മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍ അനിതാ കുമാരി അറിയിച്ചു. വൈറല്‍പ്പനി ബാധിച്ച് ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണം ദിവസവും കൂടിവരികയാണ്. ഇതുകൂടാതെ എലിപ്പനി, ഡെങ്കിപ്പനി,തക്കാളിപ്പനി, വയറിളക്ക രോഗങ്ങള്‍ തുടങ്ങിയവയും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മഴ ശക്തമായതോടെ ശുദ്ധജലത്തില്‍ മുട്ടയിട്ട് പെരുകുന്ന ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകളുടെ സാന്ദ്രത വര്‍ദ്ധിച്ചിട്ടുള്ളതിനാല്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടാനുള്ള സാഹചര്യമാണുള്ളത്. പകര്‍ച്ചവ്യാധി പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടന്ന് വരികയാണ്. ഡെങ്കിപ്പനി പ്രതിരോധത്തിനായി കൊതുകു നിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടപ്പിലാക്കണം.
ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ 46 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 97 പേര്‍ക്ക് സംശയാസ്പദ രോഗബാധയും ഉണ്ടായിട്ടുണ്ട്.
രോഗലക്ഷണങ്ങള്‍- പെട്ടെന്നുണ്ടാകുന്ന കടുത്ത പനി, തീവ്രമായ തലവേദന, ശരീരവേദന, കണ്ണിന് ചുറ്റും വേദന, വിശപ്പില്ലായ്മ, ഛര്‍ദ്ദി , ഓക്കാനം, പേശികള്‍ക്കും സന്ധികള്‍ക്കും വേദന, ശരീരത്തില്‍ ചുവപ്പ് നിറത്തില്‍ തിണര്‍പ്പുകള്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈഡിസ് കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നത് വീടിനുള്ളിലും പരിസരത്തും അശ്രദ്ധ മൂലം നാം തന്നെ ഒരുക്കി കൊടുക്കുന്ന ശുദ്ധജലത്തിലാണ്. അതുകൊണ്ട് വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതും അത്യാവശ്യമാണ്. മഴവെള്ളം കെട്ടി നില്‍ക്കുന്നത് ഒഴിവാക്കണം.
വെള്ളം ശേഖരിച്ച് വയ്ക്കുന്ന പാത്രങ്ങളും ടാങ്കുകളും കൊതുക് കടക്കാത്ത വിധം മൂടി വയ്ക്കുക. ഇവയിലെ വെള്ളം ആഴ്ചയിലൊരിക്കല്‍ ചോര്‍ത്തി കളഞ്ഞതിന് ശേഷം ഉള്‍വശം കഴുകി ഉണക്കി വീണ്ടും വെള്ളം നിറയ്ക്കുക. ഫ്രിഡ്ജിന്റെ പുറകിലെ ട്രേ, ചെടിച്ചട്ടിയുടെ അടിയില്‍ വയ്ക്കുന്ന പാത്രങ്ങള്‍, കൂളറിന്റെ ഉള്‍വശം ഇന്‍ഡോര്‍ ചെടിച്ചട്ടികള്‍ തുടങ്ങിയവയില്‍ വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുക, അക്വേറിയത്തില്‍ കൂത്താടികളെ നശിപ്പിക്കുന്ന ഗപ്പി, മാനത്തുകണ്ണി തുടങ്ങിയ മത്സ്യങ്ങളെ നിക്ഷേപിക്കുക.
ചിരട്ട, ടിന്ന് , കുപ്പി, മുട്ടത്തോട്, തൊണ്ട്, ടയര്‍, പ്ലാസ്റ്റിക് കൂട്, കപ്പ്, ചെടിച്ചട്ടികള്‍, കേടായ കളിപ്പാട്ടങ്ങള്‍ എന്നിവയില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കുക. ടെറസ് സണ്‍ഷെയ്ഡ് എന്നിവയില്‍ കെട്ടിനില്‍ക്കുന്ന വെള്ളം ഒഴുക്കി കളയുക, ടാര്‍പോളീന്‍ പ്ലാസ്റ്റിക് ഷീററ്റുകള്‍ എന്നിവയില്‍ വെള്ളം കെട്ടി നില്ക്കാന് അനുവദിക്കാതിരിക്കുക, മരപ്പൊത്തുകളിലും വാഴപ്പോളകളിലും അടയ്ക്കാ തോട്ടങ്ങളില്‍ വീണ് കിടക്കുന്ന പാളകളിലും വെള്ളം കെട്ടി നില്‍ക്കാതെ സൂക്ഷിക്കുക. റബ്ബര്‍പാല്‍ ശേഖരിക്കാന്‍ വച്ചിട്ടുള്ള ചിരട്ട, കപ്പ് ഇവ ആവശ്യത്തിന് ശേഷം കമഴ്ത്തി വയ്ക്കുക, സെപ്റ്റിക് ടാങ്കിന്റെ വെന്റ് പൈപ്പിന്റെ അഗ്രഭാഗത്ത് കൊതുക് വല ചുറ്റുക, വീടിന് ചുറ്റും കാണുന്ന പാഴ്ച്ചെടികള്, ചപ്പ് ചവറുകള്‍ എന്നിവ നീക്കം ചെയ്ത് പരിസര ശുചിത്വം ഉറപ്പ് വരുത്തുക.
കൊതുക് കടി ഏല്‍ക്കാതിരിക്കാനായി ശരീരം നന്നായി മൂടുന്ന വസ്ത്രങ്ങള്‍ ധരിക്കുകയും പകല്‍ സമയത്ത് ഉറങ്ങുന്നവര്‍ കൊതുക് വല ഉപയോഗിക്കുകയും ചെയ്യുക. പനി പല രോഗങ്ങളുടേയും ലക്ഷണമായതിനാല്‍ സ്വയം ചികിത്സ ഒഴിവാക്കുക. വീടിനുള്ളിലും പരിസരത്തും വെള്ളം കെട്ടി നില്ക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കിയാല്‍ ഡെങ്കിപ്പനിക്ക് കാരണമാകുന്ന കൊതുകുകളെ നശിപ്പിക്കാം. ഇതിനായി ആഴ്ചയിലൊരിക്കല്‍ എല്ലാവരും ഡ്രൈഡേ ആചരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.