ആചാരങ്ങള്‍ക്ക് മുടക്കം വരാതെ സുരക്ഷിതത്വം മുന്‍നിര്‍ത്തി വള്ളസദ്യ നടത്തും: ജില്ലാ കളക്ടര്‍ ഡോ. ദിവ്യാ എസ് അയ്യര്‍

ആചാരങ്ങള്‍ക്ക് കോട്ടം വരാതെയും സുരക്ഷിതത്വത്തില്‍ ഒട്ടും വീഴ്ച വരുത്താതെയും ആറന്മുള വള്ളസദ്യ
നടത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യാ എസ്. അയ്യര്‍ പറഞ്ഞു. ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുന്നതും പമ്പാ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നിരിക്കുന്നതുമായ സാഹചര്യം കണക്കിലെടുത്ത് ആറന്മുള വള്ളസദ്യ ആചാരപരമായി നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനു ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍.
പമ്പയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ അപകടം വരാത്ത രീതിയില്‍ തീരത്തോട് അടുപ്പിച്ച് പള്ളിയോടങ്ങള്‍ ബോട്ടില്‍ കെട്ടിവലിച്ച് അമ്പലക്കടവില്‍ സുരക്ഷിതമായി എത്തണം. തുടര്‍ന്ന് വഞ്ചി പാട്ട് പാടി സദ്യ നിവേദ്യം സമര്‍പ്പിക്കാം. സുരക്ഷ മുന്‍ നിര്‍ത്തി ഒരു സമയത്ത് ഒരു പള്ളിയോടം മാത്രമേ വരാവൂ എന്നും കളക്ടര്‍ പള്ളിയോട സേവാ സംഘത്തിന് നിര്‍ദേശം നല്‍കി.

Advertisements

സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പള്ളിയോട സേവസംഘത്തിന്റ രണ്ട് യമഹ ബോട്ടുകളും ഒരു വലിയ ബോട്ടും ഉണ്ടായിരിക്കും. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ഒരു ബോട്ടും ഡിങ്കി, സ്‌കൂബ ഡൈവിംഗ് ടീം, ലൈഫ് ജാക്കറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷ മാര്‍ഗങ്ങള്‍ ഉണ്ടാകും. ആരോഗ്യ വകുപ്പ് മെഡിക്കല്‍ ടീമിനെയും ആംബുലന്‍സും സജ്ജമാക്കിയിട്ടുണ്ട്.
പള്ളിയോടങ്ങള്‍ വരുന്ന സമയത്ത് കാണികള്‍ നദീ തീരത്ത് ഇല്ലെന്ന് ഉറപ്പുവരുത്തണമെന്ന് പള്ളിയോട സേവാ സംഘത്തിനും പഞ്ചായത്തുകള്‍ക്കും കളക്ടര്‍ നിര്‍ദേശം നല്‍കി. ഇത് ഉറപ്പാക്കാന്‍ പോലീസ് സേനാ വിന്യാസവും ഉണ്ടാകും. നദിയുടെ ഒഴുക്കിനെയും ജലനിരപ്പിനെയും സംബന്ധിച്ച് ഓഗസ്റ്റ് നാലിന് രാവിലെ ഇറിഗേഷന്‍ വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കളക്ടര്‍ നിര്‍ദേശിച്ചു. അപ്പോഴത്തെ സ്ഥിതി വിലയിരുത്തി ആവശ്യമെങ്കില്‍ തീരുമാനത്തില്‍ ഭേദഗതി വരുത്തും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാടമണ്‍, കുരുടാമണ്‍ എന്നീ പ്രദേശങ്ങളില്‍ പമ്പാനദി അപകടനില കടന്നിരിക്കുകയാണ്. അതിനാല്‍ സാധാരണ നിലയിലെ വള്ളസദ്യ ക്രമീകരണം പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലാത്തതിനാല്‍ എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും കളക്ടര്‍ പറഞ്ഞു.
നീന്തല്‍ വശം ഉള്ള 35 മുതല്‍ 40 തുഴച്ചില്‍ക്കാര്‍ മാത്രമേ ഓരോ വള്ളങ്ങളിലും ഉണ്ടാവുകയുള്ളെന്ന് പള്ളിയോട സേവാസംഘം സെക്രട്ടറി പറഞ്ഞു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ ടി.ജി. ഗോപകുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പള്ളിയോട സേവാസംഘം സെക്രട്ടറി പാര്‍ഥസാരഥി ആര്‍. പിള്ള, ട്രഷറര്‍ കെ. സഞ്ജീവ് കുമാര്‍ പങ്കെടുത്തു. യോഗത്തിനു മുന്‍പായി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ആറന്മുള സത്രക്കടവിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.