പത്തനംതിട്ട : പതിമൂന്നിന അവശ്യസാധനങ്ങള്‍ക്ക് സര്‍ക്കാര്‍ കഴിഞ്ഞ ആറു വര്‍ഷമായി ഒരു രൂപ പോലും വില കൂട്ടിയിട്ടില്ലെന്ന് ആരോഗ്യ, വനിത, ശിശുവികസന വകുപ്പു മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട കാവുംപാട്ട് ബില്‍ഡിംഗ്‌സില്‍ കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ജില്ലാ ഓണം ഫെയര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. വലിയ ഇടപെടലാണ് സിവില്‍ സപ്ലൈസ് വകുപ്പ് നടത്തുന്നത്. വിപണിയില്‍ സര്‍ക്കാര്‍ നടത്തുന്നത് ജനകീയ ഇടപെടലാണ്. രണ്ടു വര്‍ഷത്തിനു ശേഷം സാധാരണ നിലയില്‍ നടക്കാന്‍ പോകുന്ന ഓണക്കാലമാണിത്. ഏറ്റവും മികച്ച രീതിയില്‍ ഓണക്കിറ്റ് വിതരണവും ഓണം ഫെയറും നടത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തിലാണ് ജില്ലാ ഓണം ഫെയര്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ ഏഴു വരെയാണ് ഓണം ഫെയര്‍ നടക്കുക. ഫെയറില്‍പൊതുജനങ്ങള്‍ക്കാവശ്യമായ പലവ്യഞ്ജനങ്ങള്‍, സ്റ്റേഷനറി സാധനങ്ങള്‍, ഗൃഹോപകരണങ്ങള്‍, പച്ചക്കറി, ഏത്തയ്ക്കാ, മില്‍മ ഉത്പന്നങ്ങള്‍ തുടങ്ങി എല്ലാവിധ നിത്യോപയോഗ സാധനങ്ങളും പൊതുവിപണിയേക്കാള്‍ വിലക്കുറവില്‍ കൃത്യമായ അളവില്‍ ലഭ്യമാകും. ചെറുപയര്‍, ഉഴുന്ന്, കടല, വന്‍പയര്‍, തുവര, മുളക്, മല്ലി, ജീരകം, കടുക്, ഗ്രീന്‍പീസ്, വെള്ളക്കടല, പഞ്ചസാര, പച്ചരി, മട്ട അരി(ഉണ്ട), ജയ അരി, മട്ട അരി(വടി), പിരിയന്‍ മുളക് വെളിച്ചെണ്ണ എന്നിവ സബ്‌സിഡി വിലയില്‍ ലഭ്യമാകും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുളകിന് നോണ്‍ സബ്‌സിഡി വില 280 രൂപയും സബ്‌സിഡി വില 75 രൂപയുമാണ്. ചെറുപയര്‍ 74 രൂപ, ഉഴുന്ന് 66 രൂപ, കടല 43 രൂപ, വന്‍പയര്‍ 45 രൂപ, തുവര 65 രൂപ, മല്ലി 79 രൂപ, പഞ്ചസാര 22 രൂപ, പച്ചരി 23 രൂപ, മട്ട അരി(ഉണ്ട) 24 രൂപ, ജയ അരി 25 രൂപ, വെളിച്ചെണ്ണ 128 രൂപയുമാണ് സബ്‌സിഡി വില. രാവിലെ 9.30 മുതല്‍ രാത്രി എട്ടുവരെ പൊതുജനങ്ങള്‍ക്ക് റേഷന്‍ കാര്‍ഡുമായി വന്ന് സാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ വാങ്ങാം. ഇതിനു പുറമേ 17 ഇനങ്ങള്‍ ഉള്‍ക്കൊള്ളുന്ന 1000 രൂപയുടെ സപ്ലൈകോയുടെ സമൃദ്ധി ഓണക്കിറ്റ് 900 രൂപയ്ക്ക് ലഭിക്കും.
പത്തനംതിട്ട മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍സി പി ഐ ജില്ലാ സെക്രട്ടറി എ പി ജയന്‍ ആദ്യ വില്പന നിര്‍വഹിച്ചു. കേരള കോണ്‍ഗ്രസ്(ജേക്കബ്) ജില്ലാ പ്രസിഡന്റ് സനോജ് മേമന, ഐഎന്‍എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബിജു മുസ്തഫ, ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രാജു നെടുവംപുറം, ആര്‍.എസ്.പി. പ്രതിനിധി തോമസ് ജോസഫ്, എന്‍സിപി ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് സാലി, സപ്ലൈകോ പത്തനംതിട്ട ജില്ലാ ഡിപ്പോ മാനേജര്‍ എം.എന്‍. വിനോദ് കുമാര്‍, കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസര്‍ പി.ജി. ലേഖ തുടങ്ങിയവര്‍ പങ്കെടുത്തു.