കോട്ടയം: ആയിരം രൂപ പെറ്റി വരേണ്ട കേസുകളിൽ പോലും 30000 രൂപയോളം പൊലീസുകാർ പ്രതികളിൽ നിന്നും ഈടാക്കിയ ശേഷം ബാക്കി തുക വെട്ടിച്ചെടുക്കുന്നതായി പരാതി. കേസ് ഒത്തു തീർപ്പാക്കുന്നതിന്റെ പേരിൽ കോടതി വരാന്തയിൽ നടക്കുന്ന ഒത്തു തീർപ്പുകളെപ്പറ്റി അഭിഭാഷകർ പരാതി ഉന്നയിച്ചതോടെ മജിസ്‌ട്രേറ്റ് തന്നെ രംഗത്ത് എത്തുകയായിരുന്നു. ഇതേ തുടർന്ന് വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന് കോട്ടയം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി നിർദേശം നൽകി.
ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവങ്ങൾ ഉണ്ടായത്. കോടതി വരാന്തയിൽ ബഞ്ചിട്ട ശേഷം ഒരു വിഭാഗം കോടതി ജീവനക്കാരും, പൊലീസും, ലീഗൽ സർവീസ് അതോറിറ്റി ജീവനക്കാരും ചേർന്നാണ് തട്ടിപ്പ് നടത്തുന്നതെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. വാഹന പരിശോധന അടക്കമുള്ള സംഭവങ്ങളിൽ ഉൾപ്പെടുന്നവരെയാണ് കോടതി ഡ്യൂട്ടിയ്ക്കു നിയോഗിക്കുന്ന ചില പൊലീസുകാർ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്നതായി പരാതി ഉയർന്നിരിക്കുന്നത്. കോടതി ജീവനക്കാരും, ഒരു വിഭാഗം ലീഗൽ സർവീസ് അതോറിറ്റി ജീവനക്കാരും ചേർന്നാണ് തട്ടിപ്പ് നടത്തുന്നതെന്നാണ് അഭിഭാഷകർ പരാതി ഉന്നയിച്ചിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹെൽമറ്റ് വയ്ക്കാതെ വാഹനം ഓടിച്ചതിനും, മദ്യപിച്ച് വാഹനം ഓടിച്ചതിനും അടക്കം പ്രതിയാകുന്ന ആളുകളെയാണ് പെറ്റിക്കേസ് ചുമത്തി കോടതിയിലേയ്ക്ക് അയക്കുന്നത്. ഈ കേസിൽ സ്വന്തം നിലയിൽ കോടതി രേഖകൾക്കു സമാനമായ സമൻസ് ഉണ്ടാക്കി ഈ തട്ടിപ്പ് സംഘം സ്വന്തമായി പണപ്പിരിവ് നടത്തും. തുടർന്ന്, ഇവർ സ്വന്തം പേരിൽ തന്നെ ബാക്കി പണം വീതം വയ്ക്കുകയുമാണ് പതിവ്. പാരാലീഗൽ വോളണ്ടിയർമാരും, പൊലീസ് ഉദ്യോഗസ്ഥരും ചേർന്നാണ് തട്ടിപ്പ് നടത്തുന്നതെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.
ശനിയാഴ്ച വൈകിട്ട് സമാന രീതിയിൽ കോടതി വരാന്തയിൽ പിരിവ് നടത്തിയതിനെ ഒരു വിഭാഗം അഭിഭാഷകർ ചോദ്യം ചെയ്തു. ഇതേ തുടർന്ന് ബഹളമുണ്ടായതോടെ ജഡ്ജി വിഷയത്തിൽ ഇടപെടുകയായിരുന്നു. വിഷയത്തിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷ കൂട്ടായ്മ ബാർ അസോസിയേഷനും പരാതി നൽകിയിട്ടുണ്ട്.