മല്ലപ്പളളി : വ്യവസായ വകുപ്പിന്റെ മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലേക്കുള്ള റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം ഉണ്ടാകണമെന്ന ആവശ്യം ശക്തമാകുന്നു. റോഡിൽ കുണ്ടും കുഴിയും നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാതായിട്ട് മാസങ്ങൾ കഴിഞ്ഞു. ഇതു വഴിയുള്ള കാൽനട യാത്ര പോലും ദുസ്സഹമായിരിക്കുകയാണ്. വർഷങ്ങൾക്ക് മുൻപ് പ്രവർത്തനം തുടങ്ങിയ മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് . ടയർ റീട്രേഡിങ്, പ്രസ്സ്, പെറ്റ്ബോട്ടിൽ, ഐസ്, ഫർണിച്ചർ, റബർ ചവിട്ടി, വയറിങ് പൈപ്പ്, ഇരുമ്പ് അലമാര തുടങ്ങി പത്തോളം വ്യവസായങ്ങളാണ് ഇവിടെ പ്രവർത്തിക്കുന്നത്. നിരവധി വാഹനങ്ങൾ എത്തുന്ന ഈ റോഡിലെ ടാറിംഗ് പൂർണ്ണമായും ഇളകിയ നിലയിലാണ്. മെറ്റൽ ഇളകി കിടക്കുന്നത് അപകടങ്ങൾക്കും കാരണമാകുന്നു. മഴ പെയ്യുമ്പോൾ റോഡിൽ രൂപപ്പെട്ടിരിക്കുന്ന വലിയ കുഴികളിൽ വെള്ളം കെട്ടി കിടക്കുന്നത് അപകട സാധ്യത വർദ്ധിക്കുന്നതിന് കാരണമാകുന്നു. റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് നടപടി ഉണ്ടാകണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്. എന്നാൽ അധികൃതരുടെ അനാസ്ഥയാണ് റോഡിന്റെ ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.