കോട്ടയം: അമിത വേഗത്തിലെത്തിയ കാർ കാൽ നടയാത്രക്കാരനെ ഇടിച്ച ശേഷം നിർത്താതെ പോയി. നത്തല്ലൂർ മൂലപ്പതിൽ ബൈജുവിനാ(45)ണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ഇടിച്ചു വീഴ്ത്തിയ കാർ നിർത്താതെ ഓടിച്ചു പോയി. കഴിഞ്ഞ ശനിയാഴ്ച വാഴൂർ കറുകച്ചാൽ റോഡിൽ മാന്തുരുത്തി ജംഗ്ഷനു സമീപത്തായിരുന്നു അപകടം. രാത്രി പത്തരയോടെയായിരുന്നു കാർ കാൽനടയാത്രക്കാരനെ ഇടിച്ചു വീഴ്ത്തിയത്.
വാഴൂർ ഭാഗത്തു നിന്നും എത്തിയ കാർ എതിർ ദിശയിൽ നിന്നു നടന്നു വന്ന ബൈജുവിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. കാർ കറുകച്ചാൽ ഭാഗത്തേയ്ക്ക് നിർത്താതെ ഓടിച്ചു പോയി. രക്തം വാർന്ന് റോഡിൽ വീണു കിടന്ന ബൈജുവിനെ നാട്ടുകാർ ചേർന്നാണ് പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. തലയ്ക്കു സാരമായി പരിക്കേറ്റ ബൈജു ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിലാണ് ഇദ്ദേഹം ചികിത്സയിൽ കഴിയുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൊലീസ് സംഘം പ്രദേശത്തെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങളിൽ നിന്നു പക്ഷേ, ഇതുവരെയും ഇടിച്ച കാർ കണ്ടെത്താൻ സാധിച്ചിട്ടില്ല. രണ്ടു ദിവസത്തിനിടെ മൂന്നാം തവണയാണ് ഇവിടെ കാർ അപകടം ഉണ്ടായിരിക്കുന്നത്. സംഭവ ദിവസം രാവിലെ തന്നെ കുരിശുകവലയിൽ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചിരുന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റിരുന്നില്ല.