വിളനാശമുണ്ടായാല്‍ കാലതാമസം കൂടാതെ ധനസഹായം കര്‍ഷകര്‍ക്ക് ലഭ്യമാക്കുമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. പ്രമാടം സ്വാശ്രയ കര്‍ഷക സമിതിയുടെ വിപണി മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കൃഷികൊണ്ട് അന്തസാര്‍ന്ന ജീവിതം നയിക്കാന്‍ കര്‍ഷകര്‍ക്ക് കഴിയണം. വിളയിടത്തെ അറിഞ്ഞുള്ള കൃഷിയിലേക്ക് തിരിയണമെന്നും പതിനാലാം പഞ്ചവത്സരപദ്ധതി കഴിയുമ്പോഴേക്കും 1100 പുതിയ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ കേരളത്തിലുണ്ടാകും. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിക്കാന്‍ തുടങ്ങുന്ന കരിമ്പ് കൃഷി ഏറെ അഭിനന്ദനം അര്‍ഹിക്കുന്നു. കരിമ്പിന് വലിയ മാര്‍ക്കറ്റാണ് വിദേശങ്ങളിലുള്ളതെന്നും മന്ത്രി പറഞ്ഞു.
കൃഷിയെ സ്മാര്‍ട്ടാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നു വരുന്നത്. സംസ്ഥാനത്തുടനീളം കര്‍ഷകരെ ഉള്‍പ്പെടുത്തിയുള്ള കൃഷിക്കൂട്ടങ്ങള്‍ക്ക് രൂപം നല്‍കി. സംസ്ഥാനത്തുടനീളം 25,000 ത്തില്‍ അധികം കൃഷിക്കൂട്ടങ്ങളാണ് ഉണ്ടായത്. കൃഷി ഓഫീസറുടെ സേവനം ഓഫീസിന് അകത്തല്ല, കൃഷിയിടങ്ങളില്‍ കര്‍ഷകന് സഹായകരമാകുന്ന രീതിയിലാകണം. കൃഷിയുടെ ആസൂത്രണം കര്‍ഷകനുമായി ചേര്‍ന്ന് നടത്തണം. ഓരോ വാര്‍ഡിലും എന്താണ് ഉത്പാദിപ്പിക്കുന്നതെന്ന വൃക്തമായ ധാരണ കൃഷി ഓഫീസര്‍മാര്‍ക്കുണ്ടാകണം.
ജീവിത സാക്ഷരതയിലെ ആദ്യപാഠം വിഷരഹിത ഭക്ഷണം ശീലമാക്കുകയെന്നതാണെന്നും ഓരോ വീട്ടിലേക്കും ആവശ്യമുള്ള കാര്‍ഷിക ഉത്പന്നങ്ങള്‍ സ്വയം ഉത്പാദിപ്പിക്കണമെന്നും ഞങ്ങളും കൃഷിയിലേക്ക് എന്ന് ഓരോ വീടും പറയണമെന്നും മന്ത്രി പറഞ്ഞു.
കൃഷിയുടെ പ്രാധാന്യത്തെ കുറിച്ച് പുതുതലമുറ ബോധവാന്മാരാകണം. കാശുണ്ടെങ്കില്‍ എന്തും വാങ്ങാമെന്ന് പുതുതലമുറയെ നാം പഠിപ്പിക്കുകയാണ്. അതിന്റെ ദോഷമാണ് കൂണുപോലെ മുളച്ച് പൊന്തുന്ന ഡയാലിസിസ് സെന്ററുകള്‍. മലയാളികളിലെ കാന്‍സറിന്റെ ഇരുപത് ശതമാനം പുകയില ഉത്പന്നങ്ങളില്‍ നിന്നാണെങ്കില്‍ 35 ശതമാനം മുതല്‍ 40 ശതമാനം വരെ വിഷമടിച്ച പച്ചക്കറികളില്‍ നിന്നാണ്. ആന്‍ ആപ്പിള്‍ എ ഡേ, കീപ്‌സ് ദ ഡോക്ടര്‍ എവേ എന്ന് തെറ്റുകൂടാതെ പറയുന്ന മലയാളിക്ക് മുരിങ്ങയുണ്ടെങ്കില്‍ മരുന്ന് വേണ്ട എന്ന പഴഞ്ചൊല്ല് അറിയില്ല. ഇത്തരം രീതികള്‍ക്കെല്ലാം മാറ്റം വരണമെന്നും ജീവിതത്തിന്റെ പച്ചപ്പിലേക്കല്ല, രോഗങ്ങളുടെ തടവറയിലേക്കാണ് ഈ ഭക്ഷണങ്ങള്‍ നമ്മെ കൊണ്ടുപോകുന്നതെന്ന സത്യം നാം ഇനിയെങ്കിലും മനസിലാക്കണമെന്നും മന്ത്രി പറഞ്ഞു.
പ്രളയവും കോവിഡും തകര്‍ത്ത നമ്മുടെ നാടിനെ പുനഃസൃഷ്ടിക്കുന്നതിനായി കേരളസര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി നിരവധി പദ്ധതികളാണ് കര്‍ഷകര്‍ക്കായി നടത്തുന്നതെന്ന് അധ്യക്ഷത വഹിച്ച് സംസാരിച്ച അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. പ്രമാടം സ്വാശ്രയ കര്‍ഷക സമിതിയിലെ കര്‍ഷകര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ഒരു വിപണി മന്ദിരമുണ്ടാകണമെന്ന് തീരുമാനിച്ചിരുന്നു. ഒരുപാട് ആളുകളുടെ കഷ്ടപ്പാടിന്റെ ഫലമാണ് ഈ വിപണി മന്ദിരമെന്നും മുന്‍ കൃഷിമന്ത്രിയായിരുന്ന വി.എസ് സുനില്‍കുമാറും ഇക്കാര്യത്തില്‍ മികച്ച ഇടപെടലാണ് നടത്തിയതെന്നും എംഎല്‍എ പറഞ്ഞു.