കോട്ടയം: അഴിമതിയ്ക്കെതിരെയാണ് പോരാട്ടമെന്ന് നിരന്തരം പ്രഖ്യാപിക്കുന്ന കോട്ടയം നഗരത്തിലെ പ്രാദേശിക ഓൺലൈൻ മാധ്യമം അനധികൃത ഇടപാടിന് നഗരസഭ അധ്യക്ഷയെയും നഗരസഭ കൗൺസിലിനെയും മറയാകുന്നു. കോട്ടയത്തിന്റെ ഓണാഘോഷമെന്ന പേരിൽ കോട്ടയത്തെ പ്രാദേശിക ഓൺലൈൻ മാധ്യമമായ തേർഡ് ഐ ന്യൂസ് ലൈവ് നടത്തുന്ന പരിപാടിയ്ക്ക് നഗരസഭയുടെ കെ.സി മാമ്മൻമാപ്പിള ഹാൾ സൗജന്യമായി വിട്ടു നൽകണമെന്ന അപേക്ഷയാണ് ഇപ്പോൾ വിവാദമായി മാറിയത്. തേർഡ് ഐ ന്യൂസ് ലൈവ് ചീഫ് എഡിറ്റർ എ.കെ ശ്രീകുമാർ നൽകിയ അപേക്ഷ ആദ്യം നഗരസഭ അധ്യക്ഷയ്ക്കും, പിന്നീട് നഗരസഭ കൗൺസിലിനും നൽകിയിട്ടുണ്ട്.
കോട്ടയം നഗരസഭയിൽ നടക്കുന്ന അഴിമതിയ്ക്കെതിരെ നിരന്തരം തേർഡ് ഐ ന്യൂസ് ലൈവ് വാർത്തകൾ നൽകുന്നുണ്ട്. ഇത്തരത്തിൽ വാർത്തകൾ നൽകിയ ശേഷം തേർഡ് ഐ ന്യൂസ് ലൈവ് എന്ന ഓൺലൈൻ മാധ്യമം നഗരസഭയുടെ ഹാൾ വാടകയില്ലാതെ സൗജന്യമായി ആവശ്യപ്പെടുന്നത് പ്രതിഫലത്തിനു തുല്യമാണ് എന്നാണ് ഒരു വിഭാഗം കൗൺസിലർമാർ ആരോപിക്കുന്നത്. നഗരസഭയ്ക്കെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്നത് നഗരസഭയെ സ്വന്തം കാര്യ സാധ്യത്തിന് വേണ്ടി ഭീഷണിപ്പെടുത്തുന്നതിനാണ് എന്ന ആരോപണമാണ് ഈ കൗൺസിലർമാർ ഉന്നയിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തേർഡ് ഐ ന്യൂസ് ലൈവ് ചീഫ് എഡിറ്റർ നൽകിയ നിവേദനം നഗരസഭ കൗൺസിൽ യോഗം അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിൽ അജണ്ടയിൽ ഉൾപ്പെടുത്തിയത് തന്നെ തെറ്റിധാരണ പടർത്തിയാണ് എന്നാണ് കൗൺസിലർമാർ അവകാശപ്പെടുന്നത്. തേർഡ് ഐ ന്യൂസ് ലൈവ് നൽകിയ വാർത്തയിലും പരസ്യത്തിലും ലക്ഷങ്ങൾ പരസ്യമായും, സ്പോൺസർഷിപ്പായും വാങ്ങിയാണ് പരിപാടി നടത്തുന്നതെന്ന് വ്യക്തമാണ്. ചാരിറ്റി എന്ന ഉദ്ദേശ്യത്തോടെയല്ല, മറിച്ച് ആഘോഷമായി തന്നെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ യാതൊരു വിധത്തിലുള്ള ഫീസ് ഇളവുകളും നൽകേണ്ടതില്ലെന്നാണ് കൗൺസിലർമാർ വാദിക്കുന്നത്.
എന്നാൽ, നഗരസഭയുടെ അജണ്ടയിൽ വിഷയം തെറ്റിധരിപ്പിക്കുന്ന രീതിയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കോട്ടയം നഗരസഭയുമായി ചേർന്നാണ് തേർഡ് ഐ ന്യൂസ് ലൈവ് ഓണാഘോഷം സംഘടിപ്പിക്കുന്നതെന്ന തെറ്റിധാരണാജനകമായ കുറിപ്പാണ് അജണ്ടയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കോട്ടയം നഗരസഭയുമായി സഹകരിച്ചാണ് ഓണാഘോഷം നടത്തുന്നതെന്ന് തേർഡ് ഐ ന്യൂസ് ലൈവ് നൽകിയ വാർത്തയിൽ ഒരിടത്തും പറഞ്ഞിട്ടുമില്ല. ഈ സാഹചര്യത്തിൽ നഗരസഭയെ തെറ്റിധരിപ്പിച്ചും, ഭീഷണിപ്പെടുത്തിയും സൗജന്യമായി സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കാനും, സ്വന്തം കാര്യം കാണാനുമുള്ള ശ്രമമാണ് തേർഡ് ഐ ന്യൂസ് ലൈവ് നടത്തുന്നതെന്ന ആരോപണമാണ് ഒരു വിഭാഗം കൗൺസിലർമാർ ഉയർത്തുന്നത്.
മലയാള മനോരമയും, മാതൃഭൂമിയും അടക്കമുള്ള സ്ഥാപനങ്ങൾക്ക് ഇതുവരെയും പരിപാടികൾക്ക് നഗരസഭയുടെ ഹാൾ സൗജന്യമായി വിട്ടു നൽകിയ ചരിത്രമില്ല. ഈ സാഹചര്യത്തിൽ പ്രാദേശിക സ്വകാര്യ ഓൺലൈൻ പോർട്ടലിന് നഗരസഭ ഹാൾ സൗജന്യമായി വിട്ടു നൽകാനുള്ള നീക്കം പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.