ഡബ്ളിൻ : നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ലണ്ടൻഡെറിയില്‍ രണ്ട് മലയാളി യുവാക്കൾ മുങ്ങി മരിച്ചു. സ്ട്രാത്ത്‌ഫോയിലിലെ ഇനാഫ് തടാകത്തിലാണ് രണ്ടു യുവാക്കൾ മുങ്ങി മരിച്ചത്. കൊരട്ടി കുറുവാമുഴിയിലെ ഒറ്റപ്ലാക്കല്‍ സെബാസ്റ്റ്യന്‍ ജോസഫ് ( അജു )– വിജി ദമ്പതികളുടെ മകന് ജോസഫ് സെബാസ്റ്റ്യന്‍ (അപ്പു – 16 ),കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശി ജോഷിയുടെ മകന്‍ റോഷന്‍ എന്നിവരാണ് മരിച്ചത്.
ഇരുവരും സെന്റ് കൊളംബസ് ബോയ്സ് കോളേജ് വിദ്യാര്‍ത്ഥികളായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം 6.30 നോടെയാണ് അപകടം. സ്ഥലത്ത് പാഞ്ഞെത്തിയ രക്ഷാപ്രവര്‍ത്തകര്‍ ഒരാളെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനടുവിലാണ് രണ്ടാമത്തെയാളുടെ മൃതദേഹം തടാകത്തില്‍ നിന്നും ലഭിച്ചത്. അഞ്ച് പേരടങ്ങിയ സംഘം സൈക്കിളില്‍ യാത്ര ചെയ്യുന്നതിനിടയിലാണ് തടാകത്തില്‍ നീന്താന്‍ ഇറങ്ങിയത് . നീന്തുന്നതിനിടെ റോഷന്‍ ഒഴുക്കില്‍പ്പെട്ടു. കൂട്ടുകാരനെ രക്ഷിക്കാന്‍ ശ്രമിച്ച ജോപ്പുവും അപകടത്തില്‍പ്പെടുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അപകടത്തിന് ഇടയാക്കിയ ഇനാഗ് ഇരട്ട തടാകങ്ങൾ മെയ്ഡൗണിലെ ജഡ്ജസ് റോഡിനും ടെമ്പിൾ റോഡിനും ഇടയിൽ, സിറ്റി ഓഫ് ഡെറി റഗ്ബി ക്ലബ്ബിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്.വിവരമറിഞ്ഞയുടന്‍ റാപ്പിഡ് റെസ്പോണ്‍സ് പാരാമെഡിക്കല്‍ ടീമുള്‍പ്പടെ അഞ്ച് എമര്‍ജന്‍സി സംഘങ്ങളും എയര്‍ ആംബുലന്‍സും സ്ഥലത്തെത്തി.രക്ഷപ്പെടുത്തിയയാളെ അവശനിലയില്‍ നോര്‍ത്തേണ്‍ അയര്‍ലണ്ട് ആംബുലന്‍സ് സര്‍വീസില്‍ ആള്‍ട്ട്‌നാഗെല്‍വിന്‍ ഹോസ്പിറ്റലിലെത്തിച്ചു.എന്നാല്‍ അവിടെയെത്തിപ്പോഴേയ്ക്കും മരണത്തിന് കീഴടങ്ങിയിരുന്നു.
പിഎസ്എന്‍ഐ, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് ഫയര്‍ & റെസ്‌ക്യൂ സര്‍വീസ്, ഫോയില്‍ റെസ്‌ക്യൂ എന്നിവയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ ഭാഗത്തേയ്ക്കുള്ള റോഡുകളില്‍ യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇന്ന് കോളജുകൾ തുറക്കാനിരിക്കെ അവധിദിനങ്ങളുടെ അവസാനദിവസം ഉണ്ടായ അപകടം ഞെട്ടലോടെയാണ് ഡെറിയിലെ മലയാളി സമൂഹം ശ്രവിച്ചത്.