കൊച്ചി: വൈപ്പിൻ- ഫോർട്ടുകൊച്ചി റോ റോ സർവിസിലെ ഫയർ കപ്ലിങ് മോഷ്ടിച്ച കേസിൽ ആലുവ സ്വദേശി പൊലീസിന്റെ പിടിയിലായി. ആലുവ സൗത്ത് വാഴക്കുളം കോണതെപിള്ളി വീട്ടിൽ പോൾ(57) ആണ് മുളവുകാട് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം 20നായിരുന്നു കേസിന് ആസ്പദമായ സംഭവം. വെസ്സൽസ് എഞ്ചിനിയർ സർവെയുടെ ഭാഗമായി പരിശോധന നടത്തിയപ്പോഴാണ് ഒരു വെസ്സലിലെ ഫയറിങ് കപ്ലിങ് കാണാതായ വിവരം ശ്രദ്ധയിൽപെട്ടത്.
തുടർന്ന് തെരച്ചിൽ നടത്തിയെങ്കിലും കപ്ലിങ് ലഭിക്കാത്തതിനെ തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. ഇതോടെ കഴിഞ്ഞ ജൂൺ മാസം 20ന് രാവിലെ 9.30നും 9.50നും ഇടയിൽ വെസ്സലിൽ യാത്ര ചെയ്ത വ്യക്തി ഫയർലൈൻ വാൽവിൽ ഘടിപ്പിച്ച കപ്ലിങ് മോഷ്ടിക്കുന്നത് കാണാനായി. പിന്നീട് കേരള ഷിപ്പിങ് ആൻഡ് നാവിഗേഷൻ കോർപറേഷൻ സ്റ്റേഷൻ മാസ്റ്റർ നൽകിയ പരാതിയെ തുടർന്ന് മുളവുകാട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.