാജൻ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പോലീസ് പറഞ്ഞു.