കോട്ടയം: കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും ഡൗൺലോഡ് ചെയ്യുന്നവരെയും, കാണുന്നവരെയും കണ്ടെത്താൻ ജില്ലയിൽ ഓപ്പറേഷൻ പി ഹണ്ട് പരിശോധന ശക്തമാക്കി. 35 മൊബൈൽ ഫോണുകളും ലാപ്പ്് ടോപ്പും പിടിച്ചെടുത്തു. ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി കോട്ടയം ജില്ലയിലെ വിവിധയിടങ്ങളിലായി റെയ്ഡ് നടന്നു . കുട്ടികൾ ഉൾപ്പെട്ട നഗ്ന വീഡിയോകളും, ചിത്രങ്ങൾ കാണുക, പ്രചരിപ്പിക്കുക, സൂക്ഷിക്കുക എന്നീ പ്രവർത്തികൾ ചെയ്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതാണ് ഓപ്പറേഷൻ പി ഹണ്ട്.
ഇതിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ മുപ്പത്തിയേഴ് ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ 35 മൊബൈൽ ഫോണുകളും,ഒരു ലാപ് ടോപ്പും , മറ്റ് അനുബന്ധ ഉപകരണങ്ങളും പിടികൂടി. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകൾ കാണുകയും, പ്രചരിപ്പിക്കുകയും, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളിൽ സൂക്ഷിക്കുകയും ചെയ്തവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി സൈബർ ഡോം,സൈബർ സെൽ, സൈബർ പോലീസ് സ്റ്റേഷൻ, ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകൾ എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.