പത്തനംതിട്ട : കക്കി അണക്കെട്ട് നാളെ ആഗസ്റ്റ് 8 തിങ്കൾ രാവിലെ 11ന് തുറക്കും. സംസ്ഥാന റൂൾലെവൽ മോണിറ്ററിംഗ് കമ്മിറ്റിയുടെ നിർദേശം അനുസരിച്ചാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഡാം തുറക്കാൻ തീരുമാനിച്ചത്. ഡാം തുറക്കുന്നതിന് മുന്നോടിയായുള്ള സാഹചര്യങ്ങൾ ജില്ലാ ഭരണകൂടം വിലയിരുത്തി. ഡാം തുറക്കുന്ന പശ്ചാത്തലത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണം. കക്കി അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന വിവരം മാധ്യമങ്ങളിലൂടെ ഉൾപ്പെടെ അറിയിപ്പ് നൽകിയിട്ടുണ്ട്. 981.46 മീറ്ററാണ് കക്കി ഡാമിന്റെ പരമാവധി സംഭരണശേഷി. എന്നാൽ ഡാമുകളുടെ വൃഷ്ടി പ്രദേശത്ത് മഴ ശക്തമാണെങ്കിലും ജനസാന്ദ്രത മേഖലയിൽ മഴ ഇല്ലയെന്നത് ആശ്വാസകരമാണ്. നദി തീരങ്ങളിലുള്ളവർ കർശനമായ ജാഗ്രത പാലിക്കുന്നതിനൊപ്പം ആവശ്യമെങ്കിൽ സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറണം. യാതൊരു കാരണവശാലും സാഹസികതയ്ക്ക് മുതിരരുത്. അതോടൊപ്പം നദികളിൽ ഇറങ്ങുകയോ മുറിച്ചു കടക്കാനോ പാടില്ല.
റാന്നി, കോഴഞ്ചേരി, തിരുവല്ല എന്നീ താലൂക്കുകളിൽപ്പെട്ട വെള്ളമെത്താൻ സാധ്യതയുള്ള പഞ്ചായത്തുകളിൽ ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്കാനുള്ള നടപടികൾ സ്വീകരിച്ചു. ഡാം തുറക്കുന്നതിന് മുന്നോടിയായി സുരക്ഷിതമായ ജാഗ്രത നിർദ്ദേശം നൽകുന്നതിനോടൊപ്പം ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനും വേണ്ട ക്രമീകരണങ്ങൾ ഇതിനോടകം കൈക്കൊണ്ടു .
ആങ്ങമുഴി – ഗവി റോഡിൽ അരണമുടിക്ക് സമീപം റോഡിലേക്ക് മണ്ണിടിഞ്ഞു വീണത് നീക്കം ചെയ്യുന്നതിനുള്ള നടപടി പൊതുമരാമത്ത് നിരത്തു വിഭാഗം ഊർജിതമാക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡാം തുറക്കുന്നതിന് മുന്നോടിയായി ചേർന്ന ദുരന്ത നിവാരണ അതോറിറ്റി
ഓൺലൈൻ യോഗത്തിൽ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്, എംഎൽ എമാരായ അഡ്വ. മാത്യു ടി തോമസ്, അഡ്വ. കെ യു ജനീഷ് കുമാർ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ, ഡെപ്യൂട്ടി കളക്ടർ ദുരന്ത നിവാരണം ടി ജി ഗോപകുമാർ, തഹസിൽദാർമാർ, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.