കോട്ടയം : നിയമസഭയിൽ 52 വർഷങ്ങൾ പൂർത്തീകരിച്ച് ചരിത്രത്തിൽ ഇടം നേടിയ ഉമ്മൻ ചാണ്ടിയുടെ പേരിൽ ളാക്കാട്ടൂരിൽ നാട്ടുകാർ പുതിയ റോഡ് നിർമ്മിച്ചു. കൂരോപ്പട പഞ്ചായത്തിലെ പതിനേഴാം വാർഡിലെ ളാക്കാട്ടൂർ കവലയിലാണ് 32 കുടുംബങ്ങളുടെ ദീർഘനാളത്തെ ആവശ്യത്തിന് പരിഹാരമായി 500 മീറ്റർ നീളത്തിൽ 10 അടി വീതിയിൽ പുതിയ റോഡ് വെട്ടിത്തുറന്നത്. ഒറവയ്ക്കൽ – കുരാലി റോഡിൽ നിന്ന് വെള്ളൂർ – മഞ്ഞാമറ്റം റോഡിൽ എത്തിച്ചേരുന്ന പുതിയ റോഡാണ് നാട്ടുകാർ നിർമ്മിച്ചത്. ഹരി ചാമക്കാലാ, ചന്ദ്രശേഖരൻ നായർ , ശിവൻ നായർ, ദാമോദരൻ നായർ, രതീഷ് തുടങ്ങിയ സ്ഥലമുടമകളുടെയും പഞ്ചായത്ത് അംഗം അമ്പിളി മാത്യൂ, ലൈബ്രറി ഭാരവാഹികളായ എം.ജി.ഗോപാലകൃഷ്ണൻ നായർ, മനോജ്. പി നായർ എന്നിവരുടെയും നേതൃത്വത്തിൽ നടന്ന അക്ഷീണ പ്രയത്നത്തിലാണ് റോഡ് യാഥാർത്ഥ്യമാക്കിയത്.
നാലര ലക്ഷത്തോളം രൂപാ നിർമ്മാണത്തിന് വേണ്ടി കണ്ടെത്തി.
സ്വാതന്ത്ര്യദിനത്തിൽ ളാക്കാട്ടൂരിൽ എത്തി ഉമ്മൻ ചാണ്ടി തൻ്റെ പേരിലുള്ള ഉമ്മൻ ചാണ്ടി റോഡിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. സ്വദേശ് ലൈബ്രറി പ്രസിഡൻ്റ് എം.ജി.ഗോപാലകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം രാധാ.വി നായർ, ബ്ലോക്ക് പഞ്ചായത്ത് അംഗം റ്റി.എം ജോർജ്, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗോപി ഉല്ലാസ്, അംഗങ്ങളായ അമ്പിളി മാത്യു, അനിൽ കൂരോപ്പട, സന്ധ്യാ.ജി നായർ, സന്ധ്യാ സുരേഷ്, ലൈബ്രറി ഭാരവാഹികളായ ശശിധരക്കുറുപ്പ് , രഘുനാഥൻ നായർ, മനോജ് പി നായർ തുടങ്ങിയവർ പങ്കെടുത്തു.
ബസേലിയസ് കോളജ് അധ്യാപിക ഡോ. മഞ്ജുഷാ വി. പണിക്കർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ആഘോഷങ്ങളുടെ ഭാഗമായി 6 വിദ്യാർത്ഥികൾക്ക് ലാപ്പ്ടോപ്പും നൽകി.