കോട്ടയം: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു മുന്നിലെ ഓട്ടോ സ്റ്റാൻഡിൽ ഗുണ്ടാ ആക്രണം. ഓട്ടോ ഡ്രൈവറെ വീടു കയറി ഭീഷണിപ്പെടുത്തിയ ഗുണ്ടാ സംഘം, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു മുന്നിൽ എത്തിയ മാരകായുധങ്ങളുമായി ഓട്ടോ ഡ്രൈവറെ ആക്രമിച്ചു പരിക്കേൽപ്പിച്ചു. ആക്രമണത്തിൽ പരിക്കേറ്റ ഓട്ടോ ഡ്രൈവർ പൂവൻതുരുത്ത് സ്വദേശി ജിലുവിനെ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷകൾക്കു വിധേയനാക്കി. ഇദ്ദേഹം വീടു കയറി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കോട്ടയം ഈസ്റ്റ് പൊലീസിലും, ഗുണ്ടാ ആക്രമണം നടത്തിയ സംഭവത്തിൽ കോട്ടയം വെസ്റ്റ് പൊലീസിലും പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു മുന്നിലായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രിയിൽ സ്റ്റാൻഡിലെത്തിയ സ്ഥിരം ക്രമിനലും ഗുണ്ടയുമായ ഷംനാസ് ജിലുവിന്റെ ഓട്ടോറിക്ഷ ഓട്ടം വിളിച്ചു. എന്നാൽ, സ്ഥിരമായി സ്റ്റാൻഡിൽ നിന്ന് ഓട്ടം വിളിക്കുകയും പ്രശ്മുണ്ടാക്കുകയും ചെയ്ത ഷംനാസിനൊപ്പം ഓട്ടം പോകാൻ ജിലു തയ്യാറായില്ല. ഇതേച്ചൊല്ലി ജിലിവിനെ ഭീഷണിപ്പെടുത്തിയ ശേഷമാണ് ഷംനാസ് മടങ്ങിയത്. തുടർന്ന് ഷംനാസും ഗുണ്ടാ സംഘവും ജിലുവിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. ഈ സമയം ജിലു വീട്ടിലുണ്ടായിരുന്നില്ല. ഭീഷണിപ്പെടുത്തിയ വിവരം അറിഞ്ഞ ജിലുവും മാതാപിതാക്കളും ചേർന്ന് ഈസ്റ്റ് പൊലീസിൽ പരാതി നൽകി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതേ തുടർന്നു ചൊവ്വാഴ്ച രാത്രിയോടെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ എത്തിയ ഷംനാസും, മൂലേടം സ്വദേശിയും അടങ്ങിയ നാലംഗ ഗുണ്ടാ സംഘം ജിലുവിനെ ആക്രമിക്കുകയായിരുന്നു. കമ്പി വടി ഉപയോഗിച്ച് ജിലുവിന്റെ കയ്യിൽ അടിച്ചു പരിക്കേൽപ്പിച്ചു. ഇതേ തുടർന്നു ജിലു ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്നു ഇന്നു രാവിലെ കോട്ടയം വെസ്റ്റ് പൊലീസിൽ പരാതി നൽകുകയായിരുന്നു. വിഷയത്തിൽ കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ അനൂപ് കൃഷ്ണ, എസ്.ഐ ടി.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.