പത്തനംതിട്ട : കോയിപ്രം പുറമറ്റം കള്ളുഷാപ്പിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തെതുടർന്ന് യുവാവിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ ഒന്നാം പ്രതിയെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. കോയിപ്രം കുമ്പനാട് കിഴക്കേ വെള്ളിക്കര കല്ലൂഴത്തിൽ വീട്ടിൽ തോമസിന്റെ മകൻ ജിജോ ജെയിംസ് (32) ആണ് പിടിയിലായത്. വിശദമായ ചോദ്യം ചെയ്തതിൽ ഇയാൾ കുറ്റം സമ്മതിച്ചു. ഈമാസം 23 ന് വൈകിട്ട് 6.30 ന് നടന്ന സംഭവത്തിൽ കേസിലെ മൂന്നാം പ്രതി കോയിപ്രം കുമ്പനാട് ഊരിയിൽ വീട്ടിൽ കൊച്ചുമോൻ നൈനാന്റെ മകൻ ജയ് എന്നുവിളിക്കുന്ന ഉമ്മൻ ക്രിസ്റ്റോ നൈനാൻ (42)പിറ്റേന്ന് തന്നെ അറസ്റ്റിലായിരുന്നു. രണ്ടാം പ്രതിക്കായുള്ള തെരച്ചിൽ തുടരുന്നു. ഇരവിപേരൂർ തേവരക്കാട് ചിറയിൽ വീട്ടിൽ ജോജോ ജോണി (30) നാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കുപറ്റിയത്. ഇയാളും പ്രതികളായ മൂന്നുപേരും സുഹൃത്തുക്കളാണ്. ഇവർ ഒരുമിച്ചിരുന്ന് മദ്യപിക്കുക പതിവാണ്. കള്ള് കുടിയ്ക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തിൽ, ഒന്നാം പ്രതി മേശപ്പുറത്തിരുന്ന സ്റ്റീൽ ജഗ്ഗ് കൊണ്ട് ജോജോയുടെ തലയ്ക്കടിയ്ക്കുകയായിരുന്നു. അടിയുടെ ആഘാതത്തിൽ തലയോട്ടിയ്ക്ക് കാര്യമായ പരിക്കേറ്റു, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന യുവാവിന് സംസാരിക്കാൻ ബുദ്ധിമുട്ട് ഉള്ളതുകൊണ്ട്, ഇയാളുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തിയാണ് പോലീസ് കേസെടുത്തത്. ജില്ലാ പോലീസ് മേധാവിയുടെ നിർദേശാനുസരണം ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗം, വിരലടയാള വിദഗ്‌ദ്ധർ തുടങ്ങിയവർ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തിയിരുന്നു. പിന്നീട് ആശുപത്രിയിലെത്തി ഏറ്റുമാനൂർ മജിസ്‌ട്രേറ്റ് യുവാവിന്റെ 164 സി ആർ പി സി പ്രകാരമുള്ള മൊഴി രേഖപ്പെടുത്തി. ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ ബാക്കി രണ്ടാം പ്രതിയെ കൂടി പിടികൂടാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. കള്ളുഷാപ്പിൽ പരിശോധന നടത്തിയ പോലീസ് ചെരുപ്പ്, സ്റ്റീൽ മഗ്ഗ് എന്നിവ കണ്ടെടുത്തിരുന്നു. പോലീസ് ഇൻസ്‌പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ
എസ് ഐ അനൂപ്, സി പി ഓമാരായ
അഭിലാഷ്, ബ്ലെസ്സൻ, അഖിൽ, ജോബിൻ ജോൺ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്.
കള്ളുഷാപ്പിലെ വാക്കുതർക്കത്തിനെ തുടർന്നുണ്ടായ ആക്രമണം : ഒന്നാം പ്രതി അറസ്റ്റിൽ
Advertisements