കോട്ടയം : പരസ്പരം ഏറ്റുമുട്ടി വീട്ടിൽ കയറി ആക്രമണം നടത്തിയ പ്രതികൾ അറസ്റ്റില്‍. മുൻ വൈര്യാഗത്തെ തുടർന്ന് പരസ്പരം ഏറ്റുമുട്ടുകയും തുടർന്ന് വീട്ടിൽ കയറി ആക്രമണം നടത്തുകയും ചെയ്ത പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കൈപ്പുഴ കുര്യാറ്റു കുന്നേൽ കോളനിയിൽ കുര്യാറ്റുകുന്നേൽ വീട്ടിൽ ടോമി ചാക്കോയുടെ മക്കളായ അമൽ വർഗീസ് (22), അലൻ വർഗീസ് (18) അതിരമ്പുഴ ശ്രീകണ്ഠമംഗലം മങ്കോട്ടിപ്പറമ്പിൽ വീട്ടിൽ കുഞ്ഞുമോൻ മകൻ വൈശാഖ് (24), കൈപ്പുഴ പുളിങ്കാല ഭാഗത്ത് വഞ്ചിയിൽ വീട്ടിൽ ജോയി മകൻ ഷിജു ജോയി, കൈപ്പുഴ പൂഴിക്കനട ഭാഗത്ത് കുന്നുംപുറത്ത് വീട്ടിൽ ബാബു രാജപ്പൻ മകൻ രഞ്ജിത്ത് ബാബു (25), കൈപ്പുഴ ചൊള്ളക്കരയിൽ വീട്ടിൽ മത്തായി മകൻ ജിതിൻ (24) എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ പരസ്പരം സുഹൃത്തുക്കൾ ആയിരുന്നു. കുറച്ചുനാൾ മുമ്പ് വാഹനം റെന്റിനു എടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതിനെ തുടർന്ന് കഴിഞ്ഞദിവസം രാത്രി കൈപ്പുഴ ശാസ്താംങ്കൽ ഗുരുമന്ദിരം ഭാഗത്തു വച്ച് ഓട്ടോയിൽ വന്ന വൈശാഖിനെയും ഷിജു ജോയിയെയും , അമലും ,അലനും കാണുകയും ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും ചെയ്തു. തുടർന്ന് അമലും അലനും കമ്പി വടി ഉപയോഗിച്ച് ഇവരെ ആക്രമിക്കുകയും ചെയ്തു.അന്ന് രാത്രി 10 മണിയോടുകൂടി വൈശാഖും, ഷിജുവും തങ്ങളുടെ മറ്റു രണ്ടു സുഹൃത്തുക്കളായ രഞ്ജിത്ത് ബാബു, ജിതിൻ എന്നിവരുമായി ചേർന്ന് കുരിയാട് കുന്നേൽ കോളനിയിലുള്ള അമലിന്റെ വീട്ടിൽ അതിക്രമിച്ചു കയറി അമലിന്റെ അമ്മയെ തള്ളിയിടുകയും കയ്യിൽ കരുതിയിരുന്ന കമ്പി വെടികൊണ്ട് അമലിനെ അടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതികളെ എല്ലാവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളില്‍ ഒരാളായ അമലിനു ഗാന്ധിനഗര്‍ സ്റ്റേഷനില്‍ മറ്റൊരു കേസും, വൈശാഖിന് ഏറ്റുമാനൂര്‍ സ്റ്റേഷനിലും കേസുകള്‍ നിലവിലുണ്ട് . ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ഷിജി കെ, എസ്.ഐ മാരായ വിദ്യാ വി, പ്രദീപ് ലാൽ, സി.പി.ഓ സോണി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.