കോട്ടയം : പേവിഷബാധ സ്ഥിരീകരിച്ച അന്യസംസ്ഥാനക്കാരനായ യുവാവും സുഹൃത്തുക്കളും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും കടന്നു. ഇന്നലെ രാത്രി 12.30 നാണ് സംഭവം. നേരത്തെ നായുടെ ആക്രമണത്തിൽ പരിക്കേറ്റ ആസാം സ്വദേശിയായ ജീവൻ ബറുവ (39) യെയും സുഹൃത്തുകളേയും ആണ് കാണാതായത്.
ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജീവൻ ബവുറ വിദഗ്ധ ചികിത്സക്കായാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയത്. രാത്രി 10 മണിയോടെ അത്യാഹിത വിഭാഗത്തിൽ എത്തിയ ജീവന് തുടർന്നുള്ള പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
തുടർന്ന് സാംക്രമിക രോഗ വിഭാഗത്തിലേക്ക് മാറ്റിയ ഇയ്യാളും സുഹൃത്തുകളും അവിടെ നിന്നും കടന്നുകളയുകയായിരുന്നു. ആശുപത്രി അധികൃതർ പോലീസിനെ അറിയിച്ചതോടെയാണ് ജില്ലയിൽ ജാഗ്രതാ നിർദ്ദേശം നൽകിയത്.