മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍
എട്ടുനോമ്പ് പെരുന്നാള്‍ സെപ്റ്റംബര്‍ 1 മുതല്‍ 8 വരെ

മണര്‍കാട്: എട്ടുനോമ്പ് ആചരണത്തിന്റെ ആരംഭസ്ഥാനവും ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രവുമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോട് അനുബന്ധിച്ചുള്ള  ഈ വർഷത്തെ എട്ടുനോമ്പ് പെരുന്നാളിന്റെ ക്രമീകരണങ്ങൾ പൂർത്തിയായിരിക്കുകയാണ്.  ദൈവീക ദർശനത്തിന്റെ അടിസ്ഥാനത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ സ്ഥാപിതമായിരിക്കുന്ന മണർകാട് പള്ളിയിൽ ലക്ഷോപലക്ഷം നാനാജാതി മതസ്ഥരായ വിശ്വാസികൾ ദൈവമാതാവിന്റെ മധ്യസ്ഥതയ്ക്കായി യാചിക്കുകയും അമ്മയുടെ അനുഗ്രഹത്താൽ തങ്ങളുടെ ഉദ്ദിഷ്ട കാര്യങ്ങൾ സാധിച്ചു പ്രത്യാശയോടെ മടങ്ങിപ്പോവുകയും ചെയ്യുന്നു. വിശ്വാസികൾ തങ്ങളുടെ വ്യക്തി ജീവിതത്തിലെ വിവിധങ്ങളായ ആവശ്യങ്ങൾ പ്രത്യേകിച്ച് കുടുംബ ജീവിതത്തിലെ പ്രശ്നങ്ങൾ, സന്താനം ഇല്ലാത്തവരുടെ ദുഃഖങ്ങൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ, ജോലി ഇല്ലാത്തവരുടെ വിഷയങ്ങൾ, എന്നിവ അമ്മയുടെ സന്നിധിയിൽ അർപ്പിച്ച് തങ്ങൾ ഏതു വിഷയത്തിലാണോ പ്രാർത്ഥിച്ചത് ആ വിഷയത്തിന് മറുപടിയുമായി കടന്നുപോയ അനേകരുടെ സാക്ഷ്യങ്ങൾ ഇന്നും നമ്മുടെ മുമ്പിലുണ്ട്

        അദ്ഭുതങ്ങളുടെ നിറകുടമായ മണർകാട് പള്ളിയിൽ, പരിശുദ്ധ ദൈവമാതാവിന്റെ ഇടക്കെട്ടിന്റെ അംശം അഥവാ സുനോറോ വണങ്ങി അനുഗ്രഹം പ്രാപിക്കാനുള്ള ക്രമീകരണങ്ങൾ വിശുദ്ധ മദ്ബഹായോട് ചേർന്ന് ചെയ്തിട്ടുള്ളതാകുന്നു. 1982 ഫെബ്രുവരി മാസം ഇരുപത്തിയാറാം തീയതി പരിശുദ്ധ മോറാൻ മോർ ഇഗ്നാത്യോസ്  സാഖാ പ്രഥമൻ പാത്രിയർക്കീസ് ബാവ  മണർകാട് പള്ളിയിൽ എഴുന്നള്ളി വന്ന് സ്ഥാപിക്കപ്പെട്ടിട്ടുള്ളതാണ്  പരിശുദ്ധ സുനോറോ. താഴത്തെ പള്ളിയുടെ പടിഞ്ഞാറുവശത്തായി സ്ഥിതിചെയ്യുന്ന കൽക്കുരിശ് ചരിത്രപ്രസിദ്ധവും ദിവ്യ അത്ഭുതങ്ങളുടെ ഉറവിടമാണ്. 2012 ൽ കൽക്കുരിശിങ്കൽ നിന്ന് സുഗന്ധ തൈലം പലപ്രാവശ്യങ്ങളിലായി ഒഴുകിയത് വിശ്വാസികളിൽ അത്ഭുതമുണർത്തിയ സംഭവമായിരുന്നു. ദിവ്യാത്ഭുതങ്ങളുടെ കലവറയായ കൽക്കുരിശുങ്കൽ വന്ന് പ്രാർത്ഥിക്കുന്നതും കുരിശിങ്കൽ എണ്ണ ഒഴിക്കുന്നതും വിശ്വാസികൾക്ക് ഒരു വലിയ അനുഭവം തന്നെയാണ്. കൽക്കുരിശിങ്കലെ എണ്ണ വീടുകളിൽ കൊണ്ടുപോകാനായുള്ള പ്രത്യേക സജ്ജീകരണവും പള്ളിക്കാര്യത്തിൽ നിന്നും പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട്.

Advertisements

       കഴിഞ്ഞ രണ്ടു വർഷം കോവിഡ് മഹാമാരി വിതച്ചതായ പ്രതിസന്ധികൾക്ക് ശേഷം പൂർണ്ണ തോതിൽ എട്ടുനോമ്പ് പെരുന്നാൾ കൊണ്ടാടുന്നു എന്ന പ്രത്യേകത ഈ വർഷം ഉണ്ട്. അതുകൊണ്ടുതന്നെ മുൻവർഷങ്ങളിലെ അപേക്ഷിച്ച് ഒരു വലിയ ജനസമൂഹത്തെ ആണ് പെരുന്നാൾ ദിനങ്ങളിൽ പ്രതീക്ഷിക്കുന്നത്. ഏകദേശം 60 ലക്ഷത്തോളം ജനങ്ങൾ പെരുന്നാൾ ദിനങ്ങളിൽ കടന്നുവരും എന്ന് വിശ്വസിക്കുന്നു.  1501 പേർ ഉൾപ്പെടുന്ന 15 ഓളം സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഊർജിതമായ പ്രവർത്തനങ്ങൾ നടത്തിയാണ് വിവിധ തലങ്ങളിൽ  പെരുന്നാൾ ക്രമീകരണങ്ങളുടെ അവസാന ഘട്ടത്തിൽ എത്തിയത്.
          ഒന്നാം തീയതി കൊടിമരം ഉയർത്തുന്നതോടുകൂടി ആരംഭിക്കുന്ന പെരുന്നാൾ ചടങ്ങുകൾ എട്ടാം തീയതി ഉച്ചകഴിഞ്ഞ് നടക്കുന്ന റാസായ്ക്കും നേർച്ച വിളമ്പിനും ശേഷമുള്ള ആശിർവാദത്തോടെയാണ് സമാപിക്കുന്നത്. എട്ടുനോമ്പ് ആചാരണം ആരംഭിയ്ക്കുന്ന ദിവസം മുതൽ പള്ളിയിലേയ്ക്ക് കടന്നുവരുന്ന വിശ്വാസികളെ സ്വീകരിക്കുവാൻ പള്ളിയുടെ അധികൃതരുടെ ഭാഗത്തുനിന്നും ചെയ്യേണ്ടതായ എല്ലാ ക്രമീകരണങ്ങളും ഇതിനോടകം ചെയ്തു കഴിഞ്ഞു. സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് ഈ ഓഗസ്റ്റ് മാസം 22 ആം തീയതി ബഹുമാനപ്പെട്ട കലക്ടറുടെ ഓഫീസിൽ വച്ച് കൂടിയ യോഗത്തിൽ ബഹുമാന്യനായ സഹകരണ രജിസ്ട്രേഷൻ മന്ത്രി വാസവൻ അവർകളും ബഹുമാന്യരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, തോമസ് ചാഴിക്കാടൻ എംപി എന്നിവരും പങ്കെടുക്കുകയുണ്ടായി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പ്രതിനിധീകരിച്ചുകൊണ്ട്  ഫിൽസൺ മാത്യൂസും വിവിധ പഞ്ചായത്ത് പ്രസിഡണ്ടുമാരും യോഗത്തിൽ സംബന്ധിച്ചു. പ്രസ്തുത മീറ്റിംഗിൽ പങ്കെടുത്തു കൊണ്ട്, ബഹുമാനപ്പെട്ട ജില്ലാ പോലീസ് മേധാവി ഉൾപ്പെടെ, ജില്ലയിലെ വിവിധ വകുപ്പിലെ മേൽ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ, പെരുന്നാളിന്റെ ക്രമീകരണങ്ങൾക്കായി സർക്കാരിന്റെ മേൽനോട്ടത്തിൽ ചെയ്തിരിക്കുന്ന കാര്യങ്ങൾ അവലോകനം ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

                   പള്ളിയിലേക്ക് വരുന്ന ഭക്തജനങ്ങളുടെ സുഗമമായ ഗതാഗതത്തിന് ഉപയുക്തമാകുന്ന രീതിയിൽ റോഡുകളുടെ അറ്റപ്പണികൾ ത്വരിത ഗതിയിൽ നടന്നുകൊണ്ടിരിക്കുന്നു. പള്ളിയുടെ പടിഞ്ഞാറുവശത്തുള്ള കണിയാൻകുന്ന്-മണർകാട് പള്ളി റോഡ് മണർകാട് പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ ഇന്റർലോക്ക് ഇട്ടുകൊണ്ട് പണികൾ പൂർത്തീകരിച്ചു കൊണ്ടിരിക്കുന്നു. ബഹുമാനപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ എല്ലാ ദിവസങ്ങളിലും പള്ളിയിൽ നേരിട്ട് എത്തി പെരുന്നാളിന്റെ ക്രമീകരണങ്ങൾ വിലയിരുത്തുന്നുണ്ട്. പെരുന്നാളിനോടനുബന്ധിച്ച് പള്ളിയുടെ കിഴക്കുവശത്തായി പോലീസ്, എക്സൈസ്, ഫയർഫോഴ്സ്, റവന്യൂ, ഹെൽത്ത് ഡിപ്പാർട്ട്മെന്റുകൾക്കായി ഭക്തജനങ്ങളുടെ സൗകര്യ അർത്ഥം വിവിധ കൗണ്ടറുകൾ പ്രവർത്തിക്കുനതിനുള്ള ക്രമീകരണങ്ങൾ ഇതിനോടകം ചെയ്തു കഴിഞ്ഞു. പള്ളിയും പരിസരങ്ങളും പെരുന്നാൾ ദിനങ്ങളിൽ  പ്രത്യേകിച്ച്, നിലവിലുള്ളത് കൂടാതെ കൂടുതൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ച് പോലീസിന്റെ ശക്തമായ നിരീക്ഷണത്തിൽ ആയിരിക്കും.

      പെരുന്നാൾ ദിനങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കെഎസ്ആർടിസിയുടെ പ്രത്യേക  നടത്തുവാനുള്ള ക്രമീകരണങ്ങൾ സർക്കാർ തലങ്ങളിൽ നിന്നും ചെയ്തിട്ടുണ്ട്. വാഹന ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ബഹുമാനപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വളരെ കൃത്യതയോടെ കൂടി തന്നെ ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട്. 6,7,8 തീയതികളിൽ വൺവേ സംവിധാനം ക്രമീകരിക്കുന്നതിനുള്ള നടപടികൾ ഇതിനോടകം ക്രമീകരിച്ചിട്ടുള്ളതാകുന്നു. പെരുന്നാൾ ദിനങ്ങളിൽ പള്ളിയിൽ എത്തിച്ചേരുന്ന ഭക്തജനങ്ങളുടെ സൗകര്യ അർത്ഥം  തെക്കുവശത്തും പടിഞ്ഞാറുവശങ്ങളിലുമുള്ള മൈതാനങ്ങളിൽ വിപുലമായ പാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

         പെരുന്നാൾ ദിനങ്ങളിൽ പള്ളിയുടെ ആഭിമുഖ്യത്തിൽ വടക്കുവശത്തും തെക്കുവശത്തും പ്രത്യേകമായി ക്രമീകരിച്ചിരിക്കുന്ന ക്യാന്റീനുകളിൽ നിന്നും ശുചിത്വവും മെച്ചപ്പെട്ടതുമായ ഭക്ഷണപദാർത്ഥങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനുള്ള സജ്ജീകരണങ്ങളും ചെയ്തിട്ടുണ്ട്

                          എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ചുള്ള വൈദ്യുത ദീപാലങ്കാരങ്ങള്‍ ഒരുക്കുന്ന പ്രവർത്തനങ്ങൾ ഏകദേശം പൂർത്തീകരിച്ചുകഴിഞ്ഞു. പ്രസ്തുത ദീപാലങ്കാരങ്ങൾ സെപ്റ്റംബര്‍ 1 മുതല്‍ 14-ാം തീയതി വരെ ഉണ്ടായിരിക്കുന്നതാണ്. എട്ടുനോമ്പിനായി എത്തിച്ചേരുന്ന എല്ലാ ഭക്തജനങ്ങള്‍ക്കും 1 മുതല്‍ 7 വരെ സൗജന്യമായി നേര്‍ച്ചക്കഞ്ഞി വടക്കുവശത്തെ പാരീഷ് ഹാളില്‍ നല്‍കും.

        നാലാം തീയതി നടക്കുന്ന പൊതുസമ്മേളനത്തിൽ മന്ത്രിമാർ, മതമേലധ്യക്ഷന്മാർ, സാംസ്കാരിക നായകന്മാർ എന്നിവർ ഉൾപ്പെടെയുള്ളവർ സംബന്ധിക്കുന്നതാണ്. പ്രസ്തുത സമ്മേളനത്തിൽ നിര്‍ധനരായ എട്ട് കുടുംബാംഗങ്ങള്‍ക്ക് വിശുദ്ധ മര്‍ത്തമറിയം സേവകാസംഘം നിര്‍മ്മിച്ചു നല്‍കുന്ന ഭവനങ്ങളുടെ അടിസ്ഥാനശിലാ വിതരണം നാലാം തീയതി നടക്കുന്ന പൊതുസമ്മേളനത്തില്‍ നിര്‍വഹിക്കും. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആദ്ധ്യാത്മിക ഘോഷയാത്രയായ കുരിശുപള്ളികളിലേക്കുള്ള  ചരിത്രപ്രസിദ്ധമായ റാസ ആറിന് നടക്കും. ഏഴിനാണ് പ്രസിദ്ധമായ നടതുറക്കല്‍ ശുശ്രൂഷ. കത്തീഡ്രലിന്റെ പ്രധാന ത്രോണോസില്‍ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം പൊതുദര്‍ശനത്തിനായി വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം തുറക്കുന്ന ചടങ്ങാണ് നടതുറക്കല്‍. എട്ടുനോമ്പ് പെരുന്നാളിന്റെ പ്രധാന ചടങ്ങുകളിൽ ഒന്നായ “കറിനേർച്ച ” അഥവാ പാച്ചോർ നേർച്ച ഏഴാം തീയതി വൈകുന്നേരം തയ്യാറാക്കാൻ തുടങ്ങുകയും അന്നേദിവസം രാത്രിയിൽ നടക്കുന്ന റാസാക്കുശേഷം ഭക്തജനങ്ങൾക്ക് വിതരണം ചെയ്തു തുടങ്ങുന്നതുമാണ്. സ്ലീബാ പെരുന്നാള്‍ ദിനമായ സെപ്റ്റംബര്‍ 14ന് സന്ധ്യാപ്രാര്‍ത്ഥനയെത്തുടര്‍ന്ന് നടയടയ്ക്കും.
         
   ഓഗസ്റ്റ് 31ന് വൈകിട്ട് സന്ധ്യാപ്രാര്‍ത്ഥനയോടെ പെരുന്നാള്‍ ചടങ്ങുകള്‍ക്ക് തുടക്കമാകും. സെപ്റ്റംബര്‍ ഒന്നിന് ഉച്ചകഴിഞ്ഞ് രണ്ടിന് കൊടിമരഘോഷയാത്രയ്ക്കായി പള്ളിയില്‍നിന്ന് പുറപ്പെടും. മണര്‍കാട് ഇല്ലിവളവ് പൂവത്തിങ്കല്‍ ജോജി തോമസിന്റെ ഭവനത്തില്‍നിന്ന് വെട്ടിയെടുക്കുന്ന കൊടിമരം വാദ്യമേളങ്ങളുടെ അകമ്പടിയോടെ കത്തീഡ്രലില്‍ എത്തിക്കും. തുടര്‍ന്ന് കൊടിതോരണങ്ങള്‍ കെട്ടി അലങ്കരിച്ച് വൈകുന്നേരം 4.30ന് കൊടിമരം ഉയര്‍ത്തും. സെപ്റ്റംബര്‍ ഒന്ന് മുതല്‍ 14 വരെയുള്ള എല്ലാദിവസവും കത്തീഡ്രലിലെ കുര്‍ബാനയ്ക്ക് മെത്രാപ്പോലീത്തമാര്‍ പ്രധാന കാര്‍മ്മികത്വം വഹിക്കും.

     സെപ്റ്റംബര്‍ ഒന്ന് മുതല്‍ എട്ട് വരെ കരോട്ടെ പള്ളിയില്‍ രാവിലെ 6 ന് കുര്‍ബാനയും കത്തീഡ്രല്‍ പള്ളിയില്‍ രാവിലെ 7.30ന് പ്രഭാത നമസ്‌ക്കാരവും 8.30ന് മെത്രാപോലീത്താമാരുടെ പ്രധാന കാര്‍മികത്വത്തില്‍ കുര്‍ബാനയും ഉണ്ടായിരിക്കും. ഒന്നിന് എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ തോമസ് മോര്‍ തീമോത്തിയോസ്, രണ്ടിന് ഇടുക്കി ഭദ്രാസനാധിപനും തൂത്തൂട്ടി മോര്‍ ഗ്രീഗോറിയന്‍ ധ്യാനകേന്ദ്രം ഡയറക്ടറുമായ സഖറിയാസ് മോര്‍ പീലക്‌സീനോസ്, മൂന്നിന് തൃശൂര്‍ ഭദ്രാസനാധിപന്‍ കുറിയാക്കോസ് മോര്‍ ക്ലീമ്മീസ്, നാലിന് കരോട്ടെ പള്ളിയില്‍ ജറുസലേം പാത്രിയര്‍ക്കല്‍ വികാര്‍ മാത്യൂസ് മോര്‍ തീമോത്തിയോസ്, കത്തീഡ്രലില്‍ മെത്രാപ്പോലീത്തന്‍ ട്രസ്റ്റിയും കൊച്ചി ഭദ്രാസനാധിപനുമായ ജോസഫ് മോര്‍ ഗ്രീഗോറിയോസ്, അഞ്ചിന് ക്‌നാനായ അതിഭദ്രാസനം റാന്നി മേഖലാധിപന്‍ കുറിയാക്കോസ് മോര്‍ ഈവാനിയോസ് എന്നിവര്‍ കുര്‍ബാനയ്ക്ക് പ്രധാന കാര്‍മ്മികത്വം വഹിക്കും. ആറിന് നടക്കുന്ന അഞ്ചിന്മേല്‍ കുര്‍ബ്ബാനയ്ക്ക് മൈലാപ്പൂര്‍ ഭദ്രാസനാധിപന്‍ ഐസക് മോര്‍ ഒസ്താത്തിയോസ് പ്രധാന കാര്‍മ്മികത്വം വഹിക്കും. ഏഴിന് മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്ക് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പ്രധാന കാര്‍മ്മികത്വവും അങ്കമാലി ഭദ്രാസനം-പെരുമ്പാവൂര്‍ മേഖലാധിപന്‍ മാത്യൂസ് മോര്‍ അപ്രേം സഹകാര്‍മ്മികത്വവും വഹിക്കും. എട്ടിന് സിംഹാസന പള്ളികളുടെ മെത്രാപ്പോലീത്ത കുറിയാക്കോസ് മോര്‍ ദീയസ്‌കോറോസ് പ്രധാന കാര്‍മ്മികത്വം വഹിക്കും.

  ഒന്ന് മുതല്‍ ഏഴ് വരെ ഉച്ചയ്ക്ക് 12ന് ഉച്ച നമസ്‌കാരവും വൈകിട്ട് 5ന് സന്ധ്യാ നമസ്‌കാരം ഉണ്ടായിരിക്കും. ഒന്ന് മുതല്‍ അഞ്ചു വരെ തീയതികളില്‍ രാവിലെ 11നും ഉച്ചകഴിഞ്ഞ് 2.30നും പ്രസംഗം. ഒന്ന് മുതല്‍ മൂന്നു വരെയും അഞ്ചിനും വൈകിട്ട് 6.30ന് ധ്യാനം. നാലിന് വൈകുന്നേരം 6.30നാണ് പൊതുസമ്മേളനം.
 
കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മോര്‍ തീമോത്തിയോസ് അധ്യക്ഷത വഹിക്കുന്ന യോഗം യാക്കോബായ സുറിയാനി സഭയുടെ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മോര്‍ ഗ്രീഗോറിയോസ് ഉദ്ഘാടനം ചെയ്യും. കത്തീഡ്രല്‍ സെക്രട്ടറി തോമസ് മാണി റിപ്പോര്‍ട്ട് അവതരിപ്പിക്കും. വിശുദ്ധ മര്‍ത്തമറിയം സേവകാസംഘം നിര്‍മിച്ചു നല്‍കുന്ന ഭവനങ്ങളുടെ അടിസ്ഥാന ശിലാവിതരണം മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിക്കും. ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം അനുഗ്രഹ പ്രഭാഷണവും എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യപ്രഭാഷണവും നടത്തും. സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനവും വനിതാ സമാജം, വയോജന സംഘടന എന്നിവയിലെ മുതിര്‍ന്ന അംഗങ്ങളെ ആദരിക്കലും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. വനിതാ സമാജം പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ ഉദ്ഘാടനം തോമസ് ചാഴികാടന്‍ എം.പിയും മെറിറ്റ് അവാര്‍ഡ് വിതരണം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയും നിര്‍വഹിക്കും.  ചലച്ചിത്ര സംവിധായകന്‍ ബേസില്‍ ജോസഫ് ആശംസ പ്രസംഗം നടത്തും.കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ട്രിപ്പിള്‍ ജംപില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ കായിക താരം എല്‍ദോസ് പോളിനെ അനുമോദിക്കും.

   ആറിന് ഉച്ചകഴിഞ്ഞ് 2ന് കുരിശുപള്ളികളിലേക്കുള്ള റാസ. ഏഴിന് 11.30ന് ശ്രേഷ്ഠ കാതോലിക്ക മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ ഉച്ച നമസ്‌ക്കാരവും നടതുറക്കല്‍ ശുശ്രൂഷയും. തുടര്‍ന്ന് കറിനേര്‍ച്ചയ്ക്കുള്ള ഒരുക്കം, പന്തിരുനാഴി ഘോഷയാത്ര. വൈകിട്ട് 8ന് കരോട്ടെ പള്ളി ചുറ്റിയുള്ള പ്രദക്ഷിണം. 9.30ന് പരിചമുട്ടുകളി, മാര്‍ഗം കളി. 12 ന് കറിനേര്‍ച്ച വിതരണം. പ്രധാന പെരുന്നാള്‍ ദിനമായ എട്ടിന് ഉച്ചകഴിഞ്ഞ് 2ന് കരോട്ടെപള്ളി ചുറ്റിയുള്ള പ്രദക്ഷിണം, ആശീര്‍വ്വാദം. 3ന് നേര്‍ച്ചവിളമ്പ്.

പ്രധാന ചടങ്ങുകള്‍ ഓണ്‍ലൈനില്‍ തല്‍സമയം കാണുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കത്തീഡ്രലിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലും യൂട്യൂബ് ചാനലിലും മൊബൈല്‍ ആപ്പിലും വെബ്സൈറ്റിലും തല്‍സമയ സംപ്രേക്ഷണം ഉണ്ടായിരിക്കും. എട്ടുനോമ്പ് പെരുന്നാളിന്റെ പ്രധാന ചടങ്ങുകള്‍ എ.സി.വി., കേരളാ വിഷന്‍, വേഡ് ടു വേള്‍ഡ്, ഗ്രീന്‍ ചാനല്‍ മണര്‍കാട് എന്നീ ടെലിവിഷന്‍ ചാനലുകളിലും ലഭ്യമാണ്. നേര്‍ച്ച-വഴിപാടുകള്‍, പെരുന്നാള്‍ ഓഹരി എന്നിവയ്ക്ക് ഓണ്‍ലൈനിലൂടെ പണം അടയ്ക്കാവുന്നതാണ്. പണമടച്ചതിന്റെ രേഖയുടെ കോപ്പി കത്തീഡ്രിലിലെ ഇ-മെയില്‍ വിലാസത്തിലോ വാട്സ്ആപ്പ് നമ്പറിലേക്കോ അയയ്ക്കാവുന്നതും അതോടൊപ്പം പ്രാര്‍ത്ഥനാ ആവശ്യങ്ങളും എഴുതി അറിയിക്കാവുന്നതുമാണ്.

ഒന്‍പതിന് രാവിലെ 7ന് മൂന്നിന്മേല്‍ കുര്‍ബ്ബാന കൊല്ലം ഭദ്രാസനാധിപന്‍ മാത്യൂസ് മോര്‍ തേവോദോസിയോസ്, 10ന് രാവിലെ 7ന് കുര്‍ബ്ബാന അങ്കമാലി മേഖലാധിപന്‍ ഏലിയാസ് മോര്‍ യൂലിയോസ്, 11ന് കരോട്ടെ പള്ളിയില്‍ രാവിലെ 6ന് കുര്‍ബ്ബാന, കത്തീഡ്രലില്‍ 7.30ന് പ്രഭാത നമസ്‌ക്കാരം. 8.30ന് മൂന്നിന്മേല്‍ കുര്‍ബ്ബാന സത്യവിശ്വാസ സംരക്ഷണ സമതി പ്രസിഡന്റ് ഏലിയാസ് മോര്‍ അത്താനാസിയോസ്. 12ന് രാവിലെ 7ന് കുര്‍ബ്ബാന കോഴിക്കോട് ഭദ്രാസനാധിപന്‍ പൗലൂസ് മോര്‍ ഐറേനിയോസ്. 13ന് രാവിലെ 7ന് കുര്‍ബ്ബാന യു.എസ്.എ. ഭദ്രാസനാധിപന്‍ യല്‍ദോ മോര്‍ തീത്തോസ്. സ്ലീബാ പെരുന്നാള്‍ ദിനമായ 14ന് രാവിലെ 7ന് കുര്‍ബ്ബാന തുമ്പമണ്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മോര്‍ മിലിത്തിയോസ്. വൈകിട്ട് 5ന് നടക്കുന്ന സന്ധ്യാ നമസ്‌ക്കാരത്തിനും നടയടയ്ക്കല്‍ ശുശ്രൂഷയ്ക്കും അദ്ദേഹം പ്രധാന കാര്‍മ്മികത്വം വഹിക്കും.

എല്ലാ വിശ്വാസികളും ഉപവാസത്തോടും പ്രാര്‍ഥനയോടും കൂടെ നോമ്പാചരണത്തില്‍ ഭയഭക്തിപൂര്‍വം പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് കത്തീഡ്രല്‍ വികാരി ഇ.ടി. കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പ ഇട്ട്യാടത്ത് അറിയിച്ചു. പെരുന്നാള്‍ ക്രമീകരണങ്ങള്‍ക്ക് കത്തീഡ്രല്‍ സഹവികാരിയും പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററുമായ ആന്‍ഡ്രൂസ് ചിരവത്തറ കോര്‍എപ്പിസ്‌കോപ്പ, ട്രസ്റ്റിമാരായ മാത്യു എം.പി, ബിജു പി. കോര, ആശിഷ് കുര്യന്‍ ജേക്കബ്, സെക്രട്ടറി തോമസ് മാണി എന്നിവര്‍ നേതൃത്വം നല്‍കും

നേര്‍ച്ച-വഴിപാടുകള്‍, പെരുന്നാള്‍ ഓഹരി
സൗത്ത് ഇന്ത്യന്‍ ബാങ്ക്, മണര്‍കാട് ബ്രാഞ്ച്,
അക്കൗണ്ട് നമ്പര്‍ 0641053000000861, ഐ.എഫ.എസ്.സി: എസ്.ഐ.ബി.എല്‍.0000641
ഫെഡറല്‍ ബാങ്ക്, മണര്‍കാട് ബ്രാഞ്ച്,
അക്കൗണ്ട് നമ്പര്‍ 17685600000334, ഐ.എഫ.എസ്.സി: എഫ്.ഡി.ആര്‍.എല്‍.0001768

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, മണര്‍കാട് ബ്രാഞ്ച്,
അക്കൗണ്ട് നമ്പര്‍ 57005529130, ഐ.എഫ.എസ്.സി: എസ്.ബി.ഐ.എന്‍.0070233

Hot Topics

Related Articles