കോട്ടയം : യുവതലമുറയെ ഉൾപ്പെടെ ആത്മഹത്യയിലേക്കും സാമ്പത്തിക ബാധ്യതയിലേക്കും തള്ളിവിടുന്ന ഓൺലൈൻ റമ്മി ഉൾപ്പെടെ പണം വെച്ചുള്ള ഓൺലൈൻ ഗെയിമുകൾക്ക് നിരോധനം കൊണ്ടുവരണമെന്ന് കേരള യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് അഡ്വ: റോണി മാത്യു ആവശ്യപ്പെട്ടു. ഓൺലൈൻ ഗെയിമുകളിലൂടെ പണം നഷ്ടപ്പെട്ട ഇരുപതിലേറെ മരണങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളത്. സമൂഹ മാധ്യമങ്ങളിലൂടെ ഉൾപ്പെടെ ജനങ്ങളെ സ്വാധീനിക്കാൻ കഴിയുന്ന ഗായകരും സിനിമ നടന്മാരുമാണ് ഓൺ ലൈൻ റമ്മി ഉൾപ്പെടെ ഉള്ള വ യുടെ പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.
യുവജനങ്ങളുടെയും കൗമാരക്കാരുടെയുമടക്കം ജീവനും ഭാവിയും തകർക്കുന്ന ഇത്തരം ചൂതാട്ടങ്ങളുടെ പരസ്യത്തിൽ നിന്നും സാമൂഹിക പ്രതിബദ്ധതയുള്ള സിനിമാതാരങ്ങൾ ഉൾപ്പെടെയുള്ളവർ പിന്മാറണം.അടിയന്തരമായി കേരള ഗെയിമിംഗ് നിയമത്തിൽ ഭേദഗതി വരുത്തി പണാധിഷ്ടിതമായ ഗെയ്മുകൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് നിവേദനം നൽകുമെന്ന് റോണി മാത്യു പറഞ്ഞു.