പത്തനംതിട്ടയിൽ കനത്ത മഴ: അടിയന്തിര സാഹചര്യം നേരിടാൻ സജ്ജമെന്നു മന്ത്രി : മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു

പത്തനംതിട്ട: ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ അടിയന്തിര സാഹചര്യം നേരിടുന്നതിന് പത്തനംതിട്ട ജില്ല സജ്ജമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മഴക്കെടുതിയുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ആവശ്യം വന്നാല്‍ കൂടുതല്‍ ക്യാമ്പുകള്‍ തുറക്കുന്നതിന് ജില്ലയില്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. റവന്യു വകുപ്പിനാണ് ദുരിതാശ്വാസ ക്യാമ്പുകളുടെ ചുമതല നല്‍കിയിരിക്കുന്നത്. താലൂക്ക്തലത്തിലുള്ള ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ ഏകോപനചുമതല ഓരോ ഡെപ്യുട്ടി കളക്ടര്‍മാര്‍ക്ക് നല്‍കി. നിലവില്‍ ജില്ലയില്‍ 18 ക്യാമ്പുകളിലായി 310 പേരാണുള്ളത്. ആവശ്യം വന്നാല്‍ തുറക്കുന്നതിന് 484 ക്യാമ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യം വന്നാല്‍ ഉപയോഗിക്കുന്നതിനായി ആശുപത്രികളില്‍ അധികമായി കിടത്തി ചികിത്സാ സൗകര്യം ഒരുക്കും.

Advertisements

വില്ലേജ് ഓഫീസര്‍മാര്‍ ക്യാമ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ഓരോ ക്യാമ്പിലും ഓരോ ക്യാമ്പ് ഓഫീസര്‍മാരുമുണ്ടാകും. ക്യാമ്പുകളിലേക്കുള്ള ആഹാരം, വെള്ളം, വെളിച്ചം, ചികിത്സാ സഹായങ്ങള്‍ എന്നിവ ക്യാമ്പ് ഓഫീസര്‍മാര്‍ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ശബരിമല നിറപുത്തരി ഉത്സവം, ആറന്മുള വള്ളസദ്യ എന്നിവയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ തടസം വരാതെ കാലാവസ്ഥ പരിഗണിച്ച് ഉചിതമായ തീരുമാനം എടുക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരെ മന്ത്രി ചുമതലപ്പെടുത്തി.
നിലവില്‍ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടാണുള്ളതെന്ന് മന്ത്രി പറഞ്ഞു. പത്തനംതിട്ട ജില്ലയില്‍ സീതത്തോടാണ് കഴിഞ്ഞ 48 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ മഴ പെയ്തത്. പമ്പ, മണിമല ഡാമുകളില്‍ അപകടനിരപ്പിന് മുകളിലാണ് ജലം. എന്നാല്‍ കക്കി, പമ്പ ഡാമുകളിലെ ജലനിരപ്പ് ആശങ്കാജനകമല്ല. അച്ചന്‍കോവിലിലെ ജലനിരപ്പ് ഉയരാനുള്ള സാധ്യതയുണ്ട്. മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളിലും നദീതീരത്തുമുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണം. കുട്ടികളും ഇവരുടെ മാതാപിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. വെള്ളം നിറഞ്ഞ് കിടക്കുന്ന സ്ഥലങ്ങളിലൂടെ വാഹനം ഓടിക്കരുത്. ജലാശയങ്ങള്‍ക്ക് സമീപം സെല്‍ഫി എടുക്കാന്‍ പോകുന്നത് മൂലമുള്ള അപകടങ്ങള്‍ ഒഴിവാക്കണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ക്യാമ്പുകളില്‍ പകര്‍ച്ചവ്യാധികള്‍ പടരാതിരിക്കാന്‍ ആരോഗ്യ വകുപ്പ് പ്രത്യേക ശ്രദ്ധ നല്‍കും. ആശാ വര്‍ക്കര്‍മാരുടെ സേവനം ക്യാമ്പുകളില്‍ ഉറപ്പാക്കുമെന്നും ക്യാമ്പുകളില്‍ തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കണമെന്നും മന്ത്രി പറഞ്ഞു.
ഡയാലിസിസ്, കാന്‍സര്‍ രോഗികള്‍ക്കുള്ള തുടര്‍ ചികിത്സാ സൗകര്യങ്ങള്‍ ജില്ലയില്‍ ഉറപ്പാക്കും. ഈ സേവനമുള്ള ആശുപത്രികളില്‍ കൂടുതല്‍ രോഗികള്‍ക്ക് ഡയാലിസിസിനുള്ള സൗകര്യം ഒരുക്കാനും മന്ത്രി നിര്‍ദേശം നല്‍കി. എല്ലാ വകുപ്പുകളുടേയും ജില്ലാതല ഓഫീസര്‍മാരും ഉദ്യോഗസ്ഥരും അവധി ഒഴിവാക്കി ജോലിക്കെത്തണമെന്നും ജില്ല വിട്ട് പോകരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശവും മന്ത്രി നല്‍കി.
ജില്ലയിലെ തദ്ദേശസ്ഥാപന തലത്തിലുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനുള്ള യോഗം ഇന്നും നാളെയുമായി ( ഓഗസ്റ്റ് 2, 3) ചേരും. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഹെല്‍പ് ഡെസ്‌കുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. ജില്ലയിലെ 18 ആദിവാസി കോളനികളില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ ഭക്ഷ്യവസ്തുക്കള്‍ ഉറപ്പാക്കിയിട്ടുണ്ട്. ഒറ്റപ്പെട്ട് പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലുള്ളവര്‍ക്ക് റേഷന്‍ വിതരണം ചെയ്യുന്നതിന് സമാന്തര സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പോലീസിന്റെ ഹെല്‍പ് ഡെസ്‌ക്കുകള്‍ തയാറായിക്കഴിഞ്ഞു. ക്യാമ്പുകളില്‍ പൊലീസിന്റെ സഹായമുണ്ടാകും. ഫയര്‍ഫോഴ്സിന്റെ മുപ്പത് പേര്‍ അടങ്ങിയ എമര്‍ജന്‍സി ടീം ജില്ലയില്‍ സജ്ജമാണ്. നിയോജക മണ്ഡല അടിസ്ഥാനത്തില്‍ ഡിങ്കി ബോട്ടുകള്‍ വിന്യസിച്ചിട്ടുണ്ട്. സ്‌കൂബാ ടീമും, സ്പെഷ്യല്‍ റെസ്‌ക്യൂ ടീമും സജ്ജമാണ്. ദേശീയ ദുരന്തനിവാരണ സേനയുടെ ടീം തിരുവല്ല ഡിടിപിസി സത്രത്തില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ആവശ്യം വരുന്ന മുറയ്ക്ക് കൊല്ലത്ത് നിന്നും രക്ഷാപ്രവര്‍ത്തനത്തിനുള്ള ബോട്ട് എത്തിക്കുന്നതാണ്. കെഎസ്ഇബി ക്വിക്ക് റെസ്പോണ്‍സ് ടീമിനെ ഉറപ്പാക്കും. എല്ലാ വകുപ്പുകളുടെയും ഏകോപനം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
ജലനിരപ്പ് ഉയര്‍ന്നതുമൂലം വാട്ടര്‍ അതോറിറ്റി പമ്പിംഗ് നിര്‍ത്തിയ സാഹചര്യത്തില്‍ കിണറില്ലാത്തവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ കൊടുക്കണം. ക്യാമ്പുകളിലെ കുടിവെള്ള ലഭ്യതയും വാട്ടര്‍ അതോറിറ്റി ഉറപ്പാക്കണം. വരും ദിവസങ്ങളില്‍ വെള്ളം ഒഴുകി ചെല്ലുന്ന മേഖലയായ അപ്പര്‍ കുട്ടനാടില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തുകയും മുന്‍കരുതല്‍ എടുക്കുകയും വേണം. പഞ്ചായത്ത്, റവന്യു, പോലീസ്, വകുപ്പുകള്‍ ആവശ്യാനുസരണം അനൗണ്‍സ്മെന്റിലൂടെ സ്ഥിതിഗതികള്‍ വിശദീകരിക്കണം.
എംഎല്‍എ മാരായ അഡ്വ. മാത്യു ടി തോമസ്, അഡ്വ. പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ജില്ലാ പോലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജന്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.