താഴത്തങ്ങാടി: ഇന്നലെ മുതൽ തുടങ്ങിയ കനത്ത മഴമൂലം മേജർ പാറപ്പാടം ദേവീക്ഷേത്രത്തിൽ വെള്ളംകയറി.
നിലവിൽ ക്ഷേത്രത്തിന് അകത്തും പുറത്തും ഒരുപോലെ വെള്ളം കയറിയ നിലയിലാണ്. 2018-ലെ പ്രളയ സമയത്ത് ശ്രീകോവിലിനുള്ളിൽ വെള്ളം കയറുകയും ക്ഷേത്രം ദിവസങ്ങളോളം അടച്ചിടുകയും ചെയ്തിട്ടുള്ളതുമാണ്.
മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുമ്പോൾ സമീപപ്രദേശത്തുള്ള ചെറുതോടുകൾ നിറയുന്നതിനാൽ ക്ഷേത്രത്തിലെ വെള്ളം ഒഴുകി പോകാനുള്ള സാഹചര്യമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും, ഉടൻതന്നെ ക്ഷേത്ര നവീകരണ പ്രവർത്തനംപോലുള്ള കാര്യങ്ങൾ ബന്ധപ്പെട്ട അധികാരികളുമായി ആലോചിച്ച് വെള്ളക്കെട്ട് മാറുന്നതിനുള്ള ശാശ്വത പരിഹാരം കണ്ടെത്തുമെന്നും ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് വി പി മുകേഷ്, സെക്രട്ടറി പി കെ ശിവപ്രസാദ്, വൈ: പ്രസിഡന്റ് എൻ കെ വിനോദ് എന്നിവർ പറഞ്ഞു.