പത്തനംതിട്ട: ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ക്യാമ്പുകളുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ടെന്നും ക്യാമ്പുകളിലെ ഭക്ഷണവിതരണം ഉറപ്പാക്കണമെന്നും അഡ്വ. മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. മഴക്കെടുതി അവലോകനം ചര്‍ച്ച ചെയ്യാന്‍ ആരോഗ്യമന്ത്രി വീണാജോര്‍ജിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാമ്പുകളില്‍ വെളിച്ചത്തിനായി അസ്‌കാ ലൈറ്റുകള്‍ വിതരണം ചെയ്യണം. പഞ്ചായത്ത് സെക്രട്ടറിമാര്‍ ഇല്ലാത്ത പഞ്ചായത്തുകളുടെ കാര്യത്തില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്യാമ്പുകളില്‍ ആഹാരം പാകം ചെയ്യുന്നതിനായി വിറകിനെ ആശ്രയിക്കാന്‍ കഴിയില്ല, ഗ്യാസ് ലഭ്യമാക്കണം. രക്ഷാപ്രവര്‍ത്തനത്തിന് ടോറസിന്റേയും മറ്റ് വാഹനങ്ങളുടേയും ലഭ്യത ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. വെണ്ണിക്കുളത്ത് ഓഗസ്റ്റ് ഒന്നിന് കാര്‍ ഒഴുക്കില്‍പ്പെട്ടുണ്ടായ അപകടം മുങ്ങിമരണമായി പരിഗണിക്കണമെന്നും അദ്ദേഹം യോഗത്തില്‍ ആവശ്യപ്പെട്ടു.