തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ സുസ്ഥിരമായ സംരംഭങ്ങള്‍ ആരംഭിക്കണം: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

തിരുവല്ല : സംസ്ഥാനത്തിന്റെ ശക്തമായ വളര്‍ച്ചയ്ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സുസ്ഥിരമായ സംരംഭങ്ങള്‍ ആരംഭിക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ നവീകരിച്ച ഫ്രണ്ട് ഓഫീസിന്റെയും ടേക്ക് എ ബ്രേക്കിന്റെയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ മേഖലകളിലും മികച്ചു നില്‍ക്കുന്ന സംസ്ഥാനം നേരിടുന്ന പ്രധാനപ്രശ്‌നം തൊഴിലില്ലായ്മ ആണ്. ഇതിന് പരിഹാരം കാണുന്നതിനായി 20 ലക്ഷം യുവതി യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം ഒക്ടോബറോടെ ആരംഭിക്കും. ഒരു ലക്ഷം സംരംഭകരെ കണ്ടെത്തുന്നതിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് വ്യവസായ വകുപ്പ് പദ്ധതി ആരംഭിക്കുന്നുണ്ട്.
തൊഴില്‍ മേഖലയിലെ സാധ്യതകള്‍ കണ്ടെത്തി തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ സംരംഭങ്ങള്‍ ആരംഭിച്ച് സാമ്പത്തിക മേഖലയില്‍ ഫലപ്രദമായ ഇടപെടലുകള്‍ നടത്തണം. വിജ്ഞാനം സമ്പദ് വ്യവസ്ഥയായി രൂപപ്പെടുത്താനുള്ള കാഴ്ചപ്പാട് ഉണ്ടാക്കണമെന്നും മന്ത്രി പറഞ്ഞു.

Advertisements

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച അംഗീകാരമാണ് ലഭിക്കുന്നത്. ആധുനിക സമൂഹത്തിന്റെ ആവശ്യങ്ങളിലൊന്നാണ് ടേക്ക് എ ബ്രേക്ക്. പ്രതികൂല സാഹചര്യങ്ങളില്‍ ജനങ്ങളെ ചേര്‍ത്തു നിര്‍ത്താന്‍ സര്‍ക്കാര്‍ ഫലപ്രദമായി ആശ്രയിച്ചത് പ്രാദേശിക ഭരണവിഭാഗത്തെയാണ്. ഡിസംബറോടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ എല്ലാ സേവനങ്ങളും ഒരു ആപ്പില്‍ ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി പ്രസന്നകുമാരി അധ്യക്ഷത വഹിച്ചു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ചന്ദ്രലേഖ, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനില്‍കുമാര്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൈലേഷ് മങ്ങാട്ട്, ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍മാരായ ഷേര്‍ലി ഫിലിപ്പ്, ജെ പ്രീതിമോള്‍, ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എന്‍ എസ് ഗിരീഷ് കുമാര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ തോമസ് ബേബി, വിഞ്ജു എലിസബത്ത് സേവ്യര്‍, റ്റി എസ് സന്ധ്യാമോള്‍, പി വൈശാഖ്, ശ്യാം ഗോപി, കെ മായാദേവി, ജിജോ ചെറിയാന്‍, ഗ്രേസി അലക്‌സാണ്ടര്‍, തിരുവല്ല എല്‍ഡിഎഫ് കണ്‍വീനര്‍ അഡ്വ. ആര്‍ സനല്‍കുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ അഡ്വ. ഫ്രാന്‍സിസ് വി ആന്റണി, പ്രൊഫ. അലക്‌സാണ്ടര്‍ കെ ശാമുവല്‍, വിജയകുമാര്‍ മണിപ്പുഴ, ജേക്കബ് മദനഞ്ചേരില്‍, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ നൈസി റഹ്മാന്‍, നെടുമ്പ്രം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ വിനയചന്ദ്രന്‍, നെടുമ്പ്രം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി മനോജ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Hot Topics

Related Articles