കോട്ടയം : വീട്ടിൽ റെയ്ഡ് നടന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അടുത്ത വെളിപ്പെടുത്തലുമായി പി സി ജോർജ് . വി.എസ്.അച്യൂതാനന്ദൻ എതിർത്ത ടോറസ് പദ്ധതി പിണറായി സർക്കാർ നടപ്പിലാക്കിയെന്നും ഇതിൽ അഴിമതിയുണ്ടെന്നുമാണ് പി.സി.ജോർജിന്റെ പുതിയ ആരോപണം. 2014ൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് അമേരിക്കൻ കമ്പനിയായ ടോറസ് ഇൻവെസ്റ്റ്മെന്റിന്റെ നേതൃത്വത്തിൽ ടെക്നോപാർക്കിൽ ‘ഡൗൺ ടൗൺ’ എന്ന പേരിലുള്ള പദ്ധതി ആവിഷ്ക്കരിച്ചത്. എന്നാൽ വി.എസ്.എതിർത്തതോടെ അന്ന് ഉപേക്ഷിച്ച പദ്ധതിക്ക് പിന്നീട് അധികാരത്തിലെത്തിയ പിണറായി വിജയൻ അനുമതി നൽകി.
ഇതിൽ ബാഹ്യ ഇടപെടലുകളുണ്ടെന്നും വൻ അഴിമതിയാണ് നടന്നിരിക്കുന്നതെന്നും ജോർജ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ടോറസ് കമ്പനിക്ക് പദ്ധതിക്കായി 19.73 ഏക്കർ സ്ഥം വിട്ടുകൊടുത്തു. വയലും തണ്ണീർതടവും ഉൾപ്പെട്ട സ്ഥലം അതിവേഗത്തിലാണ് കൈമാറിയത്. ഇതിനുപിന്നിൽ ഫാരിസ് അബൂബക്കറാണെന്നും അദേഹം പറഞ്ഞു. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ പലതും കടലാസ് കമ്പനികളാണ്. ഇതിന്‍റെ ഡയറക്ടർമാരെക്കുറിച്ച് വിശദമായി അന്വേഷിക്കണം. വീണ വിജയന് ഇവരുമായുള്ള ബന്ധം കണ്ടെത്താൻ എക്സാലോജിക് സൊല്യൂഷൻസിന്‍റെ അക്കൗണ്ടുകൾ പരിശോധിക്കണം. ‘ഡൗൺ ടൗൺ’ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിയുടെ രേഖകൾ തന്‍റെ കൈവശമുണ്ടെന്നും ഇത് ഇ.ഡിക്ക് കൈമാറുമെന്നും അദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഐ.ടിവകുപ്പിൽ വൻ അഴിമതിയാണ് നടക്കുന്നത്. ചെന്നൈ ആസ്ഥാനമായ ബ്രിഗേഡ് ഗ്രൂപ്പിന് വേൾഡ് ട്രേഡ് സെന്റർ നിർമ്മിക്കാൻ പന്ത്രണ്ടേക്കർ ഭൂമിയാണ് പിണറായി സർക്കാർ നൽകിയത്. ഈ ഭൂമി ഇടപാടിലും സമഗ്രമായ അന്വേഷണം വേണം. കിഫ്‌ബി ധനസഹായത്തിനായി ഇറക്കിയിട്ടുള്ള മസാല ബോണ്ടുകളുടെ വിപണനവുമായി ബന്ധപ്പെട്ട ഇടപാടുകൾ നിയന്ത്രിക്കുന്നത് അബുദാബിയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ്. ഇവർ ഹാൻഡിലിങ് ചാർജും,കമ്മീഷനും കൈപ്പറ്റുന്നുണ്ട്.
ഈ സ്ഥാപനത്തെ സംബന്ധിച്ചും ഈ സ്ഥാപനത്തിന്റെ ഷെയർ ഹോൾഡേഴ്സിനെ സംബന്ധിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്നും പി സി ജോർജ് വാർത്താ സമ്മേളനത്തിലൂടെ ആവശ്യപ്പെട്ടു.