കോട്ടയം: നഗരമധ്യത്തില്‍ ഈരയിക്കടവ് റോഡില്‍ ടാങ്കര്‍ ലോറിയില്‍ എത്തിയ സംഘം കക്കൂസ് മാലിന്യം തള്ളിയത് രണ്ടു കിലോമീറ്ററോളം. കക്കൂസ് മാലിന്യം തള്ളിയ സംഘം തുറന്നു വച്ച വാഹനത്തിന്റെ ടാപ്പുമായി രണ്ടി കിലോമീറ്ററോളം ദൂരം സഞ്ചരിച്ചു. ഇതോടെ മുപ്പായിപ്പാടം മുതല്‍ ഈരയില്‍ക്കടവ് ജംഗ്ഷന് വരെ ഏതാണ്ട് പൂര്‍ണമായും റോഡില്‍ കക്കൂസ് മാലിനമായി. സംഭവവുമായി ബന്ധപ്പെട്ട് ചേര്‍ത്തല തെരുനെല്ലൂര് പുത്തന്‍കോളനിയില്‍ ബിനീഷ് , ചാത്തനാട് തൈക്കാട്ട്ശേരി മഹേഷ് എന്നിവര്‍ക്കെതിരെയും കക്കൂസ് മാലിന്യം തള്ളിയ വാഹനത്തിന്റെ ഉടമയായ ചേര്‍ത്തല മണപ്പുറം പെരുംതട്ട് തറയില്‍ വാസുദേവന്‍ മകന് മാനസനെതിരെയും കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്തു. വാഹനവും പിടിച്ചെടുത്തിട്ടുണ്ട്.
കോട്ടയം നഗരസഭ അംഗം അഡ്വ.ഷീജാ അനിലും, നഗരസഭ അംഗം ജയചന്ദ്രന് ചീറോത്തും കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ എത്തി പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് അധികൃതര്‍ കേസെടുത്തത്. വെള്ളിയാഴ്ച രാത്രി ഒന്‍പത് നാല്‍പ്പത്തഞ്ചോടെയാണ് ചേര്‍ത്തലയില്‍ നിന്നുള്ള ടാങ്കര്‍ ലോറി സംഘം, കക്കൂസ് മാലിന്യവുമായി ഈരയില്‍ക്കടവില്‍ എത്തിയത്. ഇവിടെ ഈരയില്‍ക്കടവ് മുപ്പായിപ്പാടം റോഡില്‍ ടാങ്കര്‍ ലോറി ഒതുക്കിയ ശേഷം സംഘം കക്കൂസ് മാലിന്യം തള്ളുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ സമയത്താണ് ഇതുവഴി വാഹനം എത്തിയത്. വാഹനത്തിന്റെ വെളിച്ചം കണ്ട സംഘം അതിവേഗം റോഡിലൂടെ ടാങ്കര്‍ ലോറി ഓടിച്ചു പോയി. എന്നാല്‍, നാട്ടുകാരെ കണ്ട് ഭയന്ന് ടാങ്കര്‍ ലോറി ഓടിച്ചതിനാല്‍ ഇവര്‍ക്ക് ടാപ്പ് പൂട്ടാന്‍ സാധിച്ചില്ല. ഇതേ തുടര്‍ന്നു മുപ്പായിപ്പാടം റോഡ് മുതല്‍ ഈരയില്‍ക്കടവ് ജംഗ്ഷന് വരെ ടാങ്കര്‍ ലോറിയ്ക്കുള്ളില്‍ നിന്നും കക്കൂസ് മാലിന്യം പുറത്തേയ്ക്ക് ഒഴുകി. ഈരയില്‍ക്കടവ് ജംഗ്ഷനില്‍ എത്തിയപ്പോള്‍ വാഹനത്തിന്റെ എന്ജിന് തകരാറിലാകുകയും വാഹനം നിന്നു പോകുകയും ചെയ്തു.
ഈ സമയം പിന്നാലെ എത്തിയ നാട്ടുകാര്‍ ചേര്‍ന്ന് വാഹനം തടഞ്ഞു വച്ചു. ഈരയില്‍ക്കടവ് ജംഗ്ഷനില്‍ വച്ചും വാഹനത്തിന്റെ ടാപ്പ് അടയ്ക്കാനാവാതെ വന്നതിനാല്‍ ടാങ്കില്‍ നിന്നും കക്കൂസ് മാലിന്യം പുറത്തേയ്ക്ക് ഒഴുകി തുടങ്ങി. അരമണിക്കൂറിലേറെ വാഹനം റോഡില്‍ കിടന്നതോടെ കക്കൂസ് മാലിന്യം ജംഗ്ഷനിലാകെ നിറഞ്ഞു. ഇതോടെ പ്രദേശമാകെ അതിരൂക്ഷമായ ദുര്‍ഗന്ധവും ഉണ്ടായി. ഇതിനിടെ കോട്ടയം കണ്ട്രോള് റൂം പൊലീസ് സംഘവും സ്ഥലത്ത് എത്തി. മറ്റൊരു ടാങ്കര്‍ ലോറി വിളിച്ചു വരുത്തി, കെട്ടി വലിച്ചാണ് മാലിന്യം അടങ്ങിയ ലോറി കോട്ടയം വെസ്റ്റ് പൊലീസില്‍ എത്തിച്ചത്.
തുടര്‍ന്ന്, രാത്രിയില്‍ സ്റ്റേഷനില്‍ മാലിന്യം എത്തിച്ചെങ്കിലും ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ചില പൊലീസ് ഉദ്യോഗസ്ഥര്‍ കേസ് എടുക്കാനാവില്ലെന്നും, രാവിലെ മാത്രമേ കേസെടുക്കൂ എന്നും നിലപാട് എടുത്തു. ഇതേ തുടര്‍ന്നു നഗരസഭ അംഗം അഡ്വ.ഷീജ അനിലും, നഗരസഭ അംഗം ജയചന്ദ്രന് ചീറോത്തും പൊലീസ് സ്റ്റേഷനില്‍ കുത്തിയിരുന്നു. തുടര്‍ന്നു വെസ്റ്റ് സ്റ്റേഷന് ഹൗസ് ഓഫിസര്‍ ഇന്‍സ്പെക്ടര്‍ അനൂപ് കൃഷ്ണയും, എസ്.ഐ ടി.ശ്രീജിത്തും നിര്‍ദേശിച്ചതോടെയാണ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ കേസെടുക്കാന്‍ തയ്യാറായത്. നഗരസഭ അംഗം അഡ്വ.ഷീജ അനിലിന്റെ മൊഴിയെടുത്ത് പൊലീസ് സംഘം കേസെടുത്തു. പ്രതികളെയും, വാഹനവും നാളെ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് സംഘം അറിയിച്ചു.