പാറശാല: പാമ്പേഴ്സിന്റെ ഇടയിൽ തിരുകി ഒളിപ്പിച്ച 30 കിലോ കഞ്ചാവ് പരിശോധനയിൽ പിടിച്ചെടുത്തു.
തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് പിക്കപ്പ് വാനിൽ കടത്തിയ 30 കിലോ കഞ്ചാവ് ജി.എസ്.ടി അധികൃതരാണ് പിടിച്ചെടുത്തത്. ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന പാമ്ബേഴ്സ് ഉൾപ്പെടെയുള്ള സാധനങ്ങൾ കയറ്റി വന്ന വാഹനത്തിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഇന്നലെ പുലർച്ചെ ദേശീയ പാതയിലെ ഉദിയൻകുളങ്ങരയിൽ ജി.എസ്.ടി അധികൃതർ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കഞ്ചാവ് കണ്ടെത്തിയത്.
വാഹനത്തിന്റെ ഡ്രൈവർ തിരുനെൽവേലി സ്വദേശി ദുരൈ പിടിയിലായിട്ടുണ്ട്. ഇയാൾ വർഷങ്ങളായി അമരവിള ചെക്ക്പോസ്റ്റ് വഴി സാധനങ്ങൾ കൊണ്ടുവരുന്ന ആളാണെന്ന് എക്സൈസ് പറയുന്നു. പിടിച്ചെടുത്ത കഞ്ചാവിന് പത്തു ലക്ഷത്തോളം രൂപ വിലവരും. കുട്ടികളുടെ പാമ്ബേഴ്സ് ഉൾപ്പെടെയുള്ള സാധനങ്ങളുടെ ഇടയിൽ പ്രത്യേക പാഴ്സലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പിടിച്ചെടുത്ത കഞ്ചാവ് അമരവിള എക്സസൈസ് അധികൃതർക്ക് കൈമാറി.