തിരുവല്ല : ഓട്ടോ റിക്ഷയിൽ കടത്തുകയായിരുന്ന പത്ത് ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി തലവടി സ്വദേശി പുളിക്കീഴ് പോലീസിന്റെ പിടിയിലായി. എടത്വ തലവടി ആനപ്രാമ്പാൽ പടിഞ്ഞാറേത്ത് വീട്ടിൽ വിനോജി ( 46 ) ആണ് ഇന്ന് രാവിലെ 11 മണിയോടെ പുളിക്കീഴിൽ നിന്നും പിടിയിലായത്. പുളിക്കീഴ് ബിവറേജസ് ഔട്ട്ലെറ്റിൽ നിന്നും മദ്യം വാങ്ങി മടങ്ങവേ ആയിരുന്നു അറസ്റ്റ്.
പുളിക്കീഴ് സി.ഐ ഇ.ഡി ബിജുവിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് മഫ്തിയിൽ നിരീക്ഷണം നടത്തുകയായിരുന്ന പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഓട്ടോ റിക്ഷയുടെ പിൻവശത്ത് ചാക്കിൽ ഒളിപ്പിച്ച നിലയിലായിരുന്ന മദ്യക്കുപ്പികൾ പോലീസ് പിടിച്ചെടുത്തു. എടത്വ, തലവടി പ്രദേശങ്ങളിൽ ചില്ലറ വിൽപ്പന നടത്തുന്നതിനായാണ് മദ്യം വാങ്ങിയതെന്ന് പ്രതി പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷക്കാലമായി ബിനോജി അനധികൃത മദ്യ വിൽപ്പന നടത്തി വരുന്നതായാണ് പോലീസിന് ലഭിച്ച വിവരമെന്ന് എസ് ഐ കവിരാജ് പറഞ്ഞു.