കോട്ടയം: കോട്ടയം ലൂർദ് പബ്ലിക്ക് സ്കൂൾ ആന്റ് ജൂനിയർ കോളേജിലെ വിദ്യാർത്ഥികൾക്കായി മോട്ടോർ വാഹന വകുപ്പും ജാഗ്രതാ ന്യൂസ് ലൈവും ചേർന്നൊരുക്കിയ ട്രാഫിക് ബോധവത്കരണ ക്ലാസ് വേറിട്ട അനുഭവമായി. സ്കൂളിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായാണ് മോട്ടോർ വാഹന വകുപ്പ് ക്ലാസെടുത്തത്. വാഹനം ഓടിക്കുന്നതു സംബന്ധിച്ചും, ഗതാഗത നിയമങ്ങൾ സംബന്ധിച്ചും, വാഹനാപകടങ്ങൾ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങളെയും മോട്ടോർ വാഹന വകുപ്പിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആശാകുമാർ ക്ലാസെടുത്തു. കുട്ടികളുടെ സംശയങ്ങൾക്കുള്ള മറുപടിയും ക്ലാസിൽ ആശാകുമാർ നൽകി. ജാഗ്രതാ ന്യൂസ് ലൈവും മോട്ടോർ വാഹന വകുപ്പും ചേർന്നു സംഘടിപ്പിച്ച പരിപാടിയിൽ ജോസ്കോ ജുവലറിയും, ആൽക്കോൺ എൻജിനീയറിംങ് ആന്റ് കൺസ്ട്രക്ഷൻസും സഹകരിച്ചിരുന്നു.
സ്കൂൾ വിദ്യാർത്ഥികൾ സ്വയം വാഹനം ഓടിച്ചു പഠിക്കുന്ന കാലത്ത് ഇത്തരം ബോധവത്കരണ ക്ലാസുകൾ ഏറെ അത്യാവശ്യമാണെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി പറഞ്ഞു. ലൂർദ് സ്കൂളിലെ കോൺഫറൻസ് ഹാളിൽ നടന്ന ബോധവത്കരണ ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സ്കൂൾ വിദ്യാർത്ഥികളിൽ നിന്നു തന്നെ ട്രാഫിക് ബോധവത്കരണം ആരംഭിക്കേണ്ടതുണ്ട്. സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ പേരിനെ അന്വർത്ഥമാക്കുന്ന ജാഗ്രതയോടു കൂടിയുള്ള പ്രവർത്തനമാണ് ജാഗ്രതാ ന്യൂസ് ലൈവ് നടത്തുന്നത്. സ്കൂൾ കുട്ടികൾക്ക് ബോധവത്കരണം നടത്താൻ മുന്നിട്ടിറങ്ങിയ ജാഗ്രതാ ന്യൂസ് പ്രതിനിധികൾ അഭിനന്ദനം അർഹിക്കുന്നു. ചെറുപ്പത്തിൽ തന്നെ ട്രാഫിക് അവബോധം ഉണ്ടായാൽ ഇത് കുട്ടികളിൽ മാതൃകാപരമായ ഡ്രൈവിംങ് എന്ന ചിന്തയുണ്ടാക്കുമെന്നും നിർമ്മല ജിമ്മി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലൂർദ് സ്കൂൾ ആന്റ് ജൂനിയർ കോളേജ് പ്രിൻസിപ്പൽ ഫാ.പൈസ് ജോസഫ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജാഗ്രതാ ന്യൂസ് പ്രതിനിധി രാകേഷ് കൃഷ്ണ സ്വാഗതം ആശംസിച്ചു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ജ്യോതികുമാർ സംസാരിച്ചു. ജാഗ്രതാ ന്യൂസ് ലൈവ് മാർക്കറ്റിംങ് മാനേജർ റോണി ബാബു നന്ദി പറഞ്ഞു.