കോട്ടയം: ആധുനിക കാലത്ത് ലോൺ നൽകുന്നതിന് ബാങ്കുകൾ കൂടുതൽ ഡിജിറ്റൽ സംവിധാനങ്ങളോടുകൂടി നീങ്ങുന്ന സാഹചര്യത്തിൽ ഓൺലൈൻ സംവിധാനങ്ങൾ നാഷണലൈസ്ഡ് ബാങ്കുകൾ ജനങ്ങളിൽ എത്തിക്കുന്നതിന് മുന്നേറുകയാണ്. ഈ സാഹചര്യത്തിൽ ഓൺലൈൻ ലോണിന്റെ പേരിൽ പൊതുജനങ്ങളെ കബളിപ്പിച്ചും ഭീഷണിപ്പെടുത്തിയും പണം കൈക്കലാക്കുന്ന നിരവധി ലോൺ ആപ്പുകൾ ഉയർന്നു വന്നിരിക്കുകയാണ് എന്ന് ജില്ലാ പോലിസ് മേധാവി കെ. കാർത്തിക്ക് മുന്നറിയിപ്പ് നൽകി.
പ്രധാനമായും നമ്മുടെ മൊബൈൽ ഫോൺ മുഖേന തന്നെ വളരെ ലളിതമായി നമുക്ക് പണം എത്രയും പെട്ടെന്ന് ലഭിക്കുന്നു എന്നതിനാലാണ് നാമോരോരുത്തരും മൊബൈൽ ബാങ്കിംഗ് സംവിധാനങ്ങളിൽ കൂടുതൽ ആകൃഷ്ടരാകുന്നത്. നാം ഒരു ആപ്ലിക്കേഷനിൽ നിന്നും ലോൺ എടുത്തു കഴിഞ്ഞാൽ അതിനെ തുടർന്ന് മറ്റ് ധാരാളം ആപ്പുകളിൽ നിന്ന് നിങ്ങൾ ഞങ്ങളിൽ നിന്നും ലോൺ എടുത്തിട്ടുണ്ട് എത്രയും പെട്ടന്ന് തിരിച്ചടക്കണം എന്ന രീതിയിൽ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള കോളുകൾ നമ്മുടെ ഫോണുകളിലേക്ക് എത്തുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ ഇവ എല്ലാം വ്യാജ ലോൺ ആപ്പുകൾ തന്നെയാണ്. വ്യാജ ലോൺ ആപ്പുമായി ബന്ധപ്പെട്ട സൈബർ കുറ്റകൃത്യങ്ങൾ ധാരാളം ഉയർന്നുവരുന്ന സാഹചര്യത്തിൽ നാം ഓരോരുത്തരും ഇത്തരം വ്യാജ ലോൺ ആപ്പുകൾ ക്കെതിരെ ജാഗ്രത പാലിക്കേണ്ടത് നിർബന്ധമാണ് എന്നും എസ്.പി പറഞ്ഞു.
ലോൺ എടുക്കാൻ ഉദ്ദേശിക്കുമ്പോൾ ആർബിഐ അംഗീകാരമുള്ള സുരക്ഷിതമായ ആപ്പുകളിൽ നിന്നോ ലിങ്കുകളിൽ നിന്നോ ആണ് ലോൺ എടുക്കുന്നതെന്ന് ഉറപ്പുവരുത്തുക.
ആർബിഐ അംഗീകാരമില്ലാത്ത എല്ലാ ലോൺ ആപ്പുകളും വ്യാജ ലോൺ ആപ്പുകൾ ആണ് എന്ന് തിരിച്ചറിയുക.
ലോൺ എടുക്കേണ്ട സാഹചര്യം ഉണ്ടായാൽ ബാങ്കിനെയോ നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കോർപ്പറേഷനയോ സമീപിക്കുക.
തിരിച്ചടവുകൾ ലളിതമാക്കിയും, തവണ വ്യവസ്ഥകളിൽ തിരിച്ചടവ് കാലാവധി ദീർഘിപ്പിച്ചും പണം തിരിച്ചടയ്ക്കാം എന്ന വ്യാജ പരസ്യങ്ങളിൽ വഞ്ചിതരാകാതിരിക്കുക.
നിങ്ങളുടെ ലോൺ അപ്രൂവ് ചെയ്തിരിക്കുന്നു ലോണിന്റെ പ്രോസസിങ്ങിനായി ഒരു തുക അടയ്ക്കുക എന്നാവശ്യപ്പെട്ടാൽ മനസ്സിലാക്കുക അതൊരു തട്ടിപ്പാണ് എന്ന്.
വ്യാജ ലോൺ ആപ്പുകൾ നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നത് വഴി നിങ്ങളുടെ ഫോണിലെ എല്ലാ വിവരങ്ങളും അവർ ചോർത്തിയെടുക്കുകയും അതിലൂടെ നിങ്ങളുടെ മുഴുവൻ കോൺടാക്ട് ലിസ്റ്റും ഫോട്ടോകളും വീഡിയോകളും തട്ടിപ്പ് സംഘങ്ങൾക്ക് ലഭിക്കുകയും അത് പിന്നീട് നിങ്ങളെ ഭീഷണിപ്പെടുത്താൻ ഉപയോഗിക്കുകയും ചെയ്യുന്നു.
വായ്പാ തുക നിങ്ങൾ മുഴുവൻ തിരിച്ചടച്ചു കഴിഞ്ഞാലും നിങ്ങൾ ഇതുവരെ പൈസ അടച്ചിട്ടില്ല എന്ന തരത്തിൽ നിങ്ങളുടെ നമ്പറിലേക്ക് നിരന്തരം ഫോൺ ചെയ്ത് ഭീഷണിപ്പെടുത്തുകയും പിന്നീട് നിങ്ങളുടെ സുഹൃത്തുക്കളുടെയും, ബന്ധുക്കളുടെയും നമ്പരുകളിൽ വിളിച്ച് നിങ്ങളെപ്പറ്റി അപവാദ പ്രചരണം നടത്തുകയും ചെയ്യും.
വ്യാജ ലോൺ ആപ്പുകൾ നമ്മുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുക വഴി നിങ്ങൾ ലോൺ എടുത്തിട്ടില്ലെങ്കിൽ പോലും നിങ്ങൾ ലോണെടുത്തതായി കണക്കാക്കി നിങ്ങളിൽ നിന്ന് പണം ഈടാക്കാനുള്ള ശ്രമം ഇവർ നടത്തും.
ലോൺ എടുക്കുമ്പോൾ നമ്മൾ കൊടുക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് ഉദാഹരണത്തിന് ആധാർ,പാൻ,തുടങ്ങിയ ഐഡി പ്രൂഫുകൾ ഉപയോഗിച്ച് നിങ്ങൾ ഫ്രോഡ് ആണ് എന്ന് തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നു.
നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിലുള്ള നമ്പരുകളിലേക്ക് നിങ്ങളുടെ ഫോണിൽ നിന്നും കൈക്കലാക്കിയ സ്വകാര്യ ഫോട്ടോകൾ മോർഫ് ചെയ്ത് അശീല ഫോട്ടോകൾ ആക്കി അയച്ചുകൊടുക്കുകയും അവ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യും. കൂടാതെ നിങ്ങളുടെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഫോട്ടോയും, വീഡിയോയും നിങ്ങളുടെ ഫോണിൽ ഉണ്ടായിരുന്നുവെങ്കിൽ അവരുടെ മോർഫ് ചെയ്ത ഫോട്ടോ അവരുടെ നമ്പറിലേക്ക് അയച്ചുകൊടുത്ത് നിങ്ങളുടെ സുഹൃത്തുക്കളെ കൊണ്ട് നിങ്ങളെ സമ്മർദ്ദത്തിൽ ആക്കി പണം അടപ്പിക്കാൻ നിർബന്ധിതരാക്കുന്നു.
ഈ ഭീഷണിക്ക് വഴങ്ങുന്ന ഉപഭോക്താവ് മറ്റൊരു ലോൺ ആപ്പിൽ നിന്നും പണം എടുക്കേണ്ട സ്ഥിതി വരുന്നു. ഇത് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണം ആക്കുകയും വായ്പ എടുത്തയാൾ ആത്മഹത്യയിലേക്ക് പോകേണ്ട സ്ഥിതിവിശേഷം ഉണ്ടാവുകയും ചെയ്യുന്നു.
അതിനാൽ നാമോരോരുത്തരും ഓൺലൈൻ ലോൺ ആപ്പുകളിൽ നിന്ന് ജാഗ്രത പാലിക്കുക.