കോഴിക്കോട്: കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ വീണ്ടും ഗുരുതര സുരക്ഷാ വീഴ്ച. കൊലക്കേസ് പ്രതിയായ അന്തേവാസി മാനസികാരോഗ്യ കേന്ദ്രത്തിൽ പുറത്ത് ചാടി. പെരിന്തൽമണ്ണ ദൃശ്യവധക്കേസ് പ്രതി വിനീഷാണ് രക്ഷപ്പെട്ടത്.
മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കേന്ദ്രത്തിലെ ഫോറൻസിക് വാർഡിൽ നിന്ന് തടവുകാരനായ അന്തേവാസി പുറത്തു കടക്കുന്നത്. കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിലായിരുന്നു മഞ്ചേരി സ്വദേശിയായ വിനീഷ്. മാനസികാസ്വാഥ്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഇയാളെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ മെയ് മാസത്തിൽ ഇവിടെനിന്ന് രക്ഷപ്പെട്ട അന്തേവാസി വാഹനാപകടത്തിൽ മരിച്ചിരുന്നു. റിമാൻഡ് പ്രതിയായിരുന്ന മലപ്പുറം സ്വദേശി മുഹമ്മദ് ഇർഫാനാണ് കുതിരവട്ടത്ത് നിന്ന് രക്ഷപ്പെട്ട ശേഷം കോട്ടക്കലിൽ വാഹനാപകടത്തിൽ മരിച്ചത്. വാഹന മോഷണക്കേസുകളിൽ റിമാൻഡിലായിരുന്ന മുഹമ്മദ് ഇർഫാനെ, മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. മൂന്നാം വാർഡിലെ സെല്ലിലുണ്ടായിരുന്ന ഇർഫാൻ സ്പൂൺ ഉപയോഗിച്ച് കുളിമുറിയുടെ ഭിത്തി തുരന്ന് പുറത്തുകടക്കുകയായിരുന്നു.
ഈ സംഭവത്തിൽ സുരക്ഷാ വീഴ്ച ആരോപിച്ച് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് കെ.സി.രമേശനെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇവിടെ നിന്ന് അടുത്തയാളും ചാടിപ്പോയത്.
ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ കുതിരവട്ടത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.