മാങ്ങാനം: കോട്ടയം പുതുപ്പള്ളി റൂട്ടിൽ മാങ്ങാനം മന്ദിരം ആശുപത്രിയ്ക്കു സമീപം കാറും ബൈക്കും കൂട്ടിയിടിച്ച മരിച്ച യുവാവിന്റെ മൃതദേഹം മാങ്ങാനം മന്ദിരം ആശുപത്രി മോർച്ചറിയിൽ. മരണ വിവരം അറിഞ്ഞ് ബന്ധുക്കൾ മാങ്ങാനം മന്ദിരം ആശുപത്രിയിൽ എത്തിയിട്ടുണ്ട്. പനച്ചിക്കാട് ചോഴിയക്കാട് മൂലേപ്പറമ്പിൽ എം.എ ദേവസ്യയുടെയും, വൽസമ്മയുടെയും മകനായ ജിബിൻ സെബാസ്റ്റ്യൻ (22)ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 4.15 ഓടെ മാങ്ങാനം മന്ദിരം ആശുപത്രിയ്ക്കു സമീപമായിരുന്നു അപകടം.
ആനിമേഷൻ വിദ്യാർത്ഥിയായ ജിബിൻ പുതുപ്പള്ളി ഭാഗത്തു നിന്നു കോട്ടയം ഭാഗത്തേയ്ക്കു ബൈക്കിൽ പോകുകയായിരുന്നു. ഈ സമയത്താണ് ബൈക്കും കാറും തമ്മിൽ കൂട്ടിയിടിച്ചത്. വിദേശത്ത് ജോലി ചെയ്യുന്ന ബിബിൻ സെബാസ്റ്റിയനാണ് സഹോദരൻ. കോട്ടയത്തു നിന്നും പുതുപ്പള്ളി ഭാഗത്തേയ്ക്കു പോകുകയായിരുന്ന കാറിൽ, പുതുപ്പള്ളി ഭാഗത്തു നിന്നും വരികയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ജിബിനെ ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കാർ ഡ്രൈവറെ ഈസ്റ്റ് പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഭവത്തിൽ ഈസ്റ്റ് പൊലീസ് കേസെടുത്തു. തുടർന്ന് മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റിയേക്കും.