സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം ; 49 ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു : നദികളിൽ ജലനിരപ്പ് ഉയരുന്നു ; അതീവ ജാഗ്രതാ നിർദേശം

തിരുവനന്തപുരം : മഴക്കെടുതികൾ രൂക്ഷമായതിനെത്തുടര്‍ന്നു സംസ്ഥാനത്ത് 49 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു.തിരുവനന്തപുരത്ത് രണ്ടു ക്യാംപുകള്‍ തുറന്നു. 29 പേരെ ഇവിടേയ്ക്കു മാറ്റിപ്പാര്‍പ്പിച്ചു. കൊല്ലത്ത് ഒരു ദുരിതാശ്വാസ ക്യാംപില്‍ അഞ്ചു പേരും പത്തനംതിട്ടയില്‍ 10 ക്യാംപുകളിലായി 120 പേരും ആലപ്പുഴയില്‍ രണ്ടു ക്യാംപുകളിലായി 22 പേരും കോട്ടയത്ത് 15 ക്യാംപുകളിലായി 177 പേരെയും മാറ്റിപ്പാര്‍പ്പിച്ചു.

Advertisements

എറണാകുളത്ത് മുന്നൊരുക്കങ്ങളുടെ ഭാഗമായി ഒരു ക്യാംപ് തുറന്നിട്ടുണ്ട്. ഇടുക്കിയില്‍ ആറു ക്യാംപുകളിലായി 105 പേരെയും തൃശൂരില്‍ അഞ്ചു ക്യാംപുകളിലായി 225 പേരെയും മലപ്പുറത്ത് രണ്ടു ക്യാംപുകളിലായി ആറു പേരെയും മാറ്റിപ്പാര്‍പ്പിച്ചു. വയനാട്ടില്‍ മൂന്നു ക്യാംപുകളില്‍ 38 പേരും കണ്ണൂരില്‍ രണ്ടു ക്യാംപുകളിലായി 31 പേരും കഴിയുന്നുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംസ്ഥാനത്ത് പത്ത് ജില്ലകളില്‍ അതിതീവ്രമഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് നല്‍കിയിരിക്കുന്നത്. മറ്റ് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ദിവസം കൂടി അതിശക്തമായ മഴ തുടരും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. യാതൊരുകരണവശാലും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുകയാണ്. മഴക്കെടുതിയില്‍ ഇന്ന് നാല് പേരാണ് മരിച്ചത്. കണ്ണൂര്‍ പേരാവൂരില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ രണ്ടര വയസുകാരിയടക്കം രണ്ട് പേരുടെ മൃ‍തദേഹം കണ്ടെത്തി. മലവെള്ളപ്പാച്ചിലിലാണ് രാജേഷും രണ്ടരവയസുകാരി നുമ തസ്‌ലീന മരിച്ചത്. ഒരാളെ കാണാതാവുകയും ചെയ്തു. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കൂട്ടിക്കലില്‍ ഒഴുക്കില്‍പെട്ട യുവാവിന്‍റെ മൃതദേഹം കണ്ടെടുത്തു. കോതമംഗലം കുട്ടമ്ബുഴ ഉരുളന്‍ തണ്ണിയില്‍ കാണാതായ പൗലോസിന്‍റെ മൃതദേഹം കണ്ടെത്തി. ഇതോടെ മൂന്ന് ദിവസമായി തുടരുന്ന മഴയില്‍ മരണം പത്തായി.

അതേസമയം, ഇന്നലെ ചാവക്കാട് കടലില്‍ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഇവരുടെ വള്ളവും വലയും മാത്രം മുനക്കകടവ് പുലിമുട്ട് ഭാഗത്ത് നിന്ന് മാറി ഒരു അര കിലോമീറ്റര്‍ ദൂരത്ത് അടിഞ്ഞിട്ടുണ്ട്. ഇടുക്കി ആനച്ചാലില്‍ മണ്ണിടിഞ്ഞ് പരിക്കേറ്റ വീട്ടമ്മയുടെ നില ഗുരുതരമാണ്. നെടുമ്ബാശേരി അത്താണിയില്‍ കുറുന്തലക്കാട്ട് ചിറയില്‍ കുളിക്കാന്‍ ഇറങ്ങിയ വൃദ്ധ ഒഴുക്കില്‍പ്പെട്ടു. പെരുമ്ബാവൂര്‍ ബോയ്സ് ഹൈസ്ക്കൂളിനടുത്ത് താമസിക്കുന്ന മാര്‍ത്ത (75) ആണ് ഒഴുക്കില്‍ പെട്ടത്. പാലത്തിനടിയിലൂടെ ഏകദേശം 50 മീറ്റര്‍ ദൂരത്തേക്ക് ഒഴുകിപ്പോയി. റോഡില്‍ നിന്നും ചിറയിലേക്ക് വീണ് കിടന്ന കേബിളില്‍ പിടിച്ച്‌ അവശയായി കിടുക്കുന്ന നിലയിലാണ് പ്രദേശവാസികള്‍ കണ്ടത്. തുടര്‍ന്ന് അഗ്നിശമന സേനയെത്തി രക്ഷപെടുത്തി.

ശക്തമായ മഴയില്‍ എറണാകുളത്തെ കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വെള്ളം കയറി. സ്റ്റാന്‍ഡിലെ കടകളിലേക്കും വെള്ളം കയറി. എറണാകുളം ഏലൂരില്‍ നൂറോളം വീടുകളില്‍ വെള്ളം കയറി. പ്രദേശത്ത് രണ് ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നു. പെരിയാറിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശത്താണ് രൂക്ഷമായ വെള്ളക്കെട്ട്. ആലുവ ശിവക്ഷേത്രം പൂര്‍ണ്ണമായി മുങ്ങി. തിരുവനന്തപുരം നഗരത്തിലും മലയോര പ്രദേശങ്ങളിലും മഴ കുറഞ്ഞു. മലയോരമേഖലകളില്‍ ചാറ്റല്‍ മഴ തുടരുന്നുണ്ട്. ഇന്നലെ വെള്ളം കയറിയ ഇടങ്ങളില്‍ നിന്നെല്ലാം വെള്ളം നീങ്ങിത്തുടങ്ങി. വിതുരയിലും അമ്ബൂരിയിലും ഓരോ ദുരിതാശ്വാസക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ശക്തമായ മഴയില്‍ പാലക്കാട് ഒലിപ്പാറ പുത്തുന്‍കോട് ഭാഗത്തുള്ള പതിനാല് വീടുകളില്‍ വെള്ളം കയറി. അടിപ്പരണ്ടപ്പുഴയും സമീപത്തെ തോടും കരകവിഞ്ഞാണ് വീടുകളില്‍ വെള്ളം എത്തിയത്. പുല‍ര്‍ച്ചെ മൂന്ന് മണിയോടെ വെള്ളംവരവ് ശക്തമായതോടെ, 14 കുടുംബങ്ങളെ ഒഴിപ്പിച്ചു. അമ്പതോളം പേരെ അടുത്തുള്ള ഒലിപ്പാറ പള്ളി ഹാളിലലേക്ക് മാറ്റി. കഴിഞ്ഞ ദിവസം മരിച്ച നാട്ടുകാരനായ ബാബുവിന്‍റെ വീട്ടിലും വെള്ളം കയറിയതോടെ, മൃതദേഹം തൊട്ടടുത്ത പള്ളയിലേക്ക് മാറ്റി. പെട്ടെന്ന് ശക്തമായ മലവെള്ളം വരാന്‍ കാരണം, നെല്ലിയാമ്പതി കല്‍ച്ചാടി വനത്തില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായതാകം എന്നാണ് നാട്ടുകാരുടെ സംശയം. എന്നാല്‍ ഇതില്‍ സ്ഥിരീകരണം വന്നിട്ടില്ല. മഴ ഭീഷണി നിലനില്‍ക്കുന്ന സാഹചരുത്തില്‍ നെല്ലിയാമ്ബതി വിനോദ സഞ്ചാര കേന്ദ്രം അടച്ചു. സഞ്ചാരികള്‍ക്ക് പ്രവേശനമില്ല.

അതേസമയം, തെക്കന്‍ ജില്ലകളിലെ നദികളില്‍ പ്രളയസാധ്യതയുണ്ടെന്നാണ് കേന്ദ്ര ജലകമ്മീഷന്‍ മുന്നറിയിപ്പ് നല്‍കുന്നത്. മണിമലയാര്‍ നിലവില്‍ അപകടനില കടന്ന് ഒഴുകുകയാണ്. മഴ കനത്താല്‍ വാമനപുരം , കല്ലട, കരമന അച്ചന്‍കോവില്‍, പമ്പ നദികളില്‍ പ്രളയസാധ്യത ഉണ്ടെന്ന് ജലകമ്മീഷന്‍ മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ വലിയ അണക്കെട്ടുകള്‍ നിറയുന്ന സാഹചര്യം ഇപ്പോഴില്ലെന്നും കേന്ദ്രജലകമ്മീന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സിനി മനോഷ് പറഞ്ഞു.

മഴ കനത്തതോടെ സംസ്ഥാനത്തെ ഒട്ടുമിക്ക നദികളും കരകവിഞ്ഞൊഴുകുകയാണ്. മണിമലയാര്‍, പമ്പ, അച്ചന്‍കോവിലാര്‍, കരമനയാര്‍ എന്നീ നദികളില്‍ അപകട നിലയും കടന്ന് വെള്ളം ഒഴുകുകയാണ്.മണിമലയാറും കരമനയാറും കരകവിഞ്ഞൊഴുകുന്നു. പെരിയാറിലും മൂവാറ്റുപുഴയാറിലും ജലനിരപ്പ് അതിവേഗം ഉയരുകയാണ്. ജലനിരപ്പ് അപകടരേഖയ്ക്ക് മുകളിലാണ്. പാലക്കാട് ഗായത്രിപ്പുഴയും കരകവിഞ്ഞു.

സംസ്ഥാനത്തെ അഞ്ച് നദീതീരങ്ങളില്‍ പ്രളയമുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പുല്ലക്കയാര്‍, മാടമന്‍, കല്ലൂപ്പാറ, വെള്ളയ്ക്കടവ്, അരുവിപ്പുറം എന്നിവിടങ്ങളിലാണ് പ്രളയ സാധ്യത മുന്നറിയിപ്പുള്ളത്. കേന്ദ്ര ജലക്കമ്മീഷനാണ് പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. അതീവ ജാഗ്രത വേണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോട്ടയം പാലാ കൊട്ടാരമറ്റം ഭാഗം വെള്ളത്തില്‍ മുങ്ങി. കാഞ്ഞിരപ്പള്ളി കരിമ്പുകയം ക്രോസ് വേയിലും വീടുകളിലും വെള്ളം കയറി. കൂട്ടിക്കല്‍ മ്ലാക്കരയില്‍ പാലം ഒഴുകിപ്പോയതിനെത്തുടര്‍ന്ന് കുടുങ്ങിയ മൂന്ന് കുടുംബങ്ങളിലെ 10 പേരെ രക്ഷപ്പെടുത്തി.

പെരിയാര്‍ കരകവിഞ്ഞതിനെത്തുടര്‍ന്ന് ആലുവശിവക്ഷേത്രം മുങ്ങി. ആലുവ മൂന്നാര്‍ റോഡിലും വെള്ളം കയറി. ഏലൂര്‍ കുട്ടിക്കാട്ടുകരയില്‍ പെരിയാര്‍ കരകവിഞ്ഞതിനെത്തുടര്‍ന്ന് 40 കുടുംബങ്ങളെ മാറ്റി. കോതമംഗലം ടൗണും, തങ്കളം ബൈപ്പാസും മണികണ്ഠന്‍ചാലും കുടമുണ്ട പാലവും വെള്ളത്തിലായി. വെള്ളം കയറിയതിനെത്തുടര്‍ന്ന് മൂവാറ്റുപുഴ കൊച്ചങ്ങാടിയില്‍ നിന്ന് ആളുകലെ മാറ്റിപാര്‍പ്പിച്ചു. പാലക്കാട് ഗായത്രിപ്പുഴ കരകവിഞ്ഞതിനെത്തുടര്‍ന്ന് ആലംപള്ളം ചപ്പാത്ത് വെള്ളത്തിനടിയിലായി.

നെല്ലിയാമ്പതിയില്‍ കനത്തമഴയില്‍ നൂറടി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു. ചെറുനെല്ലിയിലും ഇരുമ്പുപാലത്തിനും സമീപം മണ്ണിടിഞ്ഞു. കൊല്ലം കുളത്തൂപ്പുഴ 50 ഏക്കര്‍ പാലത്തില്‍ വെള്ളം കയറി. അപ്പര്‍ കുട്ടനാട്ടിലും വെള്ളപ്പൊക്കം രൂക്ഷമാണ്. തലവടി, മുട്ടാര്‍ പഞ്ചായത്തുകളില്‍ വെള്ളം കയറി. ചെങ്ങന്നൂര്‍, മല്ലപ്പള്ളി, തിരുവല്ല താലൂക്കുകളിലായി 100 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പമ്പനദി ആറന്മുള ഭാഗത്ത് കരകവിഞ്ഞു. കോഴിക്കോട് പെരുവണ്ണാമൂഴിയില്‍ നീരൊഴുക്ക് കൂടി. കുറ്റിയാടി പുഴയോരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

അഗസ്ത്യവനത്തിലും കനത്ത മഴ തുടരുകയാണ്. മലവെള്ളപ്പാച്ചിലില്‍ റോഡുകള്‍ തകര്‍ന്നു. ആദിവാസി മേഖലകള്‍ ഒറ്റപ്പെട്ടു. ഇടുക്കി ചിത്തിരപുരത്ത് മണ്ണിടിച്ചിലില്‍ ഒരു സ്ത്രീക്ക് ഗുരുതരപരിക്കേറ്റു. മണ്ണിടിഞ്ഞ് വീടിന്റെ ഭിത്തി തകര്‍ന്ന് വലിയപാടം വീട്ടില്‍ ആലീസ് ജോയിക്കാണ് പരിക്കേറ്റത്. നെല്ലിയാമ്പതിയില്‍ ഉരുള്‍പൊട്ടലുണ്ടായി. മണലാരു എസ്‌റ്റേറ്റ് ലില്ലി കാരപ്പാടിയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ഇതേത്തുടര്‍ന്ന് നെല്ലിയാമ്ബതി നൂറടിപുഴയോരത്തു താമസിക്കുന്നവരെ മാറ്റി. നെല്ലിയാമ്പതിയിലേക്കുള്ള വിനോദസഞ്ചാരികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. ചാലക്കുടി പുഴയും കരകവിഞ്ഞൊഴുകുകയാണ്.

Hot Topics

Related Articles