കോട്ടയം മണിപ്പുഴയിൽ 24 മണിക്കൂറിലേറെ നാട്ടുകാരെ ഭീതിയിലാക്കിയ തെരുവുനായ ചത്തു: നഗരസഭ അംഗം മുതൽ ജില്ലാ കളക്ടറും മന്ത്രിയും വരെ കൈമലർത്തിയതിനൊടുവിൽ നായ ചത്തതോടെ ആശങ്ക വർദ്ധിക്കുന്നു; നായ മറ്റ് തെരുവുനായ്ക്കളെയും, മൃഗങ്ങളെയും കടിച്ചതായും ആശങ്ക

കോട്ടയം: 24 മണിക്കൂറിലേറെ നാടിനെ ഭീതിയിലാക്കിയ തെരുവുനായ ഒടുവിൽ ചത്തു. ഒരു പകൽ മുഴുവൻ നാടിനെ മുഴുവൻ ഭീതിയിലാക്കി നടന്ന നായ ചത്തെങ്കിലും ആശങ്ക അകലുന്നില്ല. നഗരസഭ അംഗം മുതൽ ജില്ലാ കളക്ടറും മന്ത്രിയും വരെ വിഷയത്തിൽ നടത്തിയ നിസംഗ സമീപത്തിൽ നാട്ടുകാർ കടുത്ത അമർഷത്തിലാണ്. എല്ലാവരും കൈമലർത്തിയ ശേഷം നായ ചത്തെങ്കിലും, മറ്റു മൃഗങ്ങളെയോ നായ്ക്കളെയോ പേ വിഷ ബാധിച്ച നായ കടിച്ചിട്ടുണ്ടോ എന്ന ആശങ്കയാണ് ഇപ്പോൾ ഉയരുന്നത്. വിഷയത്തിൽ നാട്ടുകാർ ജില്ലാ കളക്ടറെ അടക്കം വിളിച്ചറിയിട്ടും കളക്ടർ പോലും ഇടപെടാൻ തയ്യാറായില്ല.

Advertisements

ശനിയാഴ്ച വൈകിട്ടോടെയാണ് തെരുവുനായ വായിൽ നിന്നും നുരയും പതയുമായി, വിറച്ച് വിറച്ച് നാട്ടിലൂടെ നടന്നത്. ഇതോടെ നാട്ടുകാർ ഭീതിയിലായിരുന്നു. ശനിയാഴ്ച വൈകിട്ടോടെ മണിപ്പുഴ ഭാഗത്തെ വീടിനു സമീപത്ത് എത്തിയ നായ ഇവിടെ നിന്നും സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ പെട്രോൾ പമ്പിനുള്ളിലൂടെ നടന്ന്, മണിപ്പുഴയിലെ സ്വകാര്യ ബൈക്ക് ഷോറൂമിനുള്ളിൽ കയറി നിലയുറപ്പിച്ചിരുന്നു. ഇതിനു ശേഷം ഞായറാഴ്ച വൈകിട്ടോടെ ഈ ഷോറൂമിൽ നിന്നും പുറത്തിറങ്ങിയ നായ ഈരയിൽക്കടവ് റോഡിലൂടെ നടന്നു. ഈരയിൽക്കടവ് റോഡിലെ ഇഷ്ടികക്കളത്തിനുള്ളിലാണ് നായ രാത്രി കിടന്നിരുന്നത്. പുലർച്ചെ ആളുകൾ എത്തി നോക്കിയപ്പോഴാണ് ഈ നായയെ ചത്ത നിലയിൽ കണ്ടെത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നായ അലഞ്ഞു തിരിഞ്ഞ് നടക്കുന്നത് കണ്ട് നാട്ടുകാർ ആദ്യം വിവരം നഗരസഭ അധികൃതരെയാണ് അറിയിച്ചത്. നഗരസഭ അംഗവും, ജീവനക്കാരും അടക്കമുള്ളവർ സ്ഥലത്ത് എത്തി പരിശോധന നടത്തിയെങ്കിലും ഒന്നും ചെയ്യാനായില്ല. തുടർന്നു, മൃഗസംരക്ഷണ വകുപ്പിനെ നഗരസഭ അധികൃതരും നാട്ടുകാരും വിവരം അറിയിച്ചെങ്കിലും ഇവരാരും തന്നെ തിരിഞ്ഞ് നോക്കാൻ തയ്യാറായില്ല. തുടർന്നാണ് നാട്ടുകാർ ജില്ലാ കളക്ടറെയും എഡിഎമ്മിനെയും വിവരം വിവരം അറിയിച്ചത്. എല്ലാവരും വിഷയത്തിൽ ഇടപെടാമെന്ന് ഉറപ്പ് നൽകിയെങ്കിലും ആരും തിരിഞ്ഞ് പോലും നോക്കിയില്ല.

രാത്രിയിൽ നാട്ടുകാരിൽ ചിലർ വിഷയം മന്ത്രി വി.എൻ വാസവന്റെ വരെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നിട്ട് പോലും ഒരു തരത്തിലുമുള്ള ഇടപെടൽ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് ഇപ്പോൾ നാട്ടുകാർ ഉയർത്തുന്നത്. നായ ഉയർത്തുന്ന ഭീഷണി കണ്ടില്ലെന്ന് നടിച്ച ഭരണാധികാരികൾ ഇനിയെങ്കിലും ഉണർന്ന് പ്രവർത്തിക്കണമെന്നും മറ്റു തെരുവുനായ്ക്കൾക്കെങ്കിലും പ്രതിരോധ കുത്തിവയ്പ്പ് എടുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Hot Topics

Related Articles