അടൂർ : മാസങ്ങളായി അടൂർ നഗരത്തെ ഭീതിയിലാഴ്ത്തും വിധം വാഹനം കത്തിക്കൽ പരമ്പര നടത്തുകയും, പോലീസിനെ വട്ടം ചുറ്റിക്കുകയും ചെയ്ത പ്രതിയെ അടൂർ പോലീസ് അതിവിദഗ്ദ്ധമായി കുടുക്കി. അടൂർ അമ്മകണ്ടകര സ്വദേശിയായ കലാഭവനിൽ ശ്രീജിത്തി (25)നെ യാണ് അറസ്റ്റ് ചെയ്തത്. രണ്ടു ദിവസം മുൻപ് വെളുപ്പിന് ചേന്നം പള്ളി ജംഗ്ഷനിൽ നിർത്തിയിട്ടിരുന്ന ടിപ്പറിന് തീ പിടിച്ചത് വഴിയാത്രക്കാരന്റെ ശ്രദ്ധയിൽപ്പെട്ടതിനെതുടർന്ന് ഫയർഫോഴ്സിൽ അറിയിക്കുകയും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാകാതെ തീ അണക്കാൻ സാധിക്കുകയും ചെയ്തു. ഇതിൽ ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചിരുന്നു. കേസ് രജിസ്റ്റർ ചെയ്തു പോലീസ് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ഇന്നലെ വെളുപ്പിന് അതേ സ്ഥലത്ത് കിടന്ന അപകടത്തിൽപ്പെട്ട ഓട്ടോറിക്ഷയും കത്തി നശിച്ചിരുന്നു. തുടർച്ചയായ തീപിടിത്ത സംഭവങ്ങളിൽ സംശയം തോന്നിയ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം അന്വേഷണം ഊർജ്ജിതമാക്കി. സ്ഥലത്തെ ആരാധനാലയങ്ങളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും സിസി ടി വി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് സംഘം പ്രതികൾ എന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങൾ മുൻ കുറ്റവാളികളുടെതുമായി താരതമ്യം ചെയ്ത് പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. മറ്റു സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ സംഭവത്തിന് മുൻപും, ശേഷവും പ്രതികൾ വാഹനം ഉപയോഗിച്ചതായി കാണപ്പെടാത്തതിനാൽ നാട്ടുകാരൻ തന്നെ ആകാം പ്രതിയെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിച്ചേർന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ കൂടുതൽ വ്യക്തമായ സൂചന ലഭിക്കുകയും പ്രതിയിലേക്ക് എത്തുകയുമാണ് ഉണ്ടായത്.
ശ്രീജിത്തിനെ ഇയാൾ ജോലി ചെയ്തിരുന്ന സ്ഥലത്തെത്തി സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്നു നടത്തിയ ചോദ്യം ചെയ്യലിൽ നഗരത്തെ നടുക്കിയ കത്തിക്കൽ പരമ്പരയുടെ ചുരുളഴിഞ്ഞു. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന ബന്ധു രാഘുനാഥൻ നായരെയും പോലീസ് ചോദ്യം ചെയ്ത് കുട്ടകൃത്യത്തിലെ പങ്ക് കണ്ടെത്തിയിട്ടുണ്ട്.
മാസങ്ങൾക്കു മുൻപ് അടൂർ പോലീസ് സ്റ്റേഷന് സമീപമുള്ള റവന്യൂ ടവറിന്റെ മുൻവശത്തുള്ള പഴയ ടൗൺ ഹാളിന്റെ സമീപം കിടന്ന കാർ കത്തിനശിച്ചിരുന്നു. ഇതാണ് കത്തിക്കൽ പരമ്പരയുടെ തുടക്കം. തുടർന്ന് ഇതേ സ്ഥലത്ത് കിടന്ന ആംബുലൻസ്, ടിപ്പർ എന്നിവ കത്തിനശിച്ചു. സംഭവങ്ങളിൽ പോലീസ് കാര്യമായ അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കുറിച്ച് സൂചനകളൊന്നും ലഭിച്ചിരുന്നില്ല. തുടർന്ന് പോലീസ് ഇടപെട്ട് നഗരസഭയെ കൊണ്ട് സ്ഥലത്ത് സിസി ടി വി സ്ഥാപിക്കുകയും പോലീസ് തന്നെ ഫ്ളഡ് ലൈറ്റ് സ്ഥാപിക്കുകയും രാത്രികാല പട്രോളിങ് ശക്തമാക്കുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുറച്ചുനാൾ മുൻപ് സെൻറ് മേരിസ് സ്കൂളിന് രണ്ട് വട്ടം തീയിട്ട സംഭവം ഉണ്ടായെങ്കിലും അതിലും പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞില്ല. ദിവസങ്ങൾ മുൻപ് ചേന്നം പള്ളിയിൽ തന്നെ ഒരു ഹിറ്റാച്ചി കത്തിയെങ്കിലും സ്വാഭാവികമായി സംഭവിച്ചതാകാം എന്ന് കരുതി ഉടമസ്ഥൻ പോലീസിനെ അറിയിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം ടിപ്പർ കത്തിയതിനെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തിവരവെയാണ് ഓട്ടോ കത്തിയ സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തത്. വിശദമായ ചോദ്യം ചെയ്യലിൽ പ്രതി മറ്റ് പത്തോളം കുറ്റകൃത്യങ്ങൾ നടത്തിയതായി സമ്മതിച്ചിട്ടുണ്ട്. പ്രതിയെ സംഭവസ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. അടൂർ ഡി വൈ എസ്പി ആർ ബിനുവിന്റെ നിർദ്ദേശപ്രകാരം അടൂർ ഇൻസ്പെക്ടർ പ്രജീഷ് ടി ഡി നേതൃത്വത്തിൽ എസ് ഐ മാരായ വിപിൻ കുമാർ ധന്യ കെ എസ്സ്, സുദർശന എസ്സ് സിവിൽ പോലീസ് ഓഫീസർമാരായ സൂരജ് ആർ കുറുപ്പ്, അനുരാഗ് മുരളീധരൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.