മൂന്നാർ: മൂന്നാർ പൊലീസ് സ്റ്റേഷനിലെ കംപ്യൂട്ടറിൽനിന്നും തീവ്രവാദസംഘടനകൾക്ക് രഹസ്യവിവരങ്ങൾ ചോർത്തിനൽകിയെന്ന ആരോപണത്തിൽ അന്വേഷണം നേരിടുന്ന മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ മറ്റു ജില്ലകളിലേക്ക് സ്ഥലം മാറ്റി. മൂന്നാർ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരായിരുന്ന പി.വി. അലിയാർ, പി.എസ്. റിയാസ് എന്നിവരെ എറണാകുളം ജില്ലയിലേക്കും അബ്ദുൾ സമദിനെ കോട്ടയം ജില്ലയിലേക്കുമാണ് ജില്ലാ പൊലീസ് മേധാവി മാറ്റിയത്.
പി.വി. അലിയാർ നിലവിൽ മുല്ലപ്പെരിയാർ സ്റ്റേഷനിലാണ്. മേയ് 15-നാണ് സ്റ്റേഷനിലെ കംപ്യൂട്ടറിൽനിന്നും രഹസ്യവിവരങ്ങൾ പൊലീസുകാർ തീവ്രവാദസംഘടനകൾക്ക് ചോർത്തി നൽകിയെന്ന ആരോപണം പുറത്തുവന്നത്. സംഭവം അന്വേഷിക്കാൻ മൂന്നാർ ഡിവൈ.എസ്.പി. കെ.ആർ. മനോജിനെ ജില്ലാ പൊലീസ് മേധാവി ചുമതലപ്പെടുത്തി. മൂന്നു പൊലീസുകാരുടെയും മൊബൈൽ ഫോണുകൾ അന്വേഷണ ഉദ്യോഗസ്ഥൻ പിടിച്ചെടുത്ത് സൈബർ സെല്ലിന് കൈമാറിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിവിധ രഹസ്യാന്വേഷണവിഭാഗങ്ങളും അന്വേഷണം തുടങ്ങിയിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഡിവൈ.എസ്.പി. കെ.ആർ. മനോജ് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ടും നൽകിയിരുന്നു. പ്രാഥമിക നടപടിയെന്ന നിലയിലാണ് ഇപ്പോഴത്തെ സ്ഥലംമാറ്റം.