കോട്ടയം: ലോട്ടറി നമ്പർ തിരുത്തി തട്ടിപ്പ്. വയോധികനായ ലോട്ടറി വില്പനക്കാരനെ കബളിപ്പിച്ച് അജ്ഞാതൻ തട്ടിയെടുത്തത് പതിനായിരം രൂപ. പോലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം കാര്യക്ഷമമല്ലെന്ന് പരാതി.
കാരുണ്യ ലോട്ടറിയുടെ 2000 രൂപ സമ്മാനത്തിന് അർഹമായത് കെ എഫ് 22 19 26 എന്ന ടിക്കറ്റാണ്. ഇതിനോട് സാമ്യമുള്ള ടിക്കറ്റിൽ കൃത്രിമം വരുത്തിയാണ് അജ്ഞാതൻ ഒരു പാവത്തിനെ പറ്റിച്ചത്. തട്ടിപ്പുകാരന്റെ കയ്യിലുണ്ടായിരുന്നത് കെഎഫ് 22 49 26 നമ്പറിരുള്ള 10 ടിക്കറ്റുകളായിരുന്നു.
ഇതിൽ 4 എന്ന അക്കത്തിന്റെ ഒരു ഭാഗം ചുരണ്ടി മാറ്റി ഒന്ന് ആക്കി സമ്മാനർഹമായ ടിക്കറ്റ് എന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. ടിക്കറ്റുകളുമായി തട്ടിപ്പുകാരൻ വഴിയരികിൽ ലോട്ടറി ചില്ലറ വില്പന നടത്തുന്ന കോട്ടയം ഇളംങ്ങുളം സ്വദേശി ബാലനെ സമീപിച്ചു. വായോധികനായ ബാലൻ അജ്ഞാതന്റെ തട്ടിപ്പിൽ വീണു പോയി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വീട്ടിലെത്തി മരുമകന്റെ സ്മാർട്ട് ഫോണിൽ ടിക്കറ്റിലെ ക്യൂആർ കോഡ് സ്‌കാൻ ചെയ്തപ്പോൾ സമ്മാനർഹമായ ടിക്കറ്റ് അല്ലെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ ചതി മനസിലായി. ലോൺ തിരിച്ചടവിനായി കരുതി വെച്ചിരുന്ന 10000 രൂപയാണ് ബാലന് നഷ്ടമായത്. കറുത്ത ബുള്ളറ്റിലാണ് തട്ടിപ്പ്കാരൻ ബാലനെ സമീപിച്ചത്. പൊൻകുന്നം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സിസിറ്റിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
കൈയിൽ അവശേഷിച്ചിരുന്ന അഞ്ച് ടിക്കറ്റ്കൾ ഉപയോഗിച്ച് മറ്റൊരു പാവത്തിനെ അയാൾ ഇതിനോടകം പറ്റിച്ചിട്ടുണ്ടാവും. സർക്കാരിന്റെ ഭാഗ്യക്കുറി സംവിധാനത്തിൽ കൃത്രിമത്വം കാണിച്ച് തട്ടിപ്പ് നടത്തുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരാൻ സാധിച്ചില്ലെങ്കിൽ പൊലീസിന് അത് നാണക്കേടാണ്