കോട്ടയം : രാജ്യത്തിന്റെ ചരിത്രത്തില്‍ പൂര്‍ണ്ണ സ്വരാജ് എന്ന മുദ്രാവാക്യം ആദ്യം മുഴക്കിയത് കമ്മ്യൂണിസ്റ്റുകാരായിരുന്നു എന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. സ്വാതന്ത്ര്യ ദിനത്തില്‍ ഡിവൈഎഫ്‌ഐ കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഫ്രീഡം സ്ട്രീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ചരിത്രത്തില്‍ പൂര്‍ണ്ണ സ്വരാജ് എന്ന മുദ്രാവാക്യം ആദ്യം മുഴക്കിയത് കമ്മ്യൂണിസ്റ്റുകാരാണെന്നുള്ളത് ചരിത്രത്തിന്റെ ഭാഗമാണ്. എന്നാല്‍ നമ്മുടെ ഔദ്യോഗികമായ ചരിത്ര രേഖകളില്‍ ഇടം കിട്ടാതെ പോയിട്ടുള്ള ഒത്തിരിയേറെ ത്യാഗ നിര്‍ഭരമേറിയ പോരാട്ടങ്ങളുണ്ട്. ഇന്ത്യന്‍ ഭരണഘടനയുടെ ഉള്ളടക്കം മതാത്മകതയും മതനിരപേക്ഷതയും തമ്മിലുള്ള നിരന്തരമായ ഏറ്റുമുട്ടലുകളിലൂടെ രൂപം കൊണ്ടതാണ്. എന്നാല്‍ ഇന്ന് മതനിരപേക്ഷതയില്‍ നിന്ന് മതാത്മകതയിലേക്ക് ഈ രാജ്യത്തെ കൊണ്ട് പോകാന്‍ ചിലര്‍ ശ്രമിക്കുന്നു. മതനിരപേക്ഷതയില്‍ നിന്ന് മതാത്മകതയിലേക്കുള്ള യാത്ര എന്നത് ജനാധിപത്യത്തില്‍ നിന്ന് ഏകാധിപത്യത്തിലേക്കുള്ള യാത്രയാണ്. ഇന്ത്യ പോലൊരു രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കണമെങ്കില്‍ മതനിരപേക്ഷത അനിവാര്യമാണ്. എന്നാല്‍ ഇന്ത്യ ഇന്ന് ഗൗരവപരമായ വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുന്നു. പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്യുന്ന ഹര്‍ജി ഇത്രയും വര്‍ഷമായി പരിഗണനക്കെടുക്കുവാന്‍ കഴിയാതെ പോയ ഗൗരവമായ അനുഭവങ്ങളുടെ സവിശേഷമായ ഘട്ടമാണിത്. ഇന്ന് എല്ലാവരും ഒരേ തരത്തിലുള്ള പൗരന്‍മാര്‍ അല്ല എന്ന തരത്തിലുള്ള വാഖ്യാനം വരുന്നു, ഇതാണ് ജനാധിപത്യം നേരിടുന്ന ഗൗരവമായ വെല്ലുവിളി. അതുകൊണ്ട് തന്നെ ഇന്ത്യയെ നിലനിര്‍ത്തുക എന്നത് ഈ കാലഘട്ടത്തിന്റെ തലമുറയുടെ ഉത്തരവാദിത്വമാണ്. ഇന്ത്യയെന്നുള്ള ആശയം നാനാത്വത്തില്‍ വൈവിധ്യത്തിന്റേതാണ് ആ വൈവിധ്യങ്ങളുടെ സമ്പന്നത നാനാത്വത്തില്‍ ഏകത്വം അതാണ് ഇന്ത്യയുടെ സവിശേഷത. എല്ലാം കോര്‍ത്തിണങ്ങുന്ന ഇന്ത്യയെന്ന ആചര്യത്തെ കാത്തുസൂക്ഷിക്കാന്‍ യുവജന പ്രസ്ഥാനത്തിന് ഇന്ത്യയിലെ യുവാക്കള്‍ക്ക് ചരിത്രപരമായ കര്‍ത്തവ്യമുണ്ട് അതിനായി യുവത അണിനിരക്കണമെന്നും മന്ത്രി പറഞ്ഞു.