കോട്ടയം: പൂവൻതുരുത്ത് വ്യവസായ മേഖലയിൽ അർദ്ധരാത്രിയിൽ വീടുകൾക്കു സമീപത്ത് ഇതരസംസ്ഥാന തൊഴിലാളി എത്തി. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട തൊഴിലാളിയെ നാട്ടുകാർ ചേർന്നു പിടികൂടി. തുടർന്നു പൊലീസിനെ വിളിച്ചു വരുത്തി ഇയാളെ കൈമാറി. എന്നാൽ, ഇയാൾ മോഷ്ടാവല്ലെന്നും മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്നും കോട്ടയം ഈസ്റ്റ് പൊലീസ് അറിയിച്ചു. ഇതേ തുടർന്നു ഈ ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് സംഘം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സൈക്യാട്രി വിഭാഗത്തിലേയ്ക്കു മാറ്റി.
തിങ്കളാഴ്ച അർദ്ധരാത്രിയ്ക്കു ശേഷമാണ് സംശയാസ്പദമായ സാഹചര്യത്തിൽ പൂവൻതുരുത്ത് വ്യവസായ മേഖലയ്ക്കു സമീപത്ത് ഇതര സംസ്ഥാന തൊഴിലാളിയെ കണ്ടത്. വീടുകൾക്കു സമീപത്ത് പതുങ്ങി നിൽക്കുന്ന നിലയിൽ ഇയാളെ കണ്ടതോടെ നാട്ടുകാർ ചേർന്ന് സംശയം തോന്നിയ ആളെ പിടിച്ചു കെട്ടിയിട്ടു. നാട്ടുകാരെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ഇയാളെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു. തുടർന്ന് ഇയാളെ കോട്ടയം ഈസ്റ്റ് പൊലീസിനെ വിളിച്ച് കൈമാറി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്നു, സ്റ്റേഷനിൽ എത്തിച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ മാനസികമായ വെല്ലുവിളി നേരിടുന്നയാളാണ് എന്നു വ്യക്തമായത്. തുടർന്നു പൊലീസ് സംഘം ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി. വീടും സ്ഥലവും കൃത്യമായ വിവരങ്ങളും ഇയാൾക്കു പറയാൻ സാധിച്ചിരുന്നില്ലെന്നു പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. തുടർന്നാണ് ആശുപത്രിയിലേയ്ക്കു മാറ്റിയത്.
എന്നാൽ, പ്രദേശത്തെ വീടുകളിൽ മോഷ്ടാക്കളുടെയും, സാമൂഹ്യ വിരുദ്ധരുടെയും ശല്യമുണ്ടെന്നു നാട്ടുകാർ ആരോപിക്കുന്നു. കഴിഞ്ഞ ദിവസവും രാത്രിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. നാട്ടുകാർക്ക് ഏറെ അസ്വസ്ഥതയുണ്ടാക്കുന്ന സാഹചര്യമാണ് ഇപ്പോൾ ഉണ്ടാകുന്നത്. ഈ സാഹചര്യത്തിൽ പൊലീസ് അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.