പുതുവേലിയിൽ നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
കോട്ടയം: എം.സി റോഡിൽ കുറവിലങ്ങാട് പുതുവേലിയ്ക്കു സമീപം കാർ അപകടം. നിയന്ത്രണം നഷ്ടമായ കാർ റോഡരികിലൂടെ നടന്നു പോയ കാൽ നടയാത്രക്കാരനെ ഇടിച്ചു വീഴ്ത്തിയ ശേഷം റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറിയിലേയ്ക്ക് ഇടിച്ചു കയറി. അപകടത്തിൽ നാലു പേർക്ക് സാരമായി പരിക്കേറ്റു. കാറോടിച്ചിരുന്ന കോട്ടയം നഗരത്തിൽ വാടകയ്ക്കു താമസിക്കുന്ന ചെന്നിത്തല സ്വദേശി റോജി, ഇദ്ദേഹത്തിന്റെ രണ്ടു മക്കൾ, പുതുവേലിയിലെ ഷാപ്പിലെ സെക്യൂരിറ്റി ജീവനക്കാരൻ ജേക്കബ് എന്നിവർക്കാണ് പരിക്കേറ്റത്. കാർ ഡ്രൈവറെയും, ജേക്കബിനെയും കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളെ രണ്ടു പേരെയും കോട്ടയം കാരിത്താസ് ആശുപത്രിയിൽ എത്തിച്ചു.
ഞായറാഴ്ച ഉച്ചയ്ക്ക് 12.30 നായിരുന്നു അപകടം. കോട്ടയം ഭാഗത്തേയ്ക്കു വരികയായിരുന്നു കാർ. ഈ സമയം റോഡരികിലൂടെ നടന്നു വരികയായിരുന്ന ജേക്കബിനെ കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടമായ കാർ, റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറിയുടെ പിന്നിൽ ഇടിച്ചു. അപകടത്തിൽ കാറിന്റെ മുൻ ഭാഗം പൂർണമായും തകർന്നു. കാറിനുള്ളിലുണ്ടായിരുന്ന കുട്ടികൾക്കും, റോജിയ്ക്കും മുഖത്തും തലയ്ക്കുമാണ് പരിക്ക്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് ജേക്കബിനെ ആശുപത്രിയിൽ എത്തിച്ചത്. കാറിനുള്ളിൽ നിന്നും പുറത്തെടുത്ത റോജിയെ ഹൈവേ പെട്രോളിങ് സംഘമാണ് ആശുപത്രിയിൽ എത്തിച്ചത്. ഹൈവേ പെട്രോളിംങ് സംഘത്തിലെ എസ്.ഐ എസ്.ഐ മോഹനൻ, സിവിൽ പൊലീസ് ഓഫിസർ ശരത് , വിഷ്ണു എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകട സ്ഥലത്ത് രാമപുരം പൊലീസ് എത്തിച്ചേർന്നിട്ടുണ്ട്.